ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കു എത്ര റണ്‍സ് വരെ ചേസ് ചെയ്യാന്‍ സാധിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. മല്‍സരത്തെക്കുറിച്ചു സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശകലനം നടത്തുകയായിരുന്നു അദ്ദേഹം. മല്‍സരം രണ്ടു ദിവസം ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ 296 റണ്‍സിനു മുന്നിട്ടുനില്‍ക്കുകയാണ്. ആറു വിക്കറ്റുകള്‍ സ്വന്തം പക്കലുള്ളതിനാല്‍ ഇന്ത്യക്കു ഓസീസ 350നു മുകളില്‍ വിജയലക്ഷ്യം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അജിങ്ക്യ രഹാനെയുടെയും ശര്‍ദ്ദുല്‍ ടാക്കൂറിന്റെയും ഇന്നിങ്‌സുകള്‍ ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നിരിക്കുകയാണ്. വളരെ പ്രധാനപ്പെട്ട ഇന്നിങ്‌സാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍ ഇന്ത്യക്കായി കളിച്ചത്. അജിങ്ക്യ രഹാനെയുടെയും ഇന്നിങ്‌സ് പ്രശംസയര്‍ഹിക്കുന്നു. മികച്ച പ്രകടനത്തോടൊപ്പം ഭാഗ്യവും ഒപ്പം നിന്നതോടെ രഹാനെയ്ക്കും ശര്‍ദ്ദുലിനും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു. കളിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടേറിയ വിക്കറ്റായിരുന്നു അത്. എന്നാല്‍ രഹാനെയുടെയും ശര്‍ദ്ദുലിന്റെയും പോരാട്ടവീര്യം എടുത്തു പറയേണ്ടതാണെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

അജിങ്ക്യ രഹാനെ മികച്ച ഇന്നിങ്‌സ് കളിക്കേണ്ടതു ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. കാരണം അത്രയും മോശം അവസ്ഥയിലായിരുന്നു ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീം. ഫോളോഓണും അവര്‍ക്കു നേരിടേണ്ടി വരുമായിരുന്നു. ഓസ്‌ട്രേലിയന്‍ ടീം വലിയൊരു ലീഡും കൈക്കലാക്കുമായിരുന്നു.
അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ മല്‍സരത്തില്‍ നിന്നും ഇന്ത്യ ഏറെക്കുറെ പുറത്താവുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ സാധ്യത അവസാനിച്ചിട്ടില്ല. റണ്‍ചേസ് നടത്തി ഫൈനലില്‍ ജയിക്കാനും ഡബ്ല്യുടിസി കിരീടം നേടാനും ഇന്ത്യക്കു ഇനിയും സാധിക്കുമെന്നും ഡാനിഷ് കനേരിയ പറയുന്നു.
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളിങിനു മുന്നില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ അല്‍പ്പം പതറിയതായി കാണാന്‍ സാധിക്കും. നാലു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമാവുകയും ചെയ്തു. അപകടകാരിയായ മാര്‍നസ് ലബ്യുഷെയ്ന്‍ ഇപ്പോഴും ക്രീസിലുണ്ട്. അദ്ദേഹത്തെ വളരെ പെട്ടെന്നു പുറത്താക്കേണ്ടത് ഇന്ത്യക്കു പ്രധാനമാണ്.
നാലാം ദിനം രാവിലെ തന്നെ ലബ്യുഷെയ്‌നിന്റെ വിക്കറ്റ് ഇന്ത്യ വീഴ്ത്തിയേ തീരൂ. അതിനു ശേഷം അലെക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ് എന്നിവരടക്കമുള്ളവരെയും വളരെ വേഗത്തില്‍ ഔട്ടാക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണം. മൂന്നാംദിനത്തില്‍ ബോള്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങിയതായി കാണാന്‍ സാധിക്കും. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളും ഇന്ത്യക്കായി വീഴ്ത്തിയെന്നും ഡാനിഷ് കനേരിയ വിശദീകരിച്ചു.
കാലാവസ്ഥ വളരെ മികച്ചതാണ്. അതുകൊണ്ടു തന്നെ രണ്ടു ദിവസം ബാക്കിനില്‍ക്കെ ഇന്ത്യക്കു 350 റണ്‍സ് ചേസ് ചെയ്യാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം. അതിനു കഴിയുമെന്നു തന്നെയാണ് എന്റെ മറുപടി. കാരണം അദ്ഭുതങ്ങള്‍ ഇനിയും സംഭവിക്കാം. വിജയലക്ഷ്യം 350 പ്ലസ് സ്‌കോറോ, 370 പ്ലസ് സ്‌കോറോ ആവട്ടെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് ക്ലിക്കാവേണ്ടത് വളരെ പ്രധാനമാണ്. മുന്‍നിരയില്‍ നിന്നും മികച്ച സംഭാവനകള്‍ ലഭിക്കുകയാണെങ്കില്‍ ഡബ്ല്യുടിസി ട്രോഫി ഇന്ത്യയുടെ കൈകളില്‍ ഇരിക്കുമെന്നും ഡാനിഷ് കനേരിയ പ്രവചിച്ചു.

ഒരുപാട് പ്രശ്‌നങ്ങളുള്ളതാണ് ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ്. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരെ വളരെ ശ്രദ്ധയോടെ ഇന്ത്യന്‍ താരങ്ങള്‍ നേരിടേണ്ടതുണ്ട്. ഓവലിലെ ഗ്രൗണ്ടില്‍ ബോള്‍ നന്നായി ബൗണ്‍സ് ചെയ്യും. എത്ര വേഗത്തില്‍ ഓസീസിന്റെ ഇന്നിങ്‌സ് ഇന്ത്യ അവസാനിപ്പിക്കുമെന്നതാണ് കാണാനുള്ളത്. 350-375 റണ്‍സ് വരെയെങ്കിലും ഇന്ത്യക്കു ചേസ് ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പക്ഷെ അതു വളരെ ബുദ്ധിമുട്ടേറിയ കാര്യവുമായിരിക്കും. എങ്കിലും അതു അസാധ്യമായിരിക്കുമെന്നു എനിക്കു തോന്നുന്നില്ല. ആദ്യ ഇന്നിങ്‌സിലെ ബാറ്റിങിലെ ക്ഷീണം ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ തീര്‍ക്കേണ്ടതുണ്ട്.
ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ നാലാം ദിനം ഓസ്‌ട്രേലിയയെ ഇന്ത്യ ഓള്‍ഔട്ടാക്കണം. അതിനു ശേഷം റണ്‍ചേസിനു ഇറങ്ങേണ്ടതുണ്ട്. ബാറ്റിങ് അത്ര എളുപ്പമായിരിക്കില്ല. ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിക്കണം. ജയിക്കാന്‍ ആവശ്യമായ റണ്‍സിനെക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ ചിന്തിക്കരുത്, മറിച്ച് അതിനു അടുത്ത് എത്തുന്നതിനെക്കുറിച്ചായിരിക്കണം ആലോചിക്കേണ്ടത്. അങ്ങനെ ചെയ്യുമ്പോള്‍ റണ്‍സ് സ്വാഭാവികമായി തന്നെ വരുമെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.