Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC FINAL: ഇതാദ്യമായി സംഭവിക്കുന്നതല്ല! പക്ഷെ ഇന്ത്യക്ക് ഒരു തെറ്റുപറ്റി- ചൂണ്ടിക്കാട്ടി ഗാംഗുലി

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയക്ക് വലിയ മുന്‍തൂക്കം അവകാശപ്പെടാനാവും. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 327 റണ്‍സാണ് ഓസീസ് അക്കൗണ്ടിലാക്കിയത്. ട്രവിസ് ഹെഡ് (146*), സ്റ്റീവ് സ്മിത്ത് (95*) എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് അടിത്തറ പാകിയത്. അതിവേഗം റണ്‍സുയര്‍ത്തിയ ഹെഡ് 156 പന്തില്‍ 22 ഫോറും 1 സിക്‌സും പറത്തി. നിലയുറപ്പിച്ച് കളിച്ച സ്മിത്ത് 227 പന്ത് നേരിട്ട് 14 ബൗണ്ടറികളുമായാണ് ക്രീസില്‍ തുടരുന്നത്.

ഡേവിഡ് വാര്‍ണര്‍ (43), ഉസ്മാന്‍ ഖ്വാജ (0), മാര്‍നസ് ലബ്യുഷെയ്ന്‍ (26) എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ആദ്യ ദിനം ഓസീസ് കരുത്തോടെ നിലയുറപ്പിച്ചതിനാല്‍ ഇന്ത്യ തോല്‍ക്കുമെന്ന അഭിപ്രായമാണ് പലരും ഉയര്‍ത്തുന്നത്. ഇപ്പോഴിതാ ഇന്ത്യക്ക് സംഭവിച്ച പിഴവിനെക്കുറിച്ചും ഓസീസിന്റെ പ്രകടനത്തെക്കുറിച്ചും വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി.

sourav ganguly

'ഇന്ത്യക്ക് ടോസ് ലഭിക്കുന്നതിന് പകരമായി ഓസ്‌ട്രേലിയക്ക് ടോസ് ലഭിക്കുകയും പാറ്റ് കമ്മിന്‍സ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്താല്‍ ഇന്ത്യ ഇതേ സാഹചര്യത്തിലേക്കെത്താന്‍ സാധ്യതയുണ്ട്. ഒരു മത്സരത്തിന്റെ ആദ്യ ദിനം രണ്ട് വിക്കറ്റ് വീണ ശേഷം ഒരു ടീം 300ലധികം റണ്‍സ് നേടുന്നത് ഇതാദ്യമായല്ല. ഇതിന്റെ എല്ലാ അഭിനന്ദനങ്ങളും സ്റ്റീവ് സ്മിത്തും ട്രവിസ് ഹെഡും അര്‍ഹിക്കുന്നു.

രണ്ട് പേരും തികച്ചും വ്യത്യസ്തമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിലെ സാഹചര്യത്തിനോടടുനസരിച്ചുള്ള ബാറ്റിങ്ങാണ് സ്മിത്ത് കാഴ്ചവെച്ചത്. ഹെഡ് തന്റെ ശൈലിയിലും കളിച്ചു. എല്ലാ സാഹചര്യത്തിലും അവന്‍ പോസിറ്റീവായി കളിക്കുന്നു'- ഗാംഗുലി പറഞ്ഞു. സ്മിത്ത് ബൗളര്‍മാരെ ബഹുമാനിച്ച് ശ്രദ്ധയോടെ മുന്നോട്ട് പോയപ്പോള്‍ ഹെഡ് ബൗളര്‍മാര്‍ക്ക് മുകളില്‍ സര്‍വാധിപത്യമാണ് കാട്ടിയത്. ബൗളര്‍മാരെ മാനസികമായി തളര്‍ത്താന്‍ ഹെഡിന് സാധിച്ചു.

ഓസീസ് ബാറ്റിങ് നിരയുടെ പ്രകടനം ഗംഭീരമായപ്പോള്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ നിറം മങ്ങി. അക്കൗണ്ട് തുറക്കും മുമ്പെ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കിയിട്ടും ഈ തുടക്കം മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയി. ഇതാണ് തിരിച്ചടിയായതെന്നാണ് ഗാംഗുലി ചൂണ്ടിക്കാട്ടിയത്. 'ഇന്ത്യ നന്നായി പന്തെറിഞ്ഞില്ലെന്ന് വേണമെങ്കില്‍ നമുക്ക് പറയാം. അതാണ് സത്യം.

76 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും ഹെഡ് അനായാസം റണ്‍സുയര്‍ത്തി. ഇതില്‍ ഹെഡിന്റെ പ്രകടനത്തെയാണ് പ്രശംസിക്കേണ്ടത്. സ്മിത്തും ഹെഡും ലോകോത്തര ബാറ്റ്‌സ്മാന്‍മാരാണ്. പ്രധാനമായും സ്മിത്ത്. സമ്മര്‍ദ്ദ സാഹചര്യത്തെ നേരിടാന്‍ മിടുക്കനാണ്. മത്സരം തുടങ്ങുമ്പോള്‍ പിച്ചിലുള്ള സാഹചര്യമല്ല പിന്നീടങ്ങോട്ട് മത്സരം പുരോഗമിക്കുമ്പോഴുള്ളത്. അതാണ് പ്രശ്‌നമായത്'- ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

tim david, steve smith

ഇന്ത്യയുടെ ബൗളര്‍മാര്‍ തുടക്കതിലേകാട്ടിയ മിടുക്ക് പിന്നീട് ആവര്‍ത്തിക്കാനാവാതെ പോയി. പ്രധാനമായും പേസര്‍മാരായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും. രണ്ട് പേരും സൂപ്പര്‍ പേസര്‍മാരാണ്. എന്നാല്‍ ഹെഡ് റണ്‍സുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ റണ്ണൊഴുക്കിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയി. രണ്ടാം ദിനം ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവുമെന്നുറപ്പ്.

സ്പിന്നറെന്ന നിലയില്‍ രവീന്ദ്ര ജഡേജക്ക് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. ആര്‍ അശ്വിന്‍ ഇന്ത്യയുടെ പ്ലേയിങ് 11ലില്ല. അതുകൊണ്ട് തന്നെ ജഡേജയുടെ പ്രകടനത്തിലാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ ഒന്നാം ദിനം കാര്യമായി മികവ് കാട്ടാന്‍ താരത്തിനായില്ല. രണ്ടാം ദിനം ജഡേജയും അവസരത്തിനൊത്ത് ഉയരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാം ദിനത്തിലെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Thursday, June 8, 2023, 14:17 [IST]
Other articles published on Jun 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+