Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: പുജാര കളിച്ചത് അവസാന മല്‍സരം? ഇനി കണ്ടേക്കില്ല, മൂന്ന് കാരണങ്ങള്‍

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കു ബാറ്റിങില്‍ ഏറെ പ്രതീക്ഷയുള്ള താരമായിരുന്നു വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര. പക്ഷെ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതെ അദ്ദേഹം പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 14ഉം രണ്ടാമിന്നിങ്‌സില്‍ 27ഉം റണ്‍സ് മാത്രമേ പുജാര സ്‌കോര്‍ ചെയ്തുള്ളൂ. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ സസെക്‌സിനായി തകര്‍പ്പന്‍ ഫോമില്‍ കളിക്കവെയായിരുന്നു പുജാര ഡബ്ല്യുടിസി ഫൈനലിനെത്തിയത്.

സസെക്‌സിനു വേണ്ടി എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 68.12 ശശരാശരിയില്‍ അദ്ദേഹം 545 റണ്‍സ് സകോര്‍ ചെയ്തിരുന്നു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ കളിച്ച് പരിചയമുള്ളതിനാല്‍ ഫൈനലില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായാണ് പുജാരയെ പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ രണ്ടിന്നിങ്‌സുകളിലും ഇന്ത്യന്‍ ബാറ്റിങില്‍ അദ്ദേഹം വന്‍ ഫ്‌ളോപ്പായി മാറുകയായിരുന്നു.

PUJARA

മാത്രമല്ല രണ്ടു തവണയും അസാധാരണമായ രീതിയിലാണ് പുജാര പുറത്താവുകയും ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ ഷോട്ടിനു മുതിരാതെ ലീവ് ചെയ്ത ബോള്‍ അകത്തേക്കു കയറി അദ്ദേഹം ബൗള്‍ഡാവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ അനാവശ്യമായി അപ്പര്‍ കട്ടിനു ശ്രമിച്ച പുജാര എഡ്ജായ ശേഷം വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിയുടെ കൈകളിലെത്തുകയായിരുന്നു.

ഫൈനലിലെ നിരാശാജനമായ പ്രകടനത്തോടെ അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയര്‍ പോലും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഇനിയൊരു പക്ഷെ പുജാരയെ ടെസ്റ്റ് ടീമില്‍ കാണാനും സാധിച്ചേക്കില്ല. ഇതിനുള്ള മൂന്നു കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. അവസരം നന്നായി പ്രയോജനപ്പെടുത്താന്‍ ചേതേശ്വര്‍ പുജാരയ്ക്കു സാധിച്ചില്ല എന്നതാണ് ആദ്യത്തെ കാരണം. ഇന്ത്യക്കു വേണ്ടി നേരത്തേ നാട്ടിലും വിദേശത്തും നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള താരമാണ് പുജാര.

പക്ഷെ കഴിഞ്ഞ കുറച്ചു സീസണുകളെടുത്താല്‍ പ്രകടനം അത്ര ആശാവഹമല്ല. 2021 മുതലുള്ള കണക്കുകളെടുത്താല്‍ 31.51 ശരാശരിയില്‍ 1292 റണ്‍സ് മാത്രമേ പുജാര സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഓസ്‌ട്രേലിയയില്‍ ഈ കാലയളവല്‍ അദ്ദേഹത്തിനു 52ഉം ബംഗ്ലാദേശില്‍ 74ഉം ശരാശരിയുണ്ട്. പക്ഷെ മറ്റു രാജ്യങ്ങളിലെ പ്രകടനം നിരാശാജനകമാണ്. ഇംഗ്ലണ്ടില്‍ 28.46ഉം സൗത്താഫ്രിക്കയില്‍ 20.66ഉ നാട്ടില്‍ 24.53ഉം ആയിരുന്നു പുജാരയുടെ ശരാശരി.

ടെസ്റ്റില്‍ മൂന്നാം നമ്പറിലേക്കു പുതിയൊരു താരത്തെ ഇന്ത്യ വളര്‍ത്തിയെടുക്കാനുള്ള സമയമായെന്നതാണ് രണ്ടാമത്തെ കാരണം. 35 കാരനായ പുജാര ടെസ്റ്റ് കരിയറിന്റെ അന്ത്യത്തോടു അടുക്കുകയാണ്. ദീര്‍ഘകാലം അദ്ദേഹത്തെ ഇന്ത്യക്കു ഇനി ആശ്രയിക്കാന്‍ കഴിയില്ല.

pujara

മൂന്നാം നമ്പറിലേക്കു അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ആശ്രയിക്കാവുന്ന ഒരു താരത്തെ ഇന്ത്യക്കു കണ്ടെത്തിയേ തീരൂ. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനു പകരമാണ് ഇന്ത്യ പുജാരയെ കൊണ്ടു വന്നത്. സമാനമായ രീതിയില്‍ പുജാരയുടെ പിന്‍ഗാമിയെയും ഇന്ത്യക്കു ആവശ്യമാണ്. നിലവില്‍ ഈ സ്ഥാനത്തേക്കു ആരെയും ഇന്ത്യ കണ്ടുവച്ചിട്ടില്ലാത്തതിനാല്‍ തന്നെ കാര്യങ്ങള്‍ അല്‍പ്പം കടുപ്പവുമാണ്.

2025ലെ അടുത്ത ഡബ്ല്യുടിസി ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടിയാല്‍ ചേതേശ്വര്‍ പുജാരയ്ക്കു കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നതാണ് മൂന്നാമത്തെ കാരണം. അപ്പോഴേക്കും അദ്ദേഹത്തിനു 37 വയസ്സാവും. അതുകൊണ്ടു തന്നെ ഇനിയും അദ്ദേഹത്തെ ടെസ്റ്റില്‍ ആശ്രയിക്കുന്നതില്‍ അര്‍ഥമില്ല. പകരം അടുത്ത ഫൈനലില്‍ കളിക്കാന്‍ സാധിക്കുന്ന ഒരാളെ കണ്ടെത്തി ഇനിയുളള രണ്ടു വര്‍ഷം കൊണ്ട് വളര്‍ത്തിയെടുക്കാനായിരിക്കണം ഇന്ത്യന്‍ ടീം ശ്രമിക്കേണ്ടത്. ഈ കാരണത്താല്‍ തന്നെ പുജാരയ്ക്കു ഇനി ടെസ്റ്റില്‍ ഭാവിയില്ലെന്നു തന്നെ പറയാനും സാധിക്കും

Story first published: Sunday, June 11, 2023, 16:20 [IST]
Other articles published on Jun 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+