For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2023 Final: ഒന്നല്ല, ഇന്ത്യക്ക് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍! മറികടന്നാല്‍ കപ്പുറപ്പ്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആവേശത്തിലേക്ക് കണ്‍തുറക്കാന്‍ ഇനി നാല് നാള്‍ കൂടിയാണുള്ളത്. ഏഴ് മുതല്‍ 11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഫൈനലില്‍ കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഐപിഎല്ലിന് പിന്നാലെ ഒരാഴ്ച മാത്രം ഇംഗ്ലണ്ടില്‍ പരിശീലനം നടത്തിയാണ് ഇന്ത്യ കിരീട പോരാട്ടത്തിനിറങ്ങുന്നത്.

ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെക്കാള്‍ ഓസ്‌ട്രേലിയക്ക് സുപരിചിതമാണ്. ഇതിന്റെ മുന്‍തൂക്കം ഓസീസിനുണ്ട്. ഡ്യൂക്‌സ് ബോളും ഇംഗ്ലണ്ടിലെ പേസ് സാഹചര്യവും ഇന്ത്യയുടെ വിജയ സാധ്യതയെ കുറക്കുന്നതാണ്. എന്നാല്‍ ഇടവേളക്ക് ശേഷം ഐസിസി കിരീടത്തിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പോരാട്ടം തന്നെ ഇന്ത്യക്ക് കാഴ്ചവെക്കേണ്ടതായുണ്ട്.

rohit sharma, virat kohli

ഇന്ത്യക്ക് കിരീട നേട്ടം കടുപ്പമാണെന്ന കാര്യം ഉറപ്പാണ്. ഫൈനലിനിറങ്ങുന്ന ഇന്ത്യക്ക് മുന്നില്‍ പ്രധാനമായും മൂന്ന് വെല്ലുവിളികളാണുള്ളത്. അത് മറികടന്നാല്‍ ഇന്ത്യക്ക് കിരീട സാധ്യത കൂടുതലാണെന്ന് വിലയിരുത്താം. അതുകൊണ്ട് തന്നെ ഇന്ത്യയുടെ മുന്നിലെ മൂന്ന് തലവേദനകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഐപിഎല്ലിന്റെ ആവേശത്തില്‍ നിന്ന് താരങ്ങള്‍ എങ്ങനെ കരകയറുമെന്നതാണ്.

രണ്ട് മാസത്തോളം തുടര്‍ച്ചയായി ടി20 മത്സരങ്ങള്‍ കളിച്ചാണ് ഇന്ത്യന്‍ താരങ്ങളെത്തുന്നത്. അതുകൊണ്ട് തന്നെ ടി20യില്‍ നിന്ന് ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് ഗിയര്‍ മാറുമ്പോഴുള്ള പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. സന്നാഹ മത്സരം പോലും കളിക്കാതെ ഒരാഴ്ചത്തെ മാത്രം പരിശീലനത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ ഓസീസിനെ നേരിടാനൊരുങ്ങുന്നത്. അതിനാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ടെസ്റ്റ് ശൈലിയോട് വേഗത്തില്‍ പൊരുത്തപ്പെടാനാവുമോയെന്നത് കണ്ടറിയണം.

ഇത് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ടി20 ഫോര്‍മാറ്റ് കളിച്ചുവരുന്നതിനാല്‍ ടെസ്റ്റിനാവശ്യമായ ക്ഷമയോടെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കളിക്കാന്‍ സാധിക്കുമോയെന്നതാണ് ആശങ്ക. എന്നാല്‍ ഐപിഎല്ലിനിടെയില്‍ത്തന്നെ റെഡ് ബോളില്‍ ഇന്ത്യ പരിശീലനം നടത്തിയിരുന്നുവെന്നാണ് വിവരം. ഇത് ഗുണം ചെയ്യുമോയെന്നത് കാത്തിരുന്ന് കാണാം.

രണ്ടാമത്തെ പ്രശ്‌നം രോഹിത് ശര്‍മയുടെ ഫോമാണ്. ഐപിഎല്ലില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രോഹിത്തിന് ഫിറ്റ്‌നസും പ്രശ്‌നമാണ്. 16 മത്സരത്തില്‍ നിന്ന് 332 റണ്‍സാണ് ഈ സീസണിലെ അദ്ദേഹത്തിന്റെ സ്‌കോര്‍. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഐപിഎല്ലിനെക്കാള്‍ മികവുകാട്ടാന്‍ രോഹിത്തിന് സാധിക്കാറുണ്ട്. ഓവലില്‍ ടെസ്റ്റ് സെഞ്ച്വറിയടക്കം നേടിയിട്ടുള്ള രോഹിത്തിന്റെ ഇംഗ്ലണ്ട് പിച്ചിലെ പ്രകടനങ്ങളും മികച്ചതാണ്.

rohit sharma

പക്ഷെ സമീപകാലത്തെ രോഹിത്തിന്റെ ഫോം നിരാശപ്പെടുത്തുന്നു. ഇന്ത്യന്‍ നായകനായ രോഹിത്തിന് ഫോമിലേക്കെത്താനാവാത്ത പക്ഷം ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. രോഹിത്തും ശുബ്മാന്‍ ഗില്ലും നല്‍കുന്ന മികച്ച തുടക്കം ഇന്ത്യയുടെ വിജയത്തെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രോഹിത് നിറം മങ്ങിയാല്‍ ഇന്ത്യയുടെ വിജയ സാധ്യതകളെയും അത് ബാധിക്കുമെന്നതിനാല്‍ അദ്ദേഹത്തിന്റെ ഫോം ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

മൂന്നാമത്തെ പ്രശ്‌നം മധ്യനിരയാണ്. രോഹിത്, ശുബ്മാന്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി എന്നീ നാല് പേരില്‍ വിശ്വാസമുണ്ടെങ്കിലും പിന്നീടങ്ങോട്ട് നോക്കുമ്പോള്‍ ബാറ്റിങ് ദുര്‍ബലം. അജിന്‍ക്യ രഹാനെ ഐപിഎല്ലില്‍ കസറിയെങ്കിലും അവസാന മത്സരങ്ങളിലൊന്നും വലിയ സ്‌കോര്‍ നേടാനായിട്ടില്ല. മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തുപോയ അജിന്‍ക്യ രഹാനെ ഇടവേളക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ പ്രകടനം കണ്ടറിയണം.

അഞ്ചാം നമ്പറിലെ രഹാനെയുടെ ബാറ്റിങ് പാളിയാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് റിഷഭ് പന്തിന്റെ അഭാവവും വലിയ പ്രശ്‌നമാണ്. ഓവലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് റിഷഭ്. എന്നാല്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലുള്ള റിഷഭിന് ഫൈനല്‍ കളിക്കാനാവില്ല. പകരം കെ എസ് ഭരത്തിനെയാവും ഇന്ത്യ പരിഗണിക്കുക. വിക്കറ്റ് കീപ്പറായും ബാറ്റ്‌സ്മാനായും ഭരത് മെച്ചപ്പെടേണ്ടതായുണ്ട്.

അവസാന ഇന്ത്യന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയ ഭരത്തില്‍ നിന്ന് ഇംഗ്ലണ്ടില്‍ അത്ഭുതം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് തന്നെ മധ്യനിരയുടെ പ്രകടനം ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു. രവീന്ദ്ര ജഡേജ തകര്‍പ്പന്‍ ഫോമിലാണ്. ബാറ്റുകൊണ്ട് വലിയ സംഭാവന ജഡേജ നല്‍കേണ്ടതും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.

Story first published: Saturday, June 3, 2023, 22:36 [IST]
Other articles published on Jun 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+