
രോഹിത്, ലാതം
ഓപ്പണര്‍മാരായി ഇന്ത്യയുടെ രോഹിത് ശര്‍മയും ടോം ലാതവുമായിരിക്കു ഇറങ്ങുക. 2019ല്‍ ടെസ്റ്റില്‍ ഓപ്പണറായി പ്രൊമോഷന്‍ ലഭിച്ച ശേഷം മികച്ച പ്രകടനമാണ് രോഹിത് നടത്തിക്കൊണ്ടിരിക്കുന്നത്. 64.38 ശരാശരിയില്‍ ഒരു ഡബിള്‍ സെഞ്ച്വറിയടക്കം 1030 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. അവസാനമായി രോഹിത് വിദേശത്തു കളിച്ചത് ഓസീസ് പര്യടനത്തിലായിരുന്നു. മോശമല്ലാത്ത പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.
ലാതമാവട്ടെ ലോക ചാംപ്യന്‍ഷിപ്പില്‍ കിവീസിനു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരമാണ്. ഇടംകൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹത്തിന് 95 ഇന്നിങ്‌സുകളില്‍ നിന്നും 42.86 എന്ന മികച്ച ശരാശരിയുണ്ട്.

വില്ല്യംസണ്‍ (ക്യാപ്റ്റന്‍), കോലി
മൂന്നാം നമ്പറില്‍ കിവീസ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ കളിക്കും. സംയുക്ത ഇലവനെ നയിക്കുന്നതും അദ്ദേഹമായിരിക്കും. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ കിവീസിന്റെ ടോപ്‌സ്‌കോറര്‍ കൂടിയാണ് വില്ല്യംസണ്‍. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 58.35 ശരാശരിയില്‍ 817 റണ്‍സാണ് സമ്പാദ്യം.
നാലാം നമ്പറില്‍ ഇറങ്ങുക ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയായിരിക്കും. 2019 നവംബറിനു ശേഷം ഒരു ഫോര്‍മാറ്റിലും മൂന്നക്കം കടന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. ലോക ചാംപ്യന്‍ഷിപ്പില്‍ 43.85 ശരാശരിയില്‍ കോലി നേടിയത് 877 റണ്‍സാണ്.

രഹാനെ, റിഷഭ്
അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇറങ്ങുന്നത് ഇന്ത്യന്‍ താരങ്ങളായ അജിങ്ക്യ രഹാനെയും റിഷഭ് പന്തുമായിരിക്കും. ഇലവന്റെ വിക്കറ്റ് കീപ്പറും റിഷഭാണ്. നിലവില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സെടുത്തത് വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെയാണ്. 43.80 ശരാശരിയില്‍ 1095 റണ്‍സുമായാണ് രഹാനെ തലപ്പത്ത് നില്‍ക്കുന്നത്. മൂന്നു സെഞ്ച്വറികളുള്‍പ്പെടെയാണിത്. ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയില്ലെങ്കിലും വിദേശ പിച്ചുകളില്‍ രഹാനെ എക്കാലത്തും ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിച്ചിട്ടുണ്ട്.
കിവീസ് വിക്കറ്റ് കീപ്പര്‍ ബിജെ വാട്‌ലിങിനേക്കാള്‍ എന്തുകൊണ്ടും മുകളിലാണ് റിഷഭ്. ഓസീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ ടെസ്റ്റുകളില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ക്കൊപ്പം വിക്കറ്റ് കീപ്പിങിലും അദ്ദേഹം തിളങ്ങിയിരുന്നു. ഈ പ്രകടനത്തോടെ എല്ലാ ഫോര്‍മാറ്റിലും റിഷഭ് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജഡേജ, അശ്വിന്‍
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരായിരിക്കും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ കളിക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ജഡേജ ന്യൂസിലാന്‍ഡിന്റെ കോളിന്‍ ഡി ഗ്രാന്‍ഡോം, ഡാരില്‍ മിച്ചെല്‍ എന്നിവരെ മറികടന്നാണ് ഇലവനിലേക്കു വന്നത്.
ബൗളിങ്, ബാറ്റിങ് എന്നിവയ്‌ക്കൊപ്പം ഫീല്‍ഡിങിലും നിര്‍ണായക പ്രകടനം നടത്തി മല്‍സരഗതി മാറ്റാന്‍ ജഡ്ഡുവിനു സാധിക്കും. ലോക ചാംപ്യന്‍ഷിപ്പില്‍ ബാറ്റിങില്‍ 58.62 എന്ന മികച്ച ശരാശരിയാണ് അദ്ദേഹത്തിനുള്ളത്.
അശ്വിന്റെ കാര്യമെടുത്താല്‍ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറാണ്. 67 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ അശ്വിന്‍ സെഞ്ച്വറിയും നേടിയിരുന്നു.

ജാമിസണ്‍, ബുംറ, ബോള്‍ട്ട്
പേസ് ബൗളിങിലേക്കു വന്നാല്‍ ഇലവനില്‍ മുന്‍തൂക്കം ന്യൂസിലാന്‍ഡിനാണ്. കൈല്‍ ജാമിസണ്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ ഇലവനിലെത്തും. മൂന്നാം പേസര്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയായിരിക്കും. കിവീസിന്റെ ഉയരക്കാരനായ പേസര്‍ ജാമിസണിന്റെ ടെസ്റ്റ് കരിയര്‍ തുടക്കം ഗംഭീരമാണ്. ആറു ടെസ്റ്റുകളില്‍ നിന്നും 36 വിക്കറ്റുകള്‍ താരം പിഴുതിട്ടുണ്ട്. ബാറ്റിങിലും നിര്‍ണായക സംഭാവന നല്‍കാന്‍ ജാമിസണിനു കഴിയും.
ഇന്ത്യന്‍ പേസാക്രമണത്തിന്റെ കുന്തമുനയായ ബുംറ ഏതു പിച്ചിലും തിളങ്ങാന്‍ ശേഷിയുള്ള ബൗളറാണ്. 19 ടെസ്റ്റുകളില്‍ നിന്നും 83 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ന്യൂ ബോള്‍ സ്വിങ് ചെയ്യിക്കുന്നതിനൊപ്പം പഴയ ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യിക്കാനും പേസര്‍ക്കാവും.
ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് മികച്ച സ്വിങ് ബൗളിങിലൂടെ എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കാന്‍ ശേഷിയുള്ള ബൗളറാണ്. അതുകൊണ്ടു തന്നെയാണ് മുഹമ്മദ് ഷമി, ടിം സോത്തി, നീല്‍ വാഗ്നര്‍, ഇഷാന്ത് ശര്‍മ എന്നിവരെ പിന്തള്ളി ബോള്‍ട്ട് ഇലവനില്‍ ഇടംപിടിച്ചത്.


Click it and Unblock the Notifications