ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ തുടക്കം പാളിയിരിക്കുകയാണ്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍, സാഹചര്യങ്ങളെല്ലാം അനുകൂലമായിരുന്നിട്ടും ടോസിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കായില്ല. പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയുമെല്ലാം പരിഗണിച്ചാണ് നാലു പേരുള്‍പ്പെട്ട പേസ് നിരയെ അണിനിരത്താന്‍ ഇന്ത്യ തീരുമാനിച്ചത്.
ഏക സ്പിന്നറായി രവീന്ദ്ര ജഡേജയെയും ഇറക്കുകയായിരുന്നു. നമ്പര്‍ വണ്‍ ബൗളറായ ആര്‍ അശ്വിനെ പുറത്ത് ഇരുത്തുകയും ചെയ്തു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണ് പേസക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. ഇവരില്‍ ഷമിയും സിറാജും കഴിഞ്ഞ ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയ ശേഷമെത്തിയവര്‍ കൂടിയായിരുന്നു. അതുകൊണ്ടു തന്നെ ഓസീസ് ബാറ്റിങ് നിരയ്ക്കുമേല്‍ ഇരുവരും വലിയ നാശം വിതയ്ക്കുമെന്നു ഇന്ത്യ കണക്കുകൂട്ടുകയും ചെയ്തിരുന്നു.

തുടക്കത്തില്‍ തന്നെ ഉസ്മാന്‍ ഖവാജയെ പുറത്താക്കി സിറാജ് ഇതു ശരിവച്ചെങ്കിലും കളി പുരോഗമിക്കവെ ഇന്ത്യന്‍ പേസ് ബൗളിങിനു മൂര്‍ച്ച കുറഞ്ഞു കൊണ്ടേയിരുന്നു. ലഞ്ച് ബ്രേക്കിനു ശേഷം ആര്‍ക്കോ വേണ്ടി പന്തെറിയുന്നതു പോലെയായിരുന്നു ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം.
വിദേശ പിച്ചുകളില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ എത്ര മാത്രം മിസ്സ് ചെയ്യുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന മല്‍സരങ്ങളില്‍ ബുംറയുടെ അഭാവം ടീമിനെ കാര്യമായി ബാധിച്ചിരുന്നില്ല. പക്ഷെ വിദേശ പിച്ചുകളില്‍ ബുംറയില്ലെങ്കില്‍ ഇന്ത്യന്‍ പേസ് ബൗളിങ് വട്ടപ്പൂജ്യമാണെന്നാണ് ഡബ്ല്യുടിസി ഫൈനലിന്റെ ആദ്യദിനത്തില്‍ പേസര്‍മാരുടെ പ്രകടനം കാണിക്കുന്നത്.
2021ലെ കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ സംഭവിച്ച അതേ പ്രശ്‌നം തന്നെയാണ് ഇത്തവണയും ഇന്ത്യക്കു വിനയായിരിക്കുന്നത്. അന്നു ആദ്യത്തെ ഒരു മണിക്കൂര്‍ വളരെ നന്നായി ബൗള്‍ ചെയ്ത ഇന്ത്യന്‍ പേസര്‍മാര്‍ പിന്നീട് നിരാശപ്പെടുത്തുകയായിരുന്നു. ഇത്തവണ ഓവലില്‍ സംഭവിച്ചിരിക്കുന്നതും ഇതു തന്നെയാണ്. ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ക്കു യാതൊരു തരത്തിലുള്ള വെല്ലുവിളിയും സൃഷ്ടിക്കാന്‍ നാലു പേസര്‍മാരെ കളിപ്പിച്ചിട്ടും ഇന്ത്യക്കു സാധിച്ചില്ല.

നാലു പേസര്‍മാരും ഒരുപോലെ നിരാശപ്പെടുത്തിയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ആശങ്കാജനകമായ കാര്യം. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ പരിചയസമ്പന്നനായ മുഹമ്മദ് ഷമിയായിരുന്നു പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. പക്ഷെ അദ്ദേഹം തന്റെ സ്ഥിരം രീതിയായ എതിര്‍ ബാറ്റര്‍മാരെ ബീറ്റ് ചെയ്യുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. വിക്കറ്റുകളെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ എതിര്‍ ബാറ്ററെ എത്ര തവണ ബീറ്റ് ചെയ്തിട്ടും പ്രപയോജനമില്ലെന്നു ഷമി ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം.
മുഹമ്മദ് സിറാജാവട്ടെ തുടക്കത്തില്‍ വളരെ അഗ്രസീവായി ബൗള്‍ ചെയ്‌തെങ്കിലും പിന്നീട് ഇതേ പ്രകടനം തുടരാന്‍ സാധിച്ചില്ല. ഓവറില്‍ ഒന്നോ, രണ്ടോ മികച്ച ബോളുകളെറിഞ്ഞ് ശേഷിച്ച ബോളുകളില്‍ എതിരാളികളെ അനായാസം റണ്‍സെടുക്കാന്‍ സിറാജ് സഹായിക്കുകയും ചെയ്തു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ എന്തുകൊണ്ടാണ് തന്റെ ബൗളിങ് ശരാശരി 30ന് മുകളില്‍ പോയതെന്നു കൂടി അദ്ദേഹം ഫൈനലില്‍ കാണിച്ചുതന്നു.

മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും മാറ്റിനിര്‍ത്തിയാല്‍ മറ്റു രണ്ടു പേസര്‍മാരായ ശര്‍ദ്ദുല്‍ ടാക്കൂറിനെയും ഉമേഷ് യാദവിനെയും എന്തിനു കളിപ്പിച്ചുവെന്നത് പോലും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. കാരണം അത്രമാത്രം പരിതാപകരമായ ലൈനിലും ലെങ്ത്തിലുമായിരുന്നു ഇരുവരും ബൗള്‍ ചെയ്തത്.
പ്ലെയിങ് ഇലവനില്‍ ശര്‍ദ്ദുലും ഉമേഷും സ്ഥാനം അര്‍ഹിക്കുന്നുണ്ടോയെന്നതു പോലും സംശയമാണ്. ഉമേഷിന്റെ കാര്യമെടുത്താല്‍ വിദേശ പിച്ചുകളില്‍ താന്‍ എത്ര മാത്രം മോശം ബൗളറാണെന്നു അദ്ദേഹം വീണ്ടും കാണിച്ചുതന്നു. ഇന്ത്യന്‍ പിച്ചുകളിലൊഴികെ മറ്റെവിടെയും നന്നായി ബൗള്‍ ചെയ്തിട്ടില്ലെന്ന റെക്കോര്‍ഡുണ്ടായിട്ടും ഉമേഷിനെ എന്തുകൊണ്ട് ഫൈനലില്‍ ഉള്‍പ്പെടുത്തി എന്നതിലാണ് ആശ്ചര്യം.
ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കുകയെന്നതു കൂടി പരിഗണിച്ചാണ് ബൗളിങില്‍ അത്ര ഇംപാക്ടുണ്ടാക്കില്ലെന്നു നേരത്തേ ഉറപ്പായിരുന്നിട്ടും ശര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിച്ചത്. ഇന്ത്യന്‍ ടീമിനായി കളിക്കാന്‍ പോലും തനിക്കു അര്‍ഹതയില്ലെന്നു അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ബൗളിങിനു വേഗതയോ, വൈവിധ്യമോ ഒന്നും തന്നെ കൊണ്ടുവരാന്‍ ശര്‍ദ്ദുലിനായില്ല.
ഓസീസ് ബാറ്റര്‍മാര്‍ ഏറ്റവും അനായാസം റണ്‍സ് വാരിക്കൂട്ടിയതും അദ്ദേഹത്തിനെതിരേയാണ്. 4.2 എന്ന വളരെ മോശം ഇക്കോണമി റേറ്റിലാണ് ശര്‍ദ്ദുല്‍ റണ്‍സ് ദാനം ചെയ്തത്. ഈ ഫൈനലിന്റെ ഫലം എന്തു തന്നെയായാലും വിദേശത്തു ഇനി നടക്കാനിരിക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യന്‍ പേസ് നിര എങ്ങനെ ആയിരിക്കണമെന്നു ഗൗരവമായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.