Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: തോറ്റു മടുത്തു! ഇന്ത്യ നാല് കാര്യങ്ങളില്‍ ധോണിയെ മാതൃകയാക്കണം! കപ്പുറപ്പാണ്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തലകുനിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ കാലിടറിയത് വലിയ നിരാശ സൃഷ്ടിക്കുകയാണ്. 10 വര്‍ഷത്തിനിടെ ഒരു തവണ പോലും ഐസിസി കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. ഈ വര്‍ഷം ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ആശങ്കകളേറെയാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം മികച്ച നായകന്മാരാണെങ്കിലും കിരീടത്തിലേക്കെത്താനാവുന്നില്ല.

2013ല്‍ എംഎസ് ധോണി നായകനായിരിക്കെ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ഇന്ത്യയുടെ അവസാനത്തെ ഐസിസി ട്രോഫി. അതിന് ശേഷം കളിച്ച ഐസിസി ടൂര്‍ണമെന്റുകളില്‍ നാല് തവണ ഫൈനല്‍ കളിക്കാനായെങ്കിലും ഒന്നില്‍ പോലും കപ്പിലേക്കെത്താനുള്ള ഭാഗ്യം ഇന്ത്യക്കുണ്ടായില്ല. ഇപ്പോഴിതാ ഇന്ത്യയുടെ ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പുനീളവെ എംഎസ് ധോണി വീണ്ടും ട്രന്റിങ്ങാവുകയാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്താണ് അദ്ദേഹം പടിയിറങ്ങിയത്.

rohit sharma, ms dhoni

ഇന്ത്യ ഐസിസി ട്രോഫികള്‍ തുടര്‍ച്ചയായി കപ്പിലേക്കെത്താനാവാതെ പതറുമ്പോള്‍ മുന്‍ നായകന്‍ എംഎസ് ധോണിയില്‍ നിന്ന് മാതൃകയാക്കേണ്ട നാല് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ധോണിയുടെ പദ്ധതികളാണ്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുന്ന വ്യക്തമായ പദ്ധതികളും ഓരോ ബാറ്റ്‌സ്മാന് അനുസരിച്ചുള്ള ബൗളിങ് തന്ത്രവും ഫീല്‍ഡിങ് വിന്യാസവും ധോണിക്ക് കൃത്യമായി അറിയാം.

എന്നാല്‍ ഇന്നത്തെ നായകന്മാര്‍ക്ക് ഇത്തരമൊരു പദ്ധതിയില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ പദ്ധതിയെന്തായിരുന്നുവെന്ന് പരിശീലകനും ക്യാപ്റ്റനും പോലും അറിയില്ലെന്നതാണ് വസ്തുത. രോഹിത് ശര്‍മ മൈതാനത്ത് ഒന്നും ചെയ്യാനില്ലാതെ കാഴ്ചക്കാരനായി ഒതുങ്ങുന്നു. ഓരോ ബാറ്റ്‌സ്മാനെതിരേയും എങ്ങനെയാണ് പദ്ധതി മെനയേണ്ടതെന്നും ഫീല്‍ഡിങ് വിന്യസിക്കേണ്ടതെന്നും ധോണിയെ കണ്ട് ഇന്ത്യ പഠിക്കേണ്ടതായുണ്ട്.

അടുത്ത കാര്യം ധോണിയുടെ ആത്മവിശ്വാസവും ടീമിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുമാണ്. അവസാന നിമിഷംവരെ തോല്‍വി സമ്മതിക്കാതെ പൊരുതിനോല്‍ക്കുന്ന മനോഭാവമാണ് ധോണിയുടേത്. എന്നാല്‍ ഇന്നത്തെ പല ഇന്ത്യന്‍ നായകന്മാരിലും താരങ്ങളിലും ഈ പോരാട്ട വീര്യം കാണാനാവില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് പൂര്‍ത്തിയായപ്പോള്‍ തന്നെ ഇന്ത്യ തോറ്റ അവസ്ഥയിലായിരുന്നു.

virat kohli, rohit sharma

ജയിക്കാനുള്ളവരുടെ മനോഭാവം ഒരു സമയത്തും ഇന്ത്യ കാട്ടിയില്ല. എന്നാല്‍ തോറ്റ മത്സരങ്ങളില്‍ പോലും എംഎസ് ധോണിയുടെ പോരാട്ടവീര്യം ആരാധകര്‍ക്ക് സംതൃപ്തി നല്‍കുന്നതാണ്. പക്ഷെ ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം യാതൊരു തരത്തിലും പ്രതീക്ഷ നല്‍കുന്നതല്ല. ഓരോ ഐസിസി ടൂര്‍ണമെന്റിന് ശേഷവും നിരാശമാത്രമാണ് ബാക്കിയാവുന്നത്. ഇന്ത്യ ധോണിയുടെ പോരാട്ടവീര്യവും മാതൃകയാക്കണം.

ധോണിയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പും എടുത്തു പറയേണ്ടതാണ്. ടീമിന് എന്താണ് ആവിശ്യമെന്ന വ്യക്തമാ ബോധ്യത്തോടെയാവണം ഇന്ത്യ പ്ലേയിങ് 11 തിരഞ്ഞെടുക്കേണ്ടത്. സമീപകാലത്തെ ഇന്ത്യയുടെ തോല്‍വികളില്‍ മോശം പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പ്രധാന കാരണമായി മാറിയിട്ടുണ്ട്. പിച്ചിനനുസരിച്ച് തന്റെ പ്ലേയിങ് 11 തീരുമാനിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ നായകന്മാര്‍ക്ക് ഇതിന് സാധിക്കുന്നില്ല.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ പാളിച്ചയുണ്ടായിരുന്നു. ഒന്നാം നമ്പര്‍ സ്പിന്നറായ ആര്‍ അശ്വിന്‍ പുറത്തിരുന്നതും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കെ എസ് ഭരത്തിനെപ്പോലൊരു താരത്തെ ഓവലില്‍ കളിപ്പിക്കുന്നതുമെല്ലാം ഇന്ത്യയുടെ ബുദ്ധിശൂന്യതയാണ്. എന്നാല്‍ ധോണിക്ക് തന്റെ ടീമിനെക്കുറിച്ചും പ്ലേയിങ് 11 ആരൊക്കെ വേണമെന്നത് സംബന്ധിച്ചും കൃത്യമായ ധാരണയുണ്ടായിരുന്നു. ഇന്നത്തെ ഇന്ത്യന്‍ നായകന്മാര്‍ക്ക് അത്തരമൊരു ധാരണയില്ല.

എങ്ങനെ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുക്കണമെന്നതും ധോണിയില്‍ നിന്ന് ഇന്ത്യ മാതൃകയാക്കേണ്ടതായുണ്ട്. നാലാമത്തെ കാര്യം താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാണ്. ധോണി നായകനായിരിക്കെ ഒന്നോ രണ്ടോ മോശം പ്രകടനം കൊണ്ട് ടീമിലെ സ്ഥാനം നഷ്ടമാകില്ലെന്ന ഉറപ്പ് താരങ്ങള്‍ക്കുണ്ടായിരുന്നു. ഇത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍ ഇന്നത്തെ താരങ്ങള്‍ക്ക് ഇത്തരമൊരു പിന്തുണ ലഭിക്കുന്നില്ല. ഇക്കാര്യത്തിലും ധോണിയെ മാതൃകയാക്കേണ്ടതാണ്.

Story first published: Monday, June 12, 2023, 8:02 [IST]
Other articles published on Jun 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+