Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: 'തലയുടെ' വിളയാട്ടം! ആദ്യദിനം പതറി ഇന്ത്യ, ഓസീസ് ആധിപത്യം

ഓവല്‍: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം ടീം ഇന്ത്യക്കു തിരിച്ചടി. ഓസ്‌ട്രേലിയയുടെ ബാറ്റിങ് കരുത്തിനു മുന്നില്‍ രോഹിത് ശര്‍മയും സംഘവും ബാക്ക്ഫൂട്ടിലായിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസീസ് ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന ശക്തയമായ നിലയിലാണ്.

കിടിലന്‍ സെഞ്ച്വറിയോടെ ട്രാവിസ് ഹെഡും (146) സെഞ്ച്വറിക്കരികെ സ്റ്റീവ് സ്മിത്തുമാണ് (95) ക്രീസിലുള്ളത്. അപരാജിതമായ നാലാം വികക്കറ്റില്‍ ഈ സഖ്യം 370 ബോളില്‍ 251 റണ്‍സാണ് വാരിക്കൂട്ടിയത്. 156 ബോളില്‍ 22 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ഹെഡിന്റെ ഇന്നിങ്‌സ്. സ്മിത്ത് 227 ബോളില്‍ 14 ഫോറുകളടിച്ചു. ടീം സ്‌കോര്‍ 76ല്‍ നില്‍ക്കെ ക്രീസില്‍ ഒന്നിച്ച ഹെഡ്-സ്മിത്ത് സഖ്യമാണ് മല്‍സരം ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തത്.

TRAVIS HEAD

അറ്റാക്കിങ് ക്രിക്കറ്റ് കാഴ്ചവച്ച ഹെഡിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്കു മേല്‍ ആധിപത്യം നേടാന്‍ ഓസ്‌ട്രേലിയയെ സഹായിച്ചത്. ഡബ്ല്യുടിസി ഫൈനലില്‍ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന വമ്പന്‍ റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. ഇന്ത്യക്കായി നേരത്തേ റിഷഭ് പന്ത് കളിച്ചിട്ടുള്ളതിനു സമാനമായ കൗണ്ടര്‍ അറ്റാക്കിങ് ഇന്നിങ്‌സായിരുന്നു ഓസീസിന്റെ 'തല' കാഴ്ചവച്ചത്.

ഉസ്മാന്‍ ഖവാജ (0), ഡേവിഡ് വാര്‍ണര്‍ (43), മാര്‍നസ് ലബ്യുഷെയ്ന്‍ (26) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്കു നഷ്ടമായത്. ലഞ്ച് ബ്രേക്കിനു മുമ്പ് രണ്ടു വിക്കറ്റുകളെടുത്ത ഇന്ത്യക്കു അതിനു ശേഷം വീഴ്ത്താനായത് ഒരേയൊരു വിക്കററ്റ് മാത്രമാണ്. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ ഓരോവി വിക്കറ്റ് വീതമെടുത്തു. നാലു പേസര്‍മാരെ പരീക്ഷിച്ചിട്ടും ഓസീസ് ബാറ്റിങ് നിരയ്ക്കു യാതൊരു വെല്ലുവിളിയും സൃഷ്ടിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. മാത്രമല്ല എല്ലാവരും നന്നായി റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.

മൂടിക്കെട്ടിയ കാലാവസ്ഥയില്‍ ബൗളിങ് തിരഞ്ഞെടുത്ത തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ഇന്ത്യയുടെ തുടക്കം. ഓസീസ് ഓപ്പണിണ് ജോടികളായ വാര്‍ണറും ഖവാജയും ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തിനെതിരേ റണ്‍സെടുക്കാന്‍ നന്നായി വിഷമിച്ചു. നാലാം ഓവറില്‍ ഖവാജയെ മടക്കി സിറാജ് ഇന്ത്യക്കു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നല്‍കുകയും ചെയ്തു. സിറാജിന്റെ ബോളില്‍ എഡ്ജായ ഖവാജയെ വിക്കറ്റ് കീപ്പര്‍ ഭരത് പിടികൂടുകയായിരുന്നു.

SMITH- HEAD

പിന്നീട് മൂടിക്കെട്ടിയ കാലാവസ്ഥ മാറി മാനം തെളിഞ്ഞതോടെ ഓസ്‌ട്രേലിയക്കു ബാറ്റിങ് കുറേക്കൂടി എളുപ്പമായി തീര്‍ന്നു. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- ലബ്യുഷെയ്ന്‍ ജോടി 69 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഈ സഖ്യം കരുത്താര്‍ജിക്കവെ ശര്‍ദ്ദുല്‍ ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. 60 ബോളില്‍ എട്ടു ഫോറോടെ 43 റണ്‍സെടുത്ത വാര്‍ണറെ ഭരത് തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി. രണ്ടു വിക്കറ്റിനു 73 റണ്‍സെന്ന നിലയിലാണ് ഓസീസ് ലഞ്ച് ബ്രേക്കിനു പിരിഞ്ഞത്.

കളി പുനരാരംഭിച്ച് തൊട്ടുപിന്നാലെ അപകടകാരിയായ ലബ്യുഷെയ്‌നെ ബൗള്‍ഡാക്കി ഷമി ഇന്ത്യക്കു മുന്‍തൂക്കം നല്‍കി. ഇതോടെ ഓസീസിന് മൂന്നിന് 76 റണ്‍സെന്ന നിലയിലായി. ഇന്ത്യ പിടിമുറുക്കവെയാണ് ഹെഡ് ക്രീസിലെത്തിയത്. തുടക്കം മുതല്‍ ആഞ്ഞടിച്ച അദ്ദേഹം ഇന്ത്യന്‍ ബൗളര്‍മാരുടെ മനോവീര്യം തല്ലിത്തകര്‍ത്തു.

SIRAJ INDIA

സ്മിത്തിനെ ക്രീസിന്റെ മറുവശത്തു കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് ഹെഡ് അതിവേഗം റണ്‍സ് വാരിക്കൂട്ടിയത്. അവസാനത്തെ സെഷനിലായിരുന്നു ഹെഡ് തന്റെ ആറാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 106 ബോളുകള്‍ മാത്രമേ ഇതിനായി അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. ഒരു സ്പിന്നറെ മാത്രം ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിച്ചത്. രവീന്ദ്ര ജഡേജയ്ക്കു ഏക സ്പിന്നറായി നറുക്കുവീണപ്പോള്‍ ആര്‍ അശ്വിന്‍ തഴയപ്പെട്ടു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ് എന്നിവര്‍ പേസ് ബൗളിങിലും കൈകാര്യം ചെയ്തു.

ടെസ്റ്റില്‍ കന്നി ലോക കിരീടമാണ് ഇന്ത്യയും ഓസ്‌ട്രേലിയയും സ്വപ്‌നം കാണുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇതു തുടര്‍ച്ചയായ രണ്ടാമത്തെ ഡബ്ല്യടുടിസി ഫൈനല്‍ കൂടിയാണിത്. 2019-21ലെ പ്രഥമ എഡിഷനിലെയും ഫൈനലിസ്റ്റുകളായിരുന്നു ഇന്ത്യ. അന്നു ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ കിരീടം അടിയറ വയ്ക്കുകയായിരുന്നു. വിരാട് കോലി നയിച്ച ഇന്ത്യയെ എട്ടു വിക്കറ്റിനായിരുന്നു കെയ്ന്‍ വില്ല്യംസണിന്റെ കിവികള്‍ തകര്‍ത്തത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലെസ്‌ക് കറേ (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളന്‍ഡ്, നതാന്‍ ലയണ്‍.

Story first published: Wednesday, June 7, 2023, 7:17 [IST]
Other articles published on Jun 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+