Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: രോഹിത്തിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി! അബദ്ധങ്ങള്‍ പലതുണ്ട്, ഇന്ത്യ ഇനി ജയിക്കില്ല

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ വീണ്ടുമൊരു പരാജയ ഭീതിയിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ കലാശക്കളിയില്‍ ആദ്യദിനം തന്നെ ഇന്ത്യ പ്രതിരോധത്തിലായിരിക്കുകയാണ്. ടോസിനു ശേഷം ഓസീസിനെ ബാറ്റിങിനു അയക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം അമ്പെ പാളുകയായിരുന്നു. മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന വമ്പന്‍ സ്‌കോറിലാണ് ഓസീസ് ആദ്യദിനം കളി അവസാനിപ്പിച്ചിരിക്കുന്നത്.

ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കുന്നതിനാല്‍ തന്നെ രണ്ടാംദിനം 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടി വീണ്ടും ബാറ്റിങിനിറങ്ങാതെ തന്നെ ഇന്ത്യയുടെ കഥ കഴിക്കാനായിരിക്കും ഓസീസിന്റെ പ്ലാന്‍. ഇന്ത്യന്‍ ടീമിനെ ഇത്തരമൊരു പരിതാപകരമായ അവസ്ഥയിലേക്കു എത്തിച്ചതിന്റെ പ്രധാന ഉത്തരവാദി നായകന്‍ രോഹിത് ശര്‍മ തന്നെയാണ്. ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യത്തെ ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇറങ്ങിയ അദ്ദേഹം തികഞ്ഞ ദുരന്തമായി തീര്‍ന്നു.

ROHIT SHARMA

ടീം സെലക്ഷനില്‍ മുതല്‍ തന്നെ കളിക്കിടെയും രോഹിത്തിനു അബദ്ധങ്ങള്‍ സംഭവിച്ചിരുന്നു. ഓസ്‌ട്രേലിയയെ സഹായിച്ചതും ഈ പിഴവുകള്‍ തന്നെയാണ്. ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ കാര്യത്തില്‍ പ്രധാനമായും രണ്ടു മണ്ടത്തരങ്ങളാണ് രോഹിത് ശര്‍മ വരുത്തിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്പര്‍ വണ്‍ സ്പിന്നറായ ആര്‍ അശ്വിനെ പുറത്ത് ഇരുത്തിയെന്നതാണ്.

ഏതു പിച്ചിലും ബൗളിങില്‍ വേരിയേഷനുകള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന, വളരെയേറെ അനുഭവസമ്പത്തുള്ള അശ്വിനെ ഇന്ത്യ ആദ്യദിനം ശരിക്കും മിസ്സ് ചെയ്തു. നാലു പേസര്‍മാരും വിക്കറ്റെടുക്കാന്‍ പാടുപെട്ടപ്പോള്‍ രോഹിത്തിനു ആശ്രയിക്കാന്‍ മികച്ചൊരു ബൗളര്‍ ഇല്ലാതെ പോയി. ഇടംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ റെഡ് ബോള്‍ ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡുള്ള ബൗളര്‍ കൂടിയാണ് ആര്‍ അശ്വിന്‍. ഓസ്‌ട്രേലിയയുടെ ടോപ്പ് ഫൈവെടുത്താല്‍ അവിടെ മൂന്നും ഇടംകൈയന്‍ ബാറ്റര്‍മാരാണ്. ഇവിടെയായിരുന്നു അശ്വിനു ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമായിരുന്നത്.

പക്ഷെ അദ്ദേഹത്തെ പുറത്ത് ഇരുത്തിയതോടെ ആരെക്കൊണ്ട് ബൗള്‍ ചെയ്യിക്കണമെന്നറിയാതെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വലഞ്ഞത് ദയനീയ കാഴ്ച തന്നെയായിരുന്നു. അശ്വിനു പകരം ശര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിച്ച ഇന്ത്യയുടെ തീരുമാനം ദയനീയ പരാജയമായി തീര്‍ന്നു. ആദ്യദിനം നാലിനു മുകളില്‍ ഇക്കോണമി റേറ്റില്‍ റണ്‍സ് വാരിക്കോരി നല്‍കിയ അദ്ദേഹത്തിനു ഒരേയൊരു വിക്കറ്റ് മാത്രമേ വീഴ്ത്താനായുള്ളൂ.

ASHWIN

ടീം സെലക്ഷനില്‍ രോഹിത് ശര്‍മയുടെ ഭാഗത്തു നിന്നും സംഭവിച്ച മറ്റൊരു പിഴവ് ഉമേഷ് യാദവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതായിരുന്നു. ഇന്ത്യക്കു പുറത്ത് റെഡ്‌ബോള്‍ ക്രിക്കറ്റില്‍ നേരത്തേ മികച്ച പ്രകടനം നടത്തിയിട്ടുള്ള ബൗളറല്ല അദ്ദേഹം. അതുകൊണ്ടു തന്നെ ഫൈനലില്‍ ഉമേഷിനെ ഇറക്കിയത് പിഴവ് തന്നെയാണ്.

അദ്ദേഹത്തിനു പകരം കൂടുതല്‍ മെച്ചപ്പെട്ട ഓപ്ഷന്‍ പേസര്‍ ജയദേവ് ഉനാട്കട്ടായിരുന്നു. ബോളിന്‍മേല്‍ കൂടുതല്‍ നിയന്ത്രണവും വൈവിധ്യവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ട് തന്നെ ഉമേഷിനെ തഴഞ്ഞ് ഉനാട്കട്ടിനെ ഇന്ത്യക്കു പരീക്ഷിക്കാമായിരുന്നു. പിന്നീട് ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിനിടെയും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ തീര്‍ത്തും നിരാശപ്പെടുത്തി.

ലഞ്ച് ബ്രേക്കിനു ശേഷം ട്രാവിസ് ഹെഡ്- സ്റ്റീവ് സ്മിത്ത് ജോടി ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിക്കവെ രോഹിത് പലപ്പോഴും ചിത്രത്തില്‍ പോലുമില്ലായിരുന്നു. തന്റെ ബൗളര്‍മാരെയോ, ടീമംഗങ്ങളെയോ പ്രചോദിപ്പിക്കാനോ, കളിയിലേക്കു തിരികെ കൊണ്ടുവരാനോയുള്ള യാതൊരു ശ്രമവും രോഹിത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

പകരം തല താഴ്ത്തി, തോല്‍വിയുറപ്പിച്ച ഒരു നായകന്റെ മുഖഭാവവും ശരീരഭാഷയുമായിരുന്നു രോഹിത്തിന്റേത്. ക്യാപ്റ്റനായ അദ്ദേഹം തന്നെ സ്വയം തോല്‍വിയുറപ്പിച്ചതു പോലെ കളിക്കളത്തില്‍ പെരുമാറുമ്പോള്‍ ടീമംഗങ്ങളില്‍ നിന്നും കൂടുതലായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതോടെ ഓസീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയും ചെയ്തു.

Story first published: Wednesday, June 7, 2023, 23:12 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+