ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഈ മാസം 7-11വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യവും അനുഭവസമ്പത്തും പരിഗണിച്ചാല്‍ ഇന്ത്യയെക്കാള്‍ ഓസീസിന് മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധയോടെ ഇന്ത്യക്ക് മുന്നോട്ടുപോകേണ്ടതായുണ്ട്. ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്.
പ്രഥമ ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഫൈനല്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ന്യൂസീലന്‍ഡിനോട് വരുത്തിയ ചില പിഴവുകള്‍ ഇന്ത്യ ഓസ്‌ട്രേലിയ്‌ക്കെതിരേ ആവര്‍ത്തികാതിരുന്നാലേ ജയിക്കാന്‍ സാധിക്കൂ. പ്രഥമ ഫൈനലില്‍ ഇന്ത്യ വരുത്തിയ മൂന്ന് പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഫീല്‍ഡിങ്ങാണ്. ടെസ്റ്റില്‍ ഫീല്‍ഡിങ്ങിന് വലിയ പ്രാധാന്യമുണ്ട്.

വിക്കറ്റ് നേടാനുള്ള ഒരവസരം പാഴാക്കിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നുറപ്പ്. ന്യൂസീലന്‍ഡിനെതിരായ ഫൈനലിലെ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് മോശം ഫീല്‍ഡിങ്ങായിരുന്നു. സ്ലിപ്പിലെ ഫീല്‍ഡിങ്ങാണ് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരാണ് ഇന്ത്യയുടെ സ്ലിപ്പിലെ വിശ്വസ്തര്‍. ഇവര്‍ കിവീസിനെതിരേ ഒന്നിലധികം ക്യാച്ചവസരം നഷ്ടപ്പെടുത്തിയിരുന്നു.
അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയക്കെതിരേ മികച്ച ഫീല്‍ഡിങ് കാഴ്ചവെക്കേണ്ടത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവും. മറ്റൊരു പ്രധാന പിഴവ് സംഭവിച്ചത് ടീം സെലക്ഷനിലാണ്. ഇംഗ്ലണ്ടിലെ സാഹചര്യം മനസിലാക്കിയുള്ള പ്ലേയിങ് 11നെയാണ് ഇന്ത്യ പരിഗണിക്കേണ്ടത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരെ ഇന്ത്യ ഒരുമിച്ച് കളിപ്പിക്കരുത്. ഓവലിലെ സാഹചര്യം സ്പിന്നര്‍മാരെക്കാള്‍ പേസിന് അനുകൂലമായതാണ്.
അതുകൊണ്ട് തന്നെ മുഹമ്മദ് സിറാജിനും മുഹമ്മദ് ഷമിക്കുമൊപ്പം ഉമേഷ് യാദവിനെ പരിഗണിക്കേണ്ടതായുണ്ട്. ഐപിഎല്ലില്‍ ഉമേഷ് മോശം ഫോമിലായിരുന്നു. ഓസീസിന്റെ മിക്ക ബാറ്റ്‌സ്മാന്‍മാരും സ്പിന്നിനെ നന്നായി കളിക്കുന്നവരാണ്. അതുകൊണ്ട് തന്നെ സ്പിന്‍ കെണിയൊരുക്കി കംഗാരുക്കളെ പൂട്ടുകയെന്നത് മണ്ടന്‍ പദ്ധതിയാണ്. ഉമേഷ് യാദവിന്റെ മോശം ഫോം പരിഗണിച്ചാല്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കാം.

പേസ് ഓള്‍റൗണ്ടറായ ശര്‍ദുല്‍ പല തവണ ഇന്ത്യയുടെ രക്ഷകനായിട്ടുള്ള താരമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ശര്‍ദുല്‍ മത്സരഫലത്തെ സ്വാധീനിക്കും. ഇന്ത്യ തകര്‍ന്ന പല അവസരത്തിലും ശര്‍ദുലിന്റെ ബാറ്റിങ് ഇന്ത്യക്ക് കരുത്തുനല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ലോര്‍ഡ് ശര്‍ദുലെന്ന് ആരാധകര്‍ വിളിക്കുന്നത്. പേസിന് പ്രാധാന്യം നല്‍കി കളിക്കാത്ത പക്ഷം ഇന്ത്യക്ക് തിരിച്ചടി നേരിടാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.
മൂന്നാമത്തെ കാര്യം ടോപ് ഓഡര്‍ താരങ്ങളുടെ ബാറ്റിങ്ങാണ്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാണ്. രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ തിളങ്ങേണ്ടതായുണ്ട്. മികച്ച തുടക്കം ഇന്ത്യക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണ്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയത് തോല്‍വിയുടെ പ്രധാന കാരണമായി മാറിയിരുന്നു.
217, 170 എന്നിങ്ങനെയായിരുന്നു ഇന്ത്യയുടെ രണ്ട് ഇന്നിങ്‌സിലെ സ്‌കോര്‍. അതുകൊണ്ട് തന്നെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ ശ്രദ്ധ കാട്ടണം. യുവതാരം ശുബ്മാന്‍ ഗില്‍ സമീപകാലത്തായി ഗംഭീര ഫോമിലാണ്. മികച്ച സാങ്കേതികതയോടെ കളിക്കുന്ന ഗില്ലിന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയുണ്ട്. അവസരത്തിനൊത്തുയരാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നത് മാത്രമാണ് കണ്ടറിയേണ്ടത്.
ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം വലിയ തലവേദനയാകുന്നു. അജിന്‍ക്യ രഹാനെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടറിയണം. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഇല്ലാത്തതും ഇന്ത്യക്ക് വലിയ ക്ഷീണമാണ്. കെ എസ് ഭരത്തിന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷയില്ല. രവീന്ദ്ര ജഡേജക്ക് ബാറ്റുകൊണ്ടുള്ള പ്രകടനവും വാലറ്റക്കാരുടെ സംഭാവനകളും ഇന്ത്യയുടെ ജയത്തെ സ്വാധീനിക്കുമെന്നുറപ്പ്.