Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC 2023: ഫൈനലില്‍ നിന്ന് പിന്മാറി റുതുരാജ്, പകരക്കാരനായി യുവതാരം! സഞ്ജുവിനെ തഴഞ്ഞു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് ഇന്ന് കൊടിയിറങ്ങുകയാണ്. ഇതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. കരുത്തരായ ഓസ്‌ട്രേലിയയുമായുള്ള ഫൈനല്‍ പോരാട്ടം ജൂണ്‍ 7-11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് നടക്കുന്നത്. ഐപിഎല്ലില്‍ നിന്ന് പുറത്തായ ടീമുകളിലെ ഇന്ത്യക്കാര്‍ ഇതിനോടകം ഫൈനല്‍ പോരാട്ടത്തിനായി പരിശീലനം ആരംഭിച്ച് കഴിഞ്ഞു.

വിരാട് കോലി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നുകഴിഞ്ഞു. സിഎസ്‌കെ-ഗുജറാത്ത് ഫൈനലിന് ശേഷം മറ്റ് താരങ്ങളും ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഇപ്പോഴിതാ ഫൈനലിനായുള്ള ഇന്ത്യന്‍ ടീമിലെ റിസര്‍വ് താരങ്ങളിലൊരാളായ റുതുരാജ് ഗെയ്ക് വാദ് ടീമില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്. വിവാഹത്തോടനുബന്ധിച്ചാണ് ഗെയ്ക് വാദ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ruturaj gaikwad

ഫൈനലിനായി ഇംഗ്ലണ്ടിലേക്കില്ലെന്ന് റുതുരാജ് ബിസിസി ഐയെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പകരക്കാരനായി യുവതാരം യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ ടീമിലേക്ക് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഐപിഎല്ലില്‍ തകര്‍ത്തു കളിക്കുന്ന ജയ്‌സ്വാളിന്റെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകളും മികച്ചതാണ്. ഇത് വിലയിരുത്തിയാണ് ജയ്‌സ്വാളിനിപ്പോള്‍ വിളിയെത്തിയിരിക്കുന്നത്.

ഐപിഎല്ലിലെ പ്രകടനത്തിലൂടെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കും അധികം വൈകാതെ വിളിയെത്താന്‍ സാധ്യതയുള്ള താരമാണ് ജയ്‌സ്വാള്‍. എന്നാല്‍ ജയ്‌സ്വാളിന് ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിക്കില്ലെന്നുറപ്പ്. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിന് ബാക്കപ്പായാണ് റുതുരാജിനെ പരിഗണിച്ചത്. എന്നാല്‍ ഒരു മത്സരം മാത്രമാണ് ഫൈനലിനുള്ളതെന്നതിനാല്‍ റുതുരാജ് ഇംഗ്ലണ്ടിലേക്ക് പോയിട്ടും വലിയ കാര്യമില്ലെന്നതാണ് വസ്തുത.

ഇന്ത്യന്‍ ടീമിന് പുറത്തുള്ള റുതുരാജിന് ദേശീയ ടീമിലേക്ക് കൂടുതല്‍ അടുക്കാനുള്ള അവസരമാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ ലഭിച്ചത്. എന്നാല്‍ താരം തന്നെ ഇപ്പോള്‍ ഈ അവസരം വേണ്ടെന്ന് വെച്ചിരിക്കുകയാണ്. റുതുരാജിനെ കൂടാതെ സൂര്യകുമാര്‍ യാദവ്, മുകേഷ് കുമാര്‍ എന്നിവരേയും റിസര്‍വ് താരങ്ങളായി പരിഗണിച്ചിട്ടുണ്ടായിരുന്നു. ഇരുവരും ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകും.

Yashasvi Jaiswal

സര്‍ഫറാസ് ഖാന്‍, സഞ്ജു സാംസണ്‍ എന്നിവരെയെല്ലാം മറികടന്നാണ് ജയ്‌സ്വാളിന് വിളിയെത്തിയതെന്നതാണ് എടുത്തു പറയേണ്ടത്. 15 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 1845 റണ്‍സാണ് ജയ്‌സ്വാളിന്റെ പേരിലുള്ളത്. 80ന് മുകളില്‍ ശരാശരിയുള്ള താരം 9 സെഞ്ച്വറിയും 2 ഫിഫ്റ്റിയും ഇക്കാലയളവില്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ നിറം മങ്ങിയതാണ് സര്‍ഫറാസിന് തിരിച്ചടിയായതെന്ന് പറയാം.

ഇന്ത്യന്‍ ടീമിനെ പരിക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നീ നാല് സൂപ്പര്‍ താരങ്ങളാണ് പരിക്കേറ്റ് ടീമിന് പുറത്തുള്ളത്. ഇവരുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീമിലേക്ക് അജിന്‍ക്യ രഹാനെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം തിളങ്ങിയ രഹാനെ അഞ്ചാം നമ്പറില്‍ കളിച്ചേക്കും.

വിക്കറ്റ് കീപ്പറായി കെ എസ് ഭരത് തുടരുമ്പോള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇഷാന് അവസരം ലഭിച്ചേക്കില്ല. അവസാന ഓസീസ് പരമ്പരയില്‍ ഫ്‌ളോപ്പായെങ്കിലും ഭരത്തുമായി ഫൈനലിനിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഫൈനല്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

എന്നാല്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ തോല്‍പ്പിക്കുകയെന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. മുന്‍തൂക്കം ഓസ്‌ട്രേലിയക്കാണെങ്കിലും ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷകളേറെ. ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം അലമാരയിലെത്തിക്കാനാവുമോയെന്നത് കണ്ടറിയാം.

Story first published: Sunday, May 28, 2023, 12:28 [IST]
Other articles published on May 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+