ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം ഇന്നിങ്‌സില്‍ നിറം മങ്ങി ശുബ്മാന്‍ ഗില്‍. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയെത്തിയ ഗില്ലില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തിയാണ് താരം മടങ്ങിയത്. 15 പന്ത് നേരിട്ട് 13 റണ്‍സുമായാണ് ഗില്‍ പുറത്തായത്. പാറ്റ് കമ്മിന്‍സിനെതിരേ മികച്ച ഷോട്ടുകളടക്കം കളിച്ച് താരം പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ കണക്കുകൂട്ടല്‍ പാളി. സ്വിങ് ചെയ്ത് പന്ത് പുറത്തേക്ക് പോകുമെന്ന് കരുതിയ ഗില്ലിന്റെ തീരുമാനം പാളി.
ഓഫ് സ്റ്റംപിലേക്കെത്തിയ പന്ത് ഒഴിവാക്കിയ ഗില്ലിന്റെ സ്റ്റംപ് പിഴുതാണ് ബോളണ്ടിന്റെ പന്ത് കടന്നുപോയത്. രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ഗില്ലും മടങ്ങിയതോടെ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് വീണു. ഇപ്പോഴിതാ ഗില്ലിനെതിരേ രൂക്ഷ വിമര്‍ശനമുയരുകയാണ്. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ മാത്രം തിളങ്ങുന്നവനാണ് ഗില്ലെന്നാണ് ആരാധക വിമര്‍ശനം. ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആരാധകര്‍ പറയുന്നു.

ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് നേടിയ താരത്തിന് പിച്ചിന്റെ സ്വഭാവം മനസിലാക്കാനായില്ല. പന്തിന്റെ ദിശ മനസിലാക്കാന്‍ താരത്തിന് സാധിക്കാതെ പോയി. എവിടെയാണ് പന്ത് ഒഴിവാക്കേണ്ടതെന്ന് താരത്തിന് ഇനിയും മനസിലായിട്ടില്ല. ബൗളറുടെ തന്ത്രവും ആംഗിള്‍ മാറ്റവും മനസിലാക്കാന്‍ ഗില്ലിന് സാധിച്ചില്ല. ഇത്തരമൊരു പുറത്താകല്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫ്‌ളാറ്റ് പിച്ചൊരുക്കാതെ ഗില്ലില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടെന്നും ആരാധകര്‍ പരിഹസിക്കുന്നു.
എന്താണ് സംഭവിച്ചതെന്ന് ഗില്ലിന് മനസിലായില്ല. അടുത്ത ഇതിഹാസമെന്ന് വിളിക്കപ്പെടുന്ന ഗില്ലിനെ സച്ചിനുമായി താരതമ്യം ചെയ്തത് മണ്ടത്തരമായിപ്പോയെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ഇത്രയും മികച്ച ഫോമില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാന് പന്തിന്റെ ദിശ മനസിലാക്കാന്‍ സാധിക്കാത്തത് നിരാശപ്പെടുത്തിയെന്നും അല്‍പ്പം കൂടി കരുതലോടെ കളിക്കേണ്ടിയിരുന്നുവെന്നും ആരാധകര്‍ പറയുന്നു.
എവിടെയാണ് പന്ത് ഒഴിവാക്കേണ്ടതെന്നും ഏത് പന്തിലാണ് കളിക്കേണ്ടതെന്നും ഗില്‍ ഇനിയുമേറെ പഠിക്കാനുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഐപിഎല്ലിലെ കോടിക്കിലുക്കമില്ലാതെ ഒന്നും ചെയ്യാന്‍ ഗില്ലിനാവില്ലെന്നും സെന രാജ്യങ്ങളില്‍ കളിക്കാന്‍ ഇനിയും പക്വത വരണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഗില്ലിന് റണ്‍സ് നേടാനാവുക ഫ്രണ്ട് ഫൂട്ട് ഷോട്ടുകളിലൂടെയാണെന്നും താരത്തിന്റെ ഫുട് സ്റ്റെപ്പ് ഇനിയും മെച്ചപ്പെടണമെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

ഓസ്‌ട്രേലിയയുടെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്. നായകന്‍ രോഹിത് ശര്‍മയെ (15) പാറ്റ് കമ്മിന്‍സ് എല്‍ബിയില്‍ കുടുക്കി. ചേതേശ്വര്‍ പുജാര കൗണ്ടി ക്രിക്കറ്റ് കളിച്ച് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ തിളങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷകളുമേറെയായിരുന്നു. പക്ഷെ 14 റണ്‍സുമായി പുറത്തായി. കാമറൂണ്‍ ഗ്രീന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ് മടങ്ങിയത്.
വിരാട് കോലിക്കും തിളങ്ങാനായില്ല. 14 റണ്‍സെടുത്ത കോലിയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. എക്‌സ്ട്രാ ബൗണ്‍സ് പന്തില്‍ ബാറ്റുവെച്ച കോലിയെ സ്ലിപ്പില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ സ്റ്റീവ് സ്മിത്താണ് മടക്കിയത്. ഓസ്‌ട്രേലിയ അതിവേഗം റണ്‍സുയര്‍ത്തുകയും രണ്ട് സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തുകയും ചെയ്ത പിച്ചിലാണ് ഇന്ത്യന്‍ ടോപ് ഓഡര്‍ തകര്‍ന്നടിഞ്ഞത്.