WTC 2023 FINAL: പരിക്ക് തളര്‍ത്തി, നായകന്മാര്‍ അഞ്ച് പേര്‍! ഇന്ത്യയുടെ ഫൈനലിലേക്കുള്ള വഴി ഇങ്ങനെ
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. 7-11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ പോരാട്ടം നടക്കാന്‍ പോകുന്നത്. കരുത്തരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. തുടര്‍ച്ചയായ രണ്ടാം ഫൈനലിനിറങ്ങുന്ന ഇന്ത്യക്ക് ഇത്തവണയെങ്കിലും കപ്പടിക്കേണ്ടതായുണ്ട്. പ്രഥമ ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു.
അതുകൊണ്ട് തന്നെ ഇത്തവണത്തെ ഫൈനല്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ ഫൈനലിലേക്കുള്ള വഴിയിലേക്ക് തിരിച്ചു നടക്കുമ്പോള്‍ കൗതുകരമെന്ന് മാത്രമെ പറയാനാവു. പരിക്ക് വേട്ടയാടുകയും അഞ്ച് നായകന്മാരെ പരീക്ഷിക്കുകയും ചെയ്തിട്ടാണ് ഇന്ത്യക്ക് ഫൈനലില്‍ ഇടം പിടിക്കാനായത്. പല വെല്ലുവിളികളെയും അതിജീവിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനമെന്ന് പറയാം.

ഇംഗ്ലണ്ടില്‍ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരം ഇന്ത്യ നഷ്ടപ്പെടുത്തിയത് ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ്. 2-1ന്റെ ലീഡെടുത്ത ശേഷം അവസാന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. 1-0ന് മുന്നിട്ടുനിന്ന ശേഷം ദക്ഷിണാഫ്രിക്കയോട് 2-1ന് പരമ്പര കൈവിട്ടതും ഇന്ത്യയുടെ വലിയ നഷ്ടമാണ്. ഇതിലെ കൗതുകകരമായ മറ്റൊരു കാര്യം ഈ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ കൂടുതല്‍ മത്സരത്തിലും നയിച്ചത് വിരാട് കോലിയാണെന്നതാണ്.
അഞ്ച് നായകന്മാരെയാണ് ഇന്ത്യ ഇക്കാലയളവില്‍ പരീക്ഷിച്ചത്. വിരാട് കോലി ഏഴ് മത്സരത്തില്‍ നയിച്ചപ്പോള്‍ അജിന്‍ക്യ രഹാനെ ഒരു മത്സരത്തിലാണ് നയിച്ചത്. കെ എല്‍ രാഹുല്‍ മൂന്ന് മത്സരത്തില്‍ നയിച്ചപ്പോള്‍ ജസ്പ്രീത് ബുംറ ഒരു മത്സരത്തിലും രോഹിത് ശര്‍മ ആറ് മത്സരത്തിലും ഇന്ത്യയെ നയിച്ചു. ഫൈനലില്‍ രോഹിത് ശര്‍മക്ക് കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.
2021ല്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് സമനിലയാക്കിയാണ് ഇന്ത്യ തുടങ്ങിയത്. രണ്ടാം ടെസ്റ്റ് ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് തോറ്റു. നാലാം ടെസ്റ്റില്‍ ജയിച്ചതോടെ 2-1ന്റെ ലീഡ് നേടാന്‍ ഇന്ത്യക്കായി. എന്നാല്‍ പരമ്പരയിലെ അഞ്ചാം മത്സരം മാറ്റിവെക്കേണ്ടി വന്നു. പിന്നീട് ന്യൂസീലന്‍ഡ് പരമ്പരയായിരുന്നു. ഒന്നാം ടെസ്റ്റ് സമനിലയായപ്പോള്‍ രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര ഇന്ത്യ നേടി. പിന്നീട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു പരമ്പര.
സന്ദര്‍ശകരായെത്തിയ ഇന്ത്യ ആദ്യ മത്സരം ജയിച്ചപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പരമ്പര നേട്ടമടക്കം ഇന്ത്യ സ്വപ്‌നം കണ്ടെങ്കിലും തുടര്‍ച്ചയായി രണ്ട് ജയങ്ങള്‍ നേടി പരമ്പര ദക്ഷിണാഫ്രിക്ക പോക്കറ്റിലാക്കി. അടുത്തത് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയായിരുന്നു. രണ്ട് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ജയിക്കാന്‍ ഇന്ത്യക്കായി. പിന്നീട് ഇംഗ്ലണ്ട് പരമ്പരയില്‍ ശേഷിച്ച ഒരു ടെസ്റ്റാണ് ഇന്ത്യ കളിച്ചത്. ഈ മത്സരം ഇന്ത്യ തോറ്റതോടെ പരമ്പര പങ്കിടേണ്ടി വന്നു.

പിന്നീട് ബംഗ്ലാദേശിനെതിരായ പരമ്പരയായിരുന്നു. രണ്ട് മത്സര പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. അവസാനമായി ഓസ്‌ട്രേലിയക്കെതിരേ നാട്ടിലാണ് ഇന്ത്യ പരമ്പര കളിച്ചത്. നാല് മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കിയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചത്. ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യ തോറ്റു. നാലാം ടെസ്റ്റ് സമനിലയിലാണ് കലാശിച്ചത്.
ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഓവലിലെ പേസ് സാഹചര്യം ഇന്ത്യക്ക് അനുകൂലമല്ലെന്ന് തന്നെ പറയാം. ഡ്യൂക്‌സ് ബോളിലാണ് ഫൈനല്‍ നടക്കുന്നത്. ഇതും ഇന്ത്യക്ക് വെല്ലുവിളിയാണ്. ഓസീസിനെ തോല്‍പ്പിച്ച് കിരീടം ചൂടുകയെന്നത് കടുപ്പമാണെങ്കിലും ഇന്ത്യക്ക് പ്രതീക്ഷകളേറെ. സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ഇന്ത്യക്ക് കിരീട സാധ്യതയേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications