ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും മനസുമെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 7 മുതല്‍ 11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് കിരീട പോരാട്ടം നടക്കുന്നത്. കരുത്തരായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കുന്ന ഇന്ത്യ ആദ്യ തവണ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു.
ഇത്തവണയും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഒരാഴ്ചത്തെ പരിശീലനം മാത്രം നടത്തിയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ജയം വളരെ പ്രയാസമാണ്. എന്നാല്‍ ഓസ്‌ട്രേലിയക്കും ഇന്ത്യക്കും വലിയ റെക്കോഡുകളുള്ള മൈതാനമല്ല ഓവല്‍. അതുകൊണ്ട് തന്നെ ഭാഗ്യം മത്സരത്തില്‍ നിര്‍ണ്ണായക ഘടകമാവും. ആരാവും ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാവുക?. തീരുമാനിക്കുന്നത് മൂന്ന് താരപോരാട്ടങ്ങളാണെന്ന് പറയം.

അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തേത് വിരാട് കോലിയും മിച്ചല്‍ സ്റ്റാര്‍ക്കും തമ്മിലാണ്. കോലി ഇന്ത്യയുടെ നട്ടെല്ലാണ്. ഫൈനലില്‍ കോലിയുടെ ബാറ്റിങ് ഇന്ത്യയുടെ വിജയ സാധ്യതകളില്‍ നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ കോലിയുടെ ഉറക്കം കെടുത്താന്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് നിരയിലുണ്ട്. ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യയുടെ ഒട്ടുമിക്ക താരങ്ങള്‍ക്കും വലിയ തലവേദനയാണ്.
ഓസ്‌ട്രേലിയയുടെ അവസാന ഇന്ത്യന്‍ പരമ്പരയിലും സ്റ്റാര്‍ക്ക് തിളങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ സാഹചര്യവും ഡ്യൂക്‌സ് ബോളുംകൂടിയാവുമ്പോള്‍ ഇന്ത്യയെ വിറപ്പിക്കാന്‍ സ്റ്റാര്‍ക്കിന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 2012 മുതല്‍ കോലിയും സ്റ്റാര്‍ക്കും 12 തവണയാണ് ടെസ്റ്റില്‍ നേര്‍ക്കുനേര്‍ എത്തിയത്. സ്റ്റാര്‍ക്കിനെതിരേ മികച്ച റെക്കോഡ് കോലിക്കുണ്ട്. 73 ശരാശരിയില്‍ 219 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്ന് തവണയാണ് കോലിയെ സ്റ്റാര്‍ക്ക് പുറത്താക്കിയത്.
സ്റ്റാര്‍ക്കിനെതിരേയുള്ള ആധിപത്യം തുടരാന്‍ കോലിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സ്റ്റാര്‍ക്കിനെ കോലി തളര്‍ത്തിയാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കും അത് വലിയ ആത്മവിശ്വാസം നല്‍കും. സ്റ്റാര്‍ക്കിനെയാണ് ഓസീസ് നിരയില്‍ ഇന്ത്യ ഏറ്റവും ഭയക്കുന്നതെന്നതിനാല്‍ കോലി-സ്റ്റാര്‍ക്ക് പോരാട്ടം മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.
രോഹിത് ശര്‍മ-പാറ്റ് കമ്മിന്‍സ് പോരാട്ടമാണ് രണ്ടാമത്തേത്. ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമാണ് രോഹിത് ശര്‍മ. ഐപിഎല്ലില്‍ തീര്‍ത്തും നിറം മങ്ങിയ രോഹിത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓവലില്‍ ടെസ്റ്റ് സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് രോഹിത്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ വിക്കറ്റിന് ഓസീസ് വലിയ പ്രാധാന്യം നല്‍കുന്നു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കോലിയെക്കാളും മികച്ച പ്രകടനം നടത്തുന്ന രോഹിത്തിനെ തളക്കാന്‍ ഓസീസ് നായകനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സിനെയാവും കംഗാരുക്കള്‍ കളത്തിലിറക്കുക. 2018 മുതല്‍ ആറ് തവണയാണ് രോഹിതും കമ്മിന്‍സും നേര്‍ക്കുനേര്‍ എത്തിയത്. 36 ശരാശരിയില്‍ 155 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് തവണ രോഹിത്തിനെ പുറത്താക്കാനും കമ്മിന്‍സിനായിട്ടുണ്ട്.
രോഹിത് ഓപ്പണറായെത്തുമ്പോള്‍ ന്യൂബോളുമായി കമ്മിന്‍സുമുണ്ടാവും. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള കമ്മിന്‍സിന്റെ അതിവേഗ പന്തുകളെ രോഹിത് എങ്ങനെയാണ് നേരിടുകയെന്നത് കാത്തിരുന്ന് കണ്ടറിയണം. ഈ പോരാട്ടം മത്സരഫലത്തെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്റ്റീവ് സ്മിത്ത്-മുഹമ്മദ് ഷമി പോരാട്ടമാണ് മൂന്നാമത്തേത്. സ്റ്റീവ് സ്മിത്തിന് 80ലധികം ശരാശരിയുള്ള മൈതാനമാണ് ഓവല്‍.
അതുകൊണ്ട് തന്നെ സ്മിത്തിനെ പുറത്താക്കുകയാവും ഇന്ത്യക്ക് മുന്നിലെ പ്രധാന വെല്ലുവിളി. മുഹമ്മദ് ഷമിയുടെ സ്വിങ് ബൗളിങ്ങിലാവും ഇന്ത്യയുടെ പ്രതീക്ഷ. 6 ടെസ്റ്റില്‍ നിന്ന് 209 റണ്‍സാണ് സ്മിത്ത് ഷമിയ്‌ക്കെതിരേ നേടിയത്. ഒരു തവണയാണ് സ്മിത്തിനെ പുറത്താക്കാന്‍ ഷമിക്കായത്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഷമിയുടെ ബൗളിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.