ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇതിനകം മോശം അംപയറിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഓസ്‌ട്രേലിയക്കു അനുകൂലമായി ചില തീരുമാനങ്ങള്‍ അംപയര്‍മാരുടെ ഭാഗത്തു നിന്നും സംഭവിച്ചതാണ് ഇതിനു കാരണം. ഇപ്പോഴിതാ ഓസ്‌ട്രേലിയയെ അംപയര്‍ സഹായിക്കുന്നതിന്റെ മറ്റൊരു സംഭവം കൂടി പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയുടെ റണ്‍ചേസിനിടെ നാലാം ദിനം അവസാനത്തെ സെഷനിലായിരുന്നു വിവാദ സംഭവം.
ഡിആര്‍എസ് കോള്‍ എടുക്കുന്ന കാര്യത്തിലാണ് ഫീല്‍ഡ് അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് വഴിവിട്ട് ഓസ്‌ട്രേലിയന്‍ ടീമിനെ സഹായിച്ചത്. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിലെ 38ാം ഓവറിലായിരുന്നു ഇത്. ഓസ്‌ട്രേലിയക്കായി സ്പിന്നര്‍ നതാന്‍ ലയണായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. നാലാമത്തെ ബോള്‍ അജിങ്ക്യ രഹാനെയുടെ പാഡിലാണ് പതിച്ചത്. തുടര്‍ന്ന് ലയണും ഓസ്‌ട്രേലിയന്‍ താരങ്ങളും എല്‍ബിഡബ്ല്യുവിനായി ശക്തമായി അപ്പീല്‍ ചെയ്തു.

നോട്ടൗട്ടല്ലെന്നു ആദ്യം തലയാട്ടിയ്യ അംപയര്‍ഡ് റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് പിന്നാലെ വലത്തോടു കൈവിരല്‍ ചൂണ്ടി ലെഗ് സ്റ്റംപിനു പുറത്തേക്കാണ് ബോള്‍ പോവുന്നതെന്നു ആംഗ്യം കാണിക്കുകയായിരുന്നു. സാധാരണയായി ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ ഉടന്‍ തന്നെ ടീമിനു റിവ്യു എടുക്കാനുള്ള ഡിആര്‍എസ് ടൈമര്‍ വരും.
പക്ഷെ ഈ സംഭവത്തില്‍ ഡിആര്‍എസ് ടൈമര്‍ വരുന്നതിനു മുമ്പ് തന്നെ അതു ലെഗ് സൈഡിലേക്കാണ് പോവുകയെന്നു ആംഗ്യം കാണിച്ച് അംപയര്‍ ഓസീസ് ടീമിനെ സഹായിക്കുകയായിരുന്നു. ഈ കാരണത്താല്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് റിവ്യു എടുത്തതുമില്ല. ഇതു വഴി ഒരു റിവ്യു പാഴാക്കാതിരിക്കാന്‍ ഓസ്‌ട്രേലിയക്കു സാധിക്കുകയും ചെയ്തു. ഇതു തീര്‍ച്ചയായും അവസാന ദിവസം ഓസ്‌ട്രേലിയക്കു ഗുണം ചെയ്‌തേക്കും.
ഒരു ബാറ്റര്‍ ഷോട്ട് കളിച്ചിട്ടുണ്ടോ, ഇല്ലയോ എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഡിആര്‍എസ് ടൈമര്‍ അവസാനിക്കുന്നതിനു മുമ്പ് എടുത്ത തീരുമാനത്തെക്കുറിച്ച് അംപയര്‍മാര്‍ ഒരു വിവരവും കളിക്കാര്‍ക്കു നല്‍കാന്‍ പാടില്ലെന്നാണ് ഐസിസിയുടെ നിയമാവലിയില്‍ പറയുന്നത്. ഈ കാരണത്താല്‍ തന്നെ ഡബ്ല്യുടിസി ഫൈനലില്‍ അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് നടത്തിയിരിക്കുന്നത് നിയമലംഘനം തന്നെയാണ്. ഇതേക്കുറിച്ച് ഐസിസിയില്‍ ബിസിസിഐ ഇനി പരാതി നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്.

screenshot
ഫൈനലില്‍ ഇന്ത്യക്കു എതിരായി നേരത്തേയും ചില മോശം തീരുമാനങ്ങള്‍ അംപയറുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശുഭ്മന്‍ ഗില്ലിനെതിരായ വിവാദ ക്യാച്ച് ഔട്ട് അനുവദിച്ചതായിരുന്നു. നാലാം ദിനം തന്നെയായിരുന്നു ഇതും നടന്നത്. 18 റണ്‍സുമായി ബാറ്റ് ചെയ്യവെ സ്‌കോട്ട് ബോളന്‍ഡിന്റെ ബൗളിങില്‍ എഡ്ജായ ഗില്ലിനെ ഗല്ലിയില്‍ ഫീല്‍ഡ് ചെയ്ത കാമറൂണ്‍ ഗ്രീന്‍ ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു.
ഫീല്‍ഡ് അംപയര്‍മാര്‍ ക്യാച്ചിലെ സംശയത്തെ തുടര്‍ന്നു തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു. വ്യത്യസ്ത ആംഗിളുകളില്‍ നിന്നുള്ള റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റ്ല്‍ബറോ ഔട്ട് വിധിക്കുകയും ചെയ്തു. പക്ഷെ ഇതു ക്യാച്ച് തന്നെയാണോയെന്നു സൂം ചെയ്ത് പരിശോധിക്കാന്‍ പോലും തേര്‍ഡ് അംപയര്‍ ശ്രമിച്ചില്ല.
ബോള്‍ നിലത്തു വീണ ശേഷമാണ് ഗ്രീനിന്റെ കൈകളില്‍ കുരുങ്ങിയതെന്നു റീപ്ലേയില്‍ നിന്നും വ്യക്തവുമായിരുന്നു. ഗില്ലിനു എതിരായ ഈ തീരുമാനത്തിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ താരങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരും അതു നോട്ടൗട്ടാണെന്നു സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.