WTC Final: രോഹിത്തിന് ഇതു യഥാര്‍ഥ 'ടെസ്റ്റ്', ചിലത് തെളിയിക്കണം- പക്ഷെ എളുപ്പമല്ല
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോര് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു ചിലതു തെളിയിക്കാനുള്ള വേദി കൂടിയാണ്. ജൂണ്‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ച് ഇന്ത്യയും ന്യൂസിലാന്‍ഡും കൊമ്പുകോര്‍ക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനു പിന്നാലെ ടെസ്റ്റിലും ഓപ്പണറായ ശേഷം രോഹിത്തിന് തന്റെ മികവ് ലോകത്തിനു മുന്നില്‍ തെളിയിക്കാനുള്ള ഏറ്റവും വലിയ വേദി കൂടിയാണ് ഫൈനല്‍. ടെസ്റ്റില്‍ അരങ്ങേറിയിട്ട് ഏഴു വര്‍ഷം പിന്നിട്ടെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റിനെപ്പോലെ തന്റെ മിടുക്ക് പൂര്‍ണമായി അദ്ദേഹം ഇനിയും പുറത്തെടുത്തിട്ടില്ലെന്നു തന്നെ പറയാം.
മധ്യനിര ബാറ്റ്‌സ്മായിട്ടായിരുന്നു ടെസ്റ്റില്‍ ഹിറ്റ്മാന്റെ തുടക്കം. എന്നാല്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതിരുന്നതോടെ പലപ്പോഴും ടീമിന് അകത്തും പുറത്തുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. ഒടുവില്‍ ഓപ്പണിങിലേക്കു കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രൊമോഷന്‍ ലഭിച്ചതോടെയാണ് രോഹിത്തിന്റെ തലവര മാറിയത്. ഈ അവസരം നന്നായി മുതലെടുത്ത അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ തന്റെ സ്ഥാനം ഭദ്രമാക്കുകയും ചെയ്തു.

വിദേശത്തെ പ്രകടനം
രോഹിത്തിന്റെ ടെസ്റ്റ് കരിയറെടുത്താല്‍ 38 ടെസ്റ്റുകളില്‍ നിന്നും 46.69 ശരാശരിയില്‍ ഏഴു സെഞ്ച്വറികളും 12 ഫിഫ്റ്റികളുമടക്കം നേടിയിട്ടുള്ളത് 2615 റണ്‍സാണ്. എന്നാല്‍ നാട്ടിലെയും വിദേശത്തെയും പ്രകടനം താരതമ്യം ചെയ്താല്‍ നാട്ടിലാണ് ഹിറ്റ്മാന്‍ കൂടുതല്‍ തിളങ്ങിയത്. 38 ടെസ്റ്റുകളില്‍ 18 എണ്ണമാണ് രോഹിത് നാട്ടില്‍ കളിച്ചത്. ഇവയില്‍ 79.52 ശരാശയില്‍ 1670 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. ടെസ്റ്റിലെ ഏഴു സെഞ്ച്വറികളും അദ്ദേഹം കുറിച്ചത് നാട്ടിലായിരുന്നു. വിദേശത്ത് കളിച്ച 20 ടെസ്റ്റുകളില്‍ 27 എന്ന മോശം ശരാശരിയില്‍ 945 റണ്‍സ് മാത്രമേ രോഹിത് നേടിയിട്ടുള്ളൂ. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ഏറ്റവും അവസാനമായി കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന രണ്ടു ടെസ്റ്റുകളിലായിരുന്നു വിദേശത്തു രോഹിത് കളിച്ചത്. ഇവയില്‍ മികച്ച ഫോമില്‍ കാണപ്പെട്ടുവെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. 26, 52, 44, 7 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. പലപ്പോഴും അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. 2018 ജനുവരി മുതല്‍ വിദേശത്തു രോഹിത്തിന്റെ ടെസ്റ്റുകള്‍ നോക്കിയാല്‍ ആറു മല്‍സരങ്ങളില്‍ നിന്നും 28.45 ശരാശരിയില്‍ വെറും 313 റണ്‍സ് മാത്രമേ നേടിയിട്ടുള്ളൂ.

ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് മാത്രം
ഇംഗ്ലണ്ടില്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള പരിചയം കുറവാണെന്നതും രോഹിത്തിന് ഇത്തവണ ഒരു വെല്ലുവിളിയാണ്. ഒരേയൊരു ടെസ്റ്റില്‍ മാത്രമേ അദ്ദേഹം ഇവിടെ ഇറങ്ങിയിട്ടുള്ളൂ. 2014ല്‍ സതാംപ്റ്റണില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്. വീണ്ടും അതേ വേദിയില്‍ തന്നെയാണ് രോഹിത് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുന്നത്.
അന്നു ആദ്യ ഇന്നിങ്‌സില്‍ മോയിന്‍ അലിക്കായിരുന്നു അദ്ദേഹത്തിന്റെ വിക്കറ്റ്. ക്രീസിനു പുറത്തേക്ക് ഇറങ്ങി ഷോട്ടിനു മുതിര്‍ന്ന രോഹിത് മിഡ് ഓഫില്‍ ക്യാച്ച് ചെയ്യപ്പെടുകയായിരുന്നു. രണ്ടാമിന്നിങ്‌സിലാവട്ടെ ഡിഫന്‍സീവ് ഷോട്ടിനു മുതിര്‍ന്ന് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തി.

അഗ്രസീവ് ശൈലി വിനയാവുന്നോ?
അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് രോഹിത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇതു വിജയം കണ്ടെങ്കിലും ടെസ്റ്റില്‍ പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ ക്ലിക്കാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നാട്ടില്‍ കളിച്ച ടെസ്റ്റുകളില്‍ ഓപ്പണറായി രോഹിത്തിന്റെ അഗ്രസീവ് ബാറ്റിങ് ഫലം കണ്ടിരുന്നു. പക്ഷെ വിദേശത്ത് ഈ ശൈലി മുന്‍ മല്‍സരങ്ങളിലെല്ലാം അദ്ദേഹത്തെ വലിയ സ്‌കോറുകള്‍ നേടുന്നതില്‍ നിന്നും തടയുകയാണ് ചെയ്തത്.
മാനസികമായും സാങ്കേതികപരവുമായുള്ള ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ വിദേശത്തു ടെസ്റ്റില്‍ അഗ്രസീവ് ശൈലി കൊണ്ടു രോഹിത്തിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ. നാട്ടിലേതു പോലെ രണ്ടും കല്‍പ്പിച്ച് ആക്രമിക്കുന്നതിനു പകരം കുറേക്കൂടി ചിന്തിച്ച്, ബുദ്ധിപൂര്‍വ്വം ഷോട്ടുകള്‍ കളിക്കാനായിരിക്കണം അദ്ദേഹം ശ്രദ്ധിക്കേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications