ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായി പുരോഗമിക്കവെ ഇന്ത്യക്ക് മുന്നിലുള്ള വലിയ തലവേദന വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ്. റിഷഭ് പന്തിന് പകരക്കാരനായി ഇന്ത്യ പരിഗണിക്കുന്ന കെ എസ് ഭരത്തിന് തിളങ്ങാന്‍ സാധിക്കുന്നില്ല. ബാറ്റിങ്ങിലും കീപ്പിങ്ങിലും താരം ഫ്‌ളോപ്പാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഭരത്തുമായി മുന്നോട്ടുപോവുക പ്രയാസമായിരിക്കുകയാണ്.
റിഷഭ് പന്ത് വരാന്‍ എന്തായാലും വൈകിയേക്കും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വിക്കറ്റ് കീപ്പറെ അത്യാവശ്യമാണ്. ഭരത്തുമായി മുന്നോട്ട് പോകുന്നത് അതിസാഹസവുമാണ്. അതുകൊണ്ട് തന്നെ ഇൗ പ്രശ്‌നത്തിന് പരിഹാരം കാണുക ഇന്ത്യക്ക് എളുപ്പമാവില്ല. മൂന്ന് വഴികളാണ് നിലവിലെ വിക്കറ്റ് കീപ്പര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യക്ക് മുന്നിലുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ വഴി ഭരത്തിനെ ഒഴിവാക്കി പകരം ഇഷാന്‍ കിഷനെ പരിഗണിക്കുകയെന്നതാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. മധ്യനിരയില്‍ കളിക്കുകയെന്നത് ഇഷാനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ഇഷാനെ പരിഗണിക്കാതെ ഇന്ത്യക്ക് മറ്റ് വഴികളില്ല. റിഷഭിന്റെ അതേ ഇംപാക്ട് സൃഷ്ടിക്കാന്‍ പ്രതിഭയുള്ള താരമാണ് ഇഷാന്‍. ടെസ്റ്റിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന വേറെയും ആഭ്യന്തര കീപ്പര്‍മാരുണ്ട്.
എന്നാല്‍ ഇവരെയൊന്നും പരിഗണിക്കാന്‍ ഇപ്പോള്‍ ബിസിസി ഐ തയ്യാറായേക്കില്ല. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ഇഷാന് അരങ്ങേറ്റത്തിന് അവസരം നല്‍കാനാണ് സാധ്യത. ഇഷാന്റെ സ്ഥിരതയില്ലായ്മ വെല്ലുവിളിയാവുമ്പോഴും ഒരു പരീക്ഷണം നടത്തുന്നത് നല്ലതാണ്. സഞ്ജു സാംസണെ ഇന്ത്യ പരിമിത ഓവറിലേക്ക് പോലും കാര്യമായി പരിഗണിക്കാത്ത സാഹചര്യത്തില്‍ ടെസ്റ്റില്‍ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്.
രണ്ടാമതായുള്ള വഴി ഭരത്തിന്റെ ബാറ്റിങ് ഓഡര്‍ മാറ്റുകയെന്നതാണ്. മധ്യനിരയില്‍ ശോഭിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. വിക്കറ്റിന് പിന്നില്‍ പിഴവുകളുണ്ടെങ്കിലും തരക്കേടില്ലാത്ത പ്രകടനം താരം കാഴ്ചവെക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ടോപ് ഓഡറിലേക്ക് ഭരത്തിനെ പരീക്ഷിക്കാവുന്നതാണ്. മൂന്നാം നമ്പറില്‍ ഭരത്തിനെ കളിപ്പിക്കാവുന്നതാണ്. ടീമില്‍ നിന്ന് തഴയുന്നതിന് മുമ്പ് ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്തി ഒരവസരം കൂടി ഭരത്തിന് നല്‍കാനുള്ള സാധ്യതയുണ്ട്.

പക്ഷെ മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര തുടരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറാവുമോയെന്നത് സംശയമാണ്. ഭരത്തിനെ ഒഴിവാക്കാനുള്ള നടപടികളാവും ഇന്ത്യ സ്വീകരിക്കാന്‍ സാധ്യത കൂടുതല്‍. മൂന്നാമത്തെ കാര്യം കെ എല്‍ രാഹുലിനെ വേഗത്തില്‍ തിരിച്ചെത്തിക്കുകയാണ്. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള രാഹുലിനെ തിരികെയെത്തിച്ചാല്‍ അദ്ദേഹത്തെ വിക്കറ്റ് കീപ്പറാക്കാം. രാഹുലിനെ മധ്യനിരയിലോ ടോപ് ഓഡറിലോ എവിടെ വേണമെങ്കിലും കളിപ്പിക്കാനാവും.
ഈ മാറ്റം ഇന്ത്യ പരീക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാല്‍ രാഹുല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ വലിയ മികവുള്ള താരമല്ല. പാര്‍ട്ട് ടൈം കീപ്പറാക്കുന്നതിലപ്പുറം രാഹുലിനെ പരിഗണിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. എന്നാല്‍ റിഷഭ് മടങ്ങിവരുന്നതിന് മുമ്പ് ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ ഇതിലേതെങ്കിലുമൊരു വഴി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം.