WTC 2023 FINAL: കോലിയോ സ്മിത്തോ, ആരാണ് ഇംഗ്ലണ്ടില്‍ കേമന്‍? കണക്കുകളിതാ
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ 7മുതല്‍ 11വരെ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കാന്‍ പോവുകയാണ്. കരുത്തരായ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ പേസ് പിച്ചിലാണ് മത്സരമെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. കരുത്തരുടെ നിരയായ ഓസ്‌ട്രേലിയയെ വീഴ്ത്തുക ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമാണ്.
ഇംഗ്ലണ്ടിലേതിന് സമാനമായ സാഹചര്യമാണ് ഓസ്‌ട്രേലിയയിലേതും. അതുകൊണ്ട് തന്നെ ഇന്ത്യയെക്കാള്‍ വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഓസീസിനായേക്കും. എന്നാല്‍ ഓവലിലിലെ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും കളിക്കണക്കുകള്‍ അത്ര മികച്ചതല്ല. ഇന്ത്യയെക്കാള്‍ ഓവലില്‍ കളിച്ച അനുഭവസമ്പത്ത് ഓസീസിനുണ്ടെന്നതും അവര്‍ക്ക് ആധിപത്യം നല്‍കുന്നു.

ഫൈനല്‍ പോരാട്ടത്തില്‍ എല്ലാവരും ഉറ്റുനോക്കുന്നത് വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ബാറ്റിങ്ങിലേക്കാണ്. വിരാട് കോലി, സ്റ്റീവ് സ്മിത്ത് എന്നിവരുടെ പ്രകടനം എങ്ങനെയാവുമെന്നത് മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും. രണ്ട് പേരും ലോകോത്തര ബാറ്റ്‌സ്മാന്‍മാരാണ്. മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സീനിയര്‍ താരങ്ങളെന്ന നിലയില്‍ ഇവരെ വേഗത്തില്‍ പുറത്താക്കാനാവും ബൗളര്‍മാര്‍ ശ്രമിക്കുക.
ഇംഗ്ലണ്ടിലെ കണക്കുകളിലേക്ക് വരുമ്പോള്‍ സ്മിത്താണോ കോലിയാണോ കൂടുതല്‍ കേമന്‍?. പരിശോധിക്കാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2021-23 സീസണില്‍ കോലിയുടെ പ്രകടനം ശരാശരി മാത്രമാണ്. ഇതിഹാസ താരമെന്ന നിലയിലുള്ള മികവ് കോലിയില്‍ നിന്ന് കാണാനായില്ലെന്ന് തന്നെ പറയാം. 16 മത്സരത്തില്‍ നിന്ന് 869 നേടിയ കോലിയുടെ ശരാശരി 32.18 ആണ്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഉള്‍പ്പെടും.
ഈ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും കോലി മോശം ഫോമിലായിരുന്നുവെന്ന് പറയാം. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫോം പഴയ നിലവാരത്തിലേക്കെത്തിയിട്ടുണ്ട്. ഐപിഎല്ലിലടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് കോലിയെത്തുന്നത്. അതേ സമയം ഈ സീസണിലെ സ്റ്റീവ് സ്മിത്തിന്റെ പ്രകടനം അതിഗംഭീരമാണ്. 19 മത്സരത്തില്‍ നിന്ന് 1252 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 50.08 ശരാശരിയില്‍. മൂന്ന് സെഞ്ച്വറിയും ആറ് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ നിന്ന് തന്നെ കോലിയേക്കാള്‍ ഏറെ മുന്നിലാണ് സ്മിത്തെന്ന് വ്യക്തം.

ഇനി ഇംഗ്ലണ്ടിലെ കണക്കുകളിലേക്ക് വരുമ്പോള്‍ കോലിയുടെ കണക്കുകള്‍ ശരാശരി മാത്രം. 16 മത്സരമാണ് കോലി ഇംഗ്ലണ്ടില്‍ കളിച്ചത്. 33.32 ശരാശരിയില്‍ 1033 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ജെയിംസ് ആന്‍ഡേഴ്‌സന് മുന്നില്‍ ഉത്തരമില്ലാതെ കോലി വിറച്ചത് എല്ലാവരും കണ്ടതാണ്. ഈ പര്യടനത്തില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 134 റണ്‍സാണ് കോലി നേടിയത്. 13.40 ശരാശരിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
2018ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ ശക്തമായി തിരിച്ചെത്താന്‍ കോലിക്കായി. അഞ്ച് ടെസ്റ്റില്‍ നിന്ന് 593 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറികളും ഉള്‍പ്പെടും. ബെര്‍മിങ്ഹാമില്‍ 149 റണ്‍സും നോട്ടിങ്ഹാമില്‍ 103 റണ്‍സും അദ്ദേഹം നേടി. 2021ലെ അവസാന പര്യടനത്തില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 275 റണ്‍സാണ് കോലിക്ക് നേടാനായത്. ഇംഗ്ലണ്ടില്‍ കോലിയെ വിശ്വസ്തനെന്ന് ഉറപ്പിച്ച് വിളിക്കുക പ്രയാസമായിരിക്കും.
അവസാനമായി ഇംഗ്ലണ്ടില്‍ ഇന്ത്യ കളിച്ച മത്സരത്തില്‍ 11, 20 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോര്‍. ഈ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോല്‍ക്കുകയും ചെയ്തു. സ്മിത്തിന്റെ ഇംഗ്ലണ്ടിലെ കണക്കുകള്‍ മികച്ചതാണ്. 16 ടെസ്റ്റില്‍ നിന്ന് 1727 റണ്‍സാണ് സ്മിത്ത് നേടിയത്. 59.55 ശരാശരിയില്‍ കളിച്ച സ്മിത്ത് ആറ് സെഞ്ച്വറിയും നേടിയിട്ടുണ്ട്. 2013ലാണ് സ്മിത്ത് ഇംഗ്ലണ്ടില്‍ ആദ്യ ആഷസ് കളിക്കുന്നത്. 345 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം അന്ന് അദ്ദേഹം നടത്തിയിരുന്നു.
2015ലെ ആഷസില്‍ 508 റണ്‍സുമായി എല്ലാവരെയും ഞെട്ടിക്കാന്‍ സ്മിത്തിനായി. ഇംഗ്ലണ്ടിലെ കണക്കുകളില്‍ കോലിയേക്കാള്‍ മികച്ചവന്‍ സ്മിത്താണ്. എന്നാല്‍ ഇത്തവണത്തെ ഫൈനലില്‍ കോലി-സ്മിത്ത് എന്നിവരില്‍ ആരാവും തിളങ്ങുകയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications