ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലില്‍ തോറ്റിരിക്കുകയാണ്. ആദ്യ തവണ ന്യൂസീലന്‍ഡിനോടാണെങ്കില്‍ ഇത്തവണ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ തലകുനിച്ചത്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഐസിസി കിരീടം അലമാരയിലെത്തിക്കാന്‍ ഇന്ത്യക്കായിട്ടില്ല. എംഎസ് ധോണിക്ക് കീഴില്‍ കളിച്ച നാല് ഫൈനലില്‍ മൂന്നിലും ഇന്ത്യ ജയിച്ചു. എന്നാല്‍ ഇതിന് ശേഷം മറ്റൊരു നായകനും ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല.
എംഎസ് ധോണിക്ക് ശേഷം ഇന്ത്യക്ക് കിരീടം നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ഒരു നായകന്‍ പോലും ഉണ്ടായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ഇപ്പോഴിതാ ഇന്ത്യ തുടര്‍ച്ചയായ ഒമ്പതാം ഐസിസി ടൂര്‍ണമെന്റും കൈവിട്ടതിനുപിന്നാലെ 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം എംഎസ് ധോണി പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്. നിരവധി ആരാധകരാണ് ധോണിയുടെ പഴയ വീഡിയോ പങ്കുവെക്കുന്നത്.

'പോസിറ്റീവായിരിക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. മികച്ചൊരു തുടക്കം വളരെ പ്രധാനപ്പെട്ടതാണ്. മത്സര ഫലത്തെക്കുറിച്ച് ചിന്തിക്കേണ്ട. ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം മുകളിലേക്ക് നോക്കേണ്ട, നിങ്ങളെ രക്ഷിക്കാന്‍ ദൈവം വരില്ല എന്ന തിരിച്ചറിവാണ്. അതിനായി നിങ്ങള്‍ പോരാടുക തന്നെ ചെയ്യണം. ഒന്നാം നമ്പര്‍ ടീമിനെപ്പോലെ കളിക്കണം. എതിരാളികള്‍ക്ക് റണ്‍സ് നേടി ജയിക്കുകയെന്നത് എളുപ്പമല്ലാതാക്കുക' എന്നായിരുന്നു ധോണി പറഞ്ഞത്.
2013ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ തോല്‍വിയുടെ വക്കോളമെത്തിയെങ്കിലും ധോണിയുടെ ഉജ്ജ്വല തീരുമാനങ്ങളുടെ കരുത്തില്‍ ഇന്ത്യ വിജയം നേടുകയായിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യത്തിലും ഇന്ത്യയുടെ പോരാട്ടവീര്യമാണ് കിരീടത്തിലേക്ക് നയിച്ചത്. എന്നാല്‍ ഇന്നത്തെ ടീമില്‍ അത് കാണാനാവുന്നില്ല. മികച്ച പോരാട്ടം നടത്താനോ എതിരാളികള്‍ക്ക് സമ്മര്‍ദ്ദം നല്‍കാനോ ഇന്ത്യയുടെ നായകന്മാര്‍ക്ക് സാധിക്കുന്നില്ല. മികച്ച പദ്ധതികളില്ലാതെ ഭാഗ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം.
ഇന്ത്യയുടെ 2013ന് ശേഷമുള്ള ഐസിസി ടൂര്‍മെന്റുകളിലേക്ക് വരുമ്പോള്‍ 2014ലെ ടി20 ലോകകപ്പാണ് ആദ്യം വരുന്നത്. ഫൈനലില്‍ ഇന്ത്യ തോറ്റു. 2015ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ വീണപ്പോള്‍ 2016ലെ ടി20 ലോകകപ്പിലും സെമിയില്‍ തോറ്റു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനോടാണ് ഇന്ത്യ നാണംകെട്ടത്.
2019ലെ ഏകദിന ലോകകപ്പില്‍ കിരീടം ഉറപ്പിച്ചാണ് ഇന്ത്യ മുന്നോട്ടുപോയത്. പക്ഷെ സെമിയില്‍ തോറ്റു. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനില്‍ തോറ്റു. 2021ലെ ടി20 ലോകകപ്പില്‍ ഗ്രൂപ്പുഘട്ടം കടക്കാനായില്ല. 2022ലെ ടി20 ലോകകപ്പില്‍ സെമിയില്‍ തോറ്റു. ഇപ്പോള്‍ 2023ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും തോറ്റിരിക്കുകയാണ്. ഇതിനിടെ കൈവിട്ട ഏഷ്യാ കപ്പിന്റെ കണക്കുകള്‍ വേറെയും.

ഇന്ത്യക്ക് നിലവിലെ തന്ത്രങ്ങളുമായി മുന്നോട്ടുപോയാല്‍ ഐസിസി ട്രോഫിക്കായി ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. ഈ വര്‍ഷം ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് നടക്കാനുണ്ട്. ഇതില്‍ ഏകദിന ലോകകപ്പ് ഇന്ത്യയിലാണുള്ളത്. തട്ടകത്തിന്റെ ആധിപത്യം ഇന്ത്യക്കുണ്ടെങ്കിലും നിലവിലെ ടീമുമായി കപ്പിലേക്കെത്തുക പ്രയാസമാണ്. 2024ല്‍ ടി20 ലോകകപ്പും വരാനിരിക്കുന്നു.
ഇന്ത്യയുടെ പരമ്പരകളുടെ എണ്ണം കുറക്കുകയും വലിയ ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് ആവിശ്യത്തിന് മുന്നൊരുക്കം നടത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ആവിശ്യത്തിന് മുന്നൊരുക്കം നടത്താന്‍ ഇന്ത്യക്കായില്ല. ഒരാഴ്ചത്തെ മാത്രം പരിശീലനമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ നടത്തിയത്. ഇത് തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്നാണ്.