ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപ്പോരാട്ടത്തില്‍ കപ്പില്‍ ആര് മുത്തമിടുകയെന്നത് കണ്ടറിയണം. ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ മത്സരം. ഓസ്‌ട്രേലിയയിലേതിന് സമാനമായ സാഹചര്യമാണ് ഇംഗ്ലണ്ടിലേത്. പിച്ചിന്റെ സ്വഭാവം ഏറെക്കുറെ ഒരുപോലെയാണ്.
അതുകൊണ്ട് തന്നെ ഇന്ത്യയെക്കാള്‍ അല്‍പ്പം മുന്‍തൂക്കം ഓസീസിനുണ്ട്. എന്നാല്‍ ഓവലിലെ കണക്കുകള്‍ പ്രകാരം ആരാണ് കൂടുതല്‍ കേമര്‍?. കണക്കുകള്‍ പരിശോധിക്കാം. 14 ടെസ്റ്റില്‍ നിന്ന് രണ്ട് ജയമാണ് ഇന്ത്യ ഇവിടെ നേടിയത്. അഞ്ച് മത്സരം തോറ്റു. ഏഴ് മത്സരം സമനിലയായി. എവേ പിച്ചെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ഭേദപ്പെട്ട പ്രകടനമെന്ന് തന്നെ ഇതിനെ വിലയിരുത്താം.

ഓസ്‌ട്രേലിയ ആഷസ് ടെസ്റ്റ് കളിക്കുന്നതിനാല്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ മത്സരം ഓവലില്‍ കളിച്ചിട്ടുണ്ട്. 38 ടെസ്റ്റില്‍ നിന്ന് 7 ജയം നേടിയപ്പോള്‍ 17 മത്സരം ഓസീസ് തോറ്റു. 14 മത്സരം സമനിലയായി. ഇന്ത്യയെക്കാള്‍ ഓവലില്‍ അനുഭവസമ്പത്ത് ഓസ്‌ട്രേലിയക്കാണ്. ഇന്ത്യ 2021ല്‍ ഓവലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. 40 വര്‍ഷത്തിന് ശേഷമുള്ള ഓവലിലെ ഇന്ത്യയുടെ ചരിത്ര ജയമായിരുന്നു ഇത്.
2015ല്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 46 റണ്‍സിനും ഓവലില്‍ ഓസീസ് തോല്‍പ്പിച്ചിരുന്നു. 143 റണ്‍സുമായി സ്റ്റീവ് സ്മിത്താണ് അന്ന് കളിയിലെ താരമായത്. സ്മിത്തിന് ഗംഭീര റെക്കോഡുള്ള മൈതാനമാണ് ഓവല്‍. 97.75 എന്ന അത്ഭുത ശരാശരി അദ്ദേഹത്തിന് ഇവിടെയുണ്ട്. ഇന്ത്യ ഏറ്റവും ഭയപ്പെടേണ്ട ബാറ്റ്‌സ്മാന്‍ സ്മിത്താണെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ മുന്‍ നായകനും നിലവിലെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന് അതുല്യ റെക്കോഡ് ഇവിടെ അവകാശപ്പെടാം.
ദ്രാവിഡിന്റെ ഓവലിലെ ശരാശരി 110.75 ആണ്. ഇതില്‍ ഒരു ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും ഉള്‍പ്പെടും. 2018ല്‍ കെ എല്‍ രാഹുല്‍ 149 റണ്‍സും റിഷഭ് പന്ത് 114 റണ്‍സും ഈ മൈതാനത്ത് നേടിയിരുന്നു. എന്നാല്‍ ഫൈനല്‍ കളിക്കാന്‍ രണ്ടാളുമില്ലാത്തത് ഇന്ത്യക്ക് നികത്താനാവാത്ത വിടവാണെന്ന് പറയാം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് അഭിമാനിക്കാവുന്ന റെക്കോഡ് ഈ മൈതാനത്തുണ്ട്.
2021ല്‍ ഓവലില്‍ 127 റണ്‍സുമായി തന്റെ കന്നി എവേ ടെസ്റ്റ് സെഞ്ച്വറി കണ്ടെത്താന്‍ രോഹിത്തിനായിരുന്നു. ഇന്ത്യന്‍ നായകനായ രോഹിത്തിന്റെ പ്രകടനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. നിലവിലെ ഇന്ത്യ-ഓസീസ് താരങ്ങളില്‍ ഓവലില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഒരേയൊരു താരമേയുള്ളു. അത് ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷാണ്. 2019ല്‍ ഇംഗ്ലണ്ടിനെതിരെയാണ് മാര്‍ഷിന്റെ തകര്‍പ്പന്‍ പ്രകടനം.

മറ്റൊരു ബൗളര്‍ക്കും ഈ നേട്ടമില്ല. ഓവലിലെ ഇന്ത്യയുടെ കുറഞ്ഞ ടോട്ടല്‍ 94 റണ്‍സാണ്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിരാട് കോലിയെക്കാളേറെ രോഹിത് ശര്‍മയുടെ ബാറ്റിങ്ങിനെയാണ് ഇന്ത്യ ആശ്രയിക്കുന്നതെന്ന് പറയാം. 10 ഇന്നിങ്‌സില്‍ നിന്ന് 515 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 52 ശരാശരിയില്‍ കളിക്കുന്ന രോഹിത് 2 സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും നേടി.
എന്നാല്‍ 18 ഇന്നിങ്‌സില്‍ നിന്ന് 447 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ശരാശരി 24 മാത്രമാണ്. ഒരു ഫിഫ്റ്റിയാണ് നേടാനായത്. പക്ഷെ കോലിയുടെ സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. ശക്തമായ ബൗളിങ് നിരയുള്ള ഓസീസിനെതിരേ ഇന്ത്യയുടെ സീനിയേഴ്‌സ് അവസരത്തിനൊത്തുയരാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്നുറപ്പ്.
13.24 കോടിയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. ഇതോടൊപ്പം അഭിമാന ഐസിസി കിരീടവും ചൂടാനാവും. ഏകദിന ലോകകപ്പിന് മുമ്പ് രണ്ട് ടീമുകള്‍ക്കും യശസ് ഉയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.