For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: അശ്വിനെ എന്തിന് ഒഴിവാക്കി? തോല്‍വിയുടെ കാരണം! രൂക്ഷ വിമര്‍ശനവുമായി സച്ചിന്‍

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ കിരീടം കൈവിട്ടിരിക്കുകയാണ്. ഇത്തവണ ഓസ്‌ട്രേലിയയോട് 209 റണ്‍സിനാണ് ഇന്ത്യ തോറ്റത്. മികച്ച പോരാട്ടം കാഴ്ചവെക്കാതെയാണ് ഇന്ത്യ കലാശപ്പോരാട്ടത്തില്‍ തലകുനിച്ചതെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 234 റണ്‍സാണ് നേടാനായത്. തൊട്ടതെല്ലാം ഇന്ത്യക്ക് പിഴച്ചുവെന്നതാണ് വസ്തുത.

ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി പല കാര്യങ്ങളും ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയരുന്നത് ആര്‍ അശ്വിനെ പ്ലേയിങ് 11 നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരേയാണ്. തീരുമാനം വന്നതുമുതല്‍ വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇന്ത്യ തോല്‍ക്കുകയും ചെയ്തതോടെ വിമര്‍ശനം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ അശ്വിന്റെ അഭാവം ചൂണ്ടിക്കാട്ടി സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തിയിരിക്കുകയാണ്.

sachin tendulkar, r ashwin

'അശ്വിനെ പ്ലേയിങ് 11 നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇപ്പോള്‍ ആരാണ് നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍. കഴിവുള്ള സ്പിന്നര്‍മാര്‍ക്ക് എപ്പോഴും ടേണുള്ള പിച്ച് വേണമെന്നില്ല. അവര്‍ക്ക് വായുവിലൂടെ പന്ത് ചലിപ്പിക്കാനും വേരിയേഷനിലൂടെയും പിച്ചിലെ ബൗണ്‍സിലൂടെയും നേട്ടമുണ്ടാക്കാനും സാധിക്കും. ഇക്കാര്യം നേരത്തെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഓസ്‌ട്രേലിയയുടെ ടോപ് 8 ബാറ്റ്‌സ്മാന്‍മാരില്‍ അഞ്ച് ഇടം കൈയന്‍മാരുണ്ടെന്ന് മറന്നുപോകരുത്'- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഓവലിലെ സാഹചര്യം പേസിന് അനുകൂലമാണെന്നതാണ് സത്യം. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് യാതൊന്നും ചെയ്യാനാവില്ലെന്ന് കരുതരുത്. അവസാന രണ്ട് ദിവസവും പിച്ചില്‍ സ്പിന്നര്‍മാര്‍ മികവുകാട്ടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ നതാന്‍ ലിയോണ്‍ നാല് വിക്കറ്റാണ് നേടിയത്. രവീന്ദ്ര ജഡേജയും തരക്കേടില്ലാതെ പന്തെറിഞ്ഞു. അശ്വിനെപ്പോലെ അനുഭവസമ്പന്നനും ബുദ്ധിമാനുമായ ബൗളര്‍ക്ക് ഏത് സാഹചര്യത്തിലും തിളങ്ങാനാവും. എന്നാല്‍ ഇന്ത്യ അശ്വിനെ പുറത്തിരുത്തുകയായിരുന്നു.

മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നീ നാല് പേസര്‍മാരെയും സ്പിന്നറായി രവീന്ദ്ര ജഡേജയേയുമാണ് ഇന്ത്യ പരിഗണിച്ചത്. ഇതില്‍ ഉമേഷിന് പകരം ഇന്ത്യ അശ്വിനെ പരിഗണിച്ചിരുന്നെങ്കില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും അത് ടീമിന് വലിയ ഗുണം ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പരിഗണിക്കാന്‍ തയ്യാറായില്ല. കാലാവസ്ഥ മാറാത്തതിനാല്‍ പിച്ചിന്റെ സ്വഭാവം മാറില്ലെന്ന വിലയിരുത്തലിലായിരുന്നു രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും.

r ashwin

അതുകൊണ്ടാണ് അശ്വിനെ പുറത്തിരുത്താന്‍ തീരുമാനിച്ചതെന്നാണ് രോഹിത് ടോസിന്റെ സമയത്ത് പറഞ്ഞത്. ഓസീസ് പ്ലേയിങ് 11 ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ കൂടുതലുള്ള സാഹചര്യത്തില്‍ അശ്വിന് കൂടുതല്‍ ആധിപത്യം സ്ഥാപിക്കാനാവും. അശ്വിനുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് സമനിലയെങ്കിലും പിടിക്കാമായിരുന്നുവെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇപ്പോള്‍ സച്ചിനും സമാനമായ പ്രതികരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആദ്യ ഇന്നിങ്‌സിലെ മോശം ബാറ്റിങ്ങും ഇന്ത്യയുടെ തോല്‍വിയുടെ കാരണമായി സച്ചിന്‍ പറയുന്നു. 'ആദ്യ ഇന്നിങ്‌സില്‍ വലിയ ബാറ്റിങ് പ്രകടനം നടത്തി മത്സരത്തില്‍ നിലനില്‍ക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ പോയി' എന്നാണ് സച്ചിന്‍ പറഞ്ഞത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 296 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

രോഹിത് ശര്‍മ (15), ശുബ്മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി മാറി. രണ്ടാം ഇന്നിങ്‌സിലും വലിയൊരു മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ ആര്‍ക്കും സാധിച്ചില്ല. ഓസ്‌ട്രേലിയ ഇന്ത്യയെക്കാള്‍ ഒരുപടി മുകളില്‍ നിന്നുവെന്നതാണ് വസ്തുത. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇന്ത്യയെക്കാള്‍ അനുഭവസമ്പത്തുള്ളത് ഓസീസിനെ തുണച്ചു.

Story first published: Monday, June 12, 2023, 7:03 [IST]
Other articles published on Jun 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+