ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ മൂന്നു പരമ്പരകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പുരോഗമിക്കുന്നത്. ഇംഗ്ലണ്ടും- ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ്, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ്, പാകിസ്താന്‍- ശ്രീലങ്ക ടെസ്റ്റ് പരമ്പരകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവയില്‍ ആഷസും ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള പരമ്പരയും ക്ലൈമാക്‌സിലേക്കു നീങ്ങുകയാണെങ്കിലും പാക്- ലങ്ക പരമ്പര ആരംഭിച്ചിട്ടേയുള്ളൂ. ലങ്കയിലാണ് ബാബര്‍ ആസമിന്റെ കീഴില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പാക് ടീം കളിക്കുന്നത്.
ഗല്ലെയില്‍ സമാപിച്ച ആദ്യ ടെസ്റ്റില്‍ ലങ്കയെ നാലു വിക്കറ്റിനു തകര്‍ത്ത് പാകിസ്താന്‍ പരമ്പരയില്‍ പിടിമുറുക്കുകയും ചെയ്തിരിക്കുകയാണ്. പുതിയ ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യയെപ്പോലെ കളിച്ച ഏക ടെസ്റ്റില്‍ വിജയം കൊയ്തതിനാല്‍ പാകിസ്താന്റെയും വിജയശതമാനം 100 ആയി മാറിയിട്ടുണ്ട്. ഇതോടെ ഡബ്ല്യുടിസി 2023-25 സീസണിലെ പോയിന്റ് പട്ടികയില്‍ നേരത്തേ തലപ്പത്തുണ്ടായിരുന്ന ഇന്ത്യയെ പാകിസ്താന്‍ പിന്തള്ളിയോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ചോദ്യം.

ഇന്ത്യയെപ്പോലെ പാകിസ്താനും 12 പോയിന്റാണ് ഇപ്പോഴുള്ളത്. ഇരുടീമുകളുടെ വിജയശതമാനവും 100 തന്നെ. എന്നിട്ടും ഇന്ത്യ തന്നെയാണ് ഇപ്പോഴും തലപ്പത്ത് എന്നതാണ് ആരാധകരെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യം. പാകിസ്താന്‍ ഇന്ത്യക്കു തൊട്ടുപിറകില്‍ രണ്ടാംസ്ഥാനത്തും നില്‍ക്കുകയാണ്.
61.11 വിജയശതമാനമുള്ള ഓസ്‌ട്രേലിയ മൂന്നാംസ്ഥാനത്തും 27.78 വിജയശതമാനമുള്ള ഇംഗ്ലണ്ട് നാലാമതുമുണ്ട്. ആഷസില്‍ മൂന്നു ടെസ്റ്റുകളാണ് ഇതിനകം പൂര്‍ത്തിയായത്. ഇതില്‍ രണ്ടെണ്ണത്തില്‍ ഓസീസ് വിജയം കൊയ്തപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു.
വിജയ ശതമാനത്തിലും പോയിന്റിലും ഇന്ത്യയും പാകിസ്താനും ഒപ്പമാണെങ്കിലും ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ നേടിയ ഏകപക്ഷീയ വിജയം ഇന്ത്യക്കു പോയിന്റ് പട്ടികയില്‍ മുന്‍തൂക്കം നല്‍കുകയായിരുന്നു. ഡൊമിനിക്കയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടായിരുന്നു വിന്‍ഡീസിനെ ഇന്ത്യ കശാപ്പ് ചെയ്തത്. ഇന്നിങ്‌സിനും 141 റണ്‍സിനും എതിരാളികളെ ഇന്ത്യ കെട്ടുകെട്ടിക്കുകയായിരുന്നു. ഈ പ്രകടനമാണ് പാകിസ്താനെ മറികടന്ന് ഒന്നാംസ്ഥാനത്ത് തുടരാന്‍ രോഹിത് ശര്‍മയെയും സംഘത്തെയും സഹായിച്ചത്.
ശ്രീലങ്കയുമായുള്ള ആദ്യ ടെസ്റ്റില്‍ പാകിസ്താന്റെ ജയം ഇത്രത്തോളം ആധികാരികമായിരുന്നില്ല. അവസാന ദിവസത്തേക്കു നീണ്ട ത്രില്ലിങ് മാച്ചിനൊടുവിലായിരുന്നു പാകിസ്താന്റെ നാലു വിക്കറ്റ് ജയം. ആദ്യ ഇന്നിങ്‌സില്‍ ലങ്കയ്ക്കു നേടാനായത് 312 റണ്‍സായിരുന്നു.
ധനഞ്ജയ ഡിസില്‍വയുടെ (122) സെഞ്ച്വറിയും ആഞ്ചലോ മാത്യൂസിന്റെ (64) ഫിഫ്റ്റിയും ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ലങ്കയെ രക്ഷിക്കുകയായിരുന്നു. മറുപടിയില്‍ സൗദ് ഷക്കീലിന്റെ (208) ഡബിള്‍ സെഞ്ച്വറി പാകിസ്താനെ ആദ്യ ഇന്നിങ്‌സില്‍ 461 റണ്‍സിലെത്തിച്ചു. ആഗ സല്‍മാനും (83) തിളങ്ങി. 149 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് പാക് ടീമിനു ലഭിച്ചു.

രണ്ടാമിന്നിങ്‌സില്‍ ലങ്ക 279 റണ്‍സിനു ഓള്‍ഔട്ടായി. ഇതോടെ പാകിസ്താന്റെ വിജയലക്ഷ്യം 131 റണ്‍സായി മാറി. ലക്ഷ്യം ചെറുതായിരുന്നെങ്കിലും പാകിസ്താന് റണ്‍ചേസ് എളുപ്പമായിരുന്നില്ല. ആറു വിക്കറ്റുകളാണ് വിജയത്തിലെത്താന്‍ അവര്‍ക്കു ബലി കഴിക്കേണ്ടി വന്നത്. ഇമാമുള്‍ ഹഖിന്റെ (50*) ഇന്നിങ്‌സ് പാകിസ്താനെ ജയത്തിലെത്തിക്കുകയും ചെയ്തു.
അതേസമയം, വിന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യ പിടിമുറുക്കുകയാണ്. ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ ആദ്യദിനം നാലു വിക്കറ്റിനു 288 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഈ ടെസ്റ്റും ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ തങ്ങളുടെ 100 ശതമാനം വിജയ റെക്കോര്‍ഡ് നിലനിര്‍ത്താനും പാകിസ്താനുമായുള്ള അകലം വര്‍ധിപ്പിക്കാനും ഇന്ത്യക്കു സാധിക്കും.
ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ നിലവിലെ സ്റ്റാന്‍ഡിങ് പോലെ ഇന്ത്യക്കും പാകിസ്താനും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ അവസാനം വരെ തുടരാനായാല്‍ 2025ല്‍ അയല്‍ക്കാര്‍ തമ്മിലുള്ള ഡ്രീം ഫൈനലായിരിക്കും ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു ഫൈനലുകളിലും കളിച്ച ടീമാണ് ഇന്ത്യയെങ്കില്‍ പാകിസ്താന്‍ ലക്ഷ്യമിടുന്നത് ആദ്യത്തെ ഫൈനലാണ്.