ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ടീം ഇന്ത്യ തങ്ങളുടെ ആദ്യ പരമ്പര പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രോഹിത് ശര്‍മയും സംഘവും ഇറങ്ങിയത്. നിര്‍ഭഗ്യവശാല്‍ ഇന്ത്യക്കു അതു സാധിച്ചില്ല. മഴ വില്ലനായി മാറിയതോടെ രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഡബ്ല്യുടിസിയുടെ ഈ കലണ്ടറിലെ ഏറ്റവും എളുപ്പമുള്ള പരമ്പരയായിരുന്നു ഇത്.
പക്ഷെ രണ്ടു ടെസ്റ്റുകളും ജയിച്ച് പരമാവധി പോയിന്റ് സ്വന്തമാക്കാന്‍ ഇന്ത്യക്കായില്ല. ഡബ്ല്യുടിസിയുടെ 2023-25 സൈക്കിളില്‍ ആറു പരമ്പരകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. മൂന്നെണ്ണം നാട്ടിലാണെങ്കില്‍ ശേഷിച്ച മൂന്നെണ്ണം വിദേശത്തുമാണ്. ആദ്യത്തെ പരമ്പരയാണ് വിന്‍ഡീസില്‍ ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി ഇന്ത്യക്കു മുന്നിലുള്ള അടുത്ത ടെസ്റ്റ് പരമ്പരകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

ഈ വര്‍ഷം ഇനിയൊരു ടെസ്റ്റ് പരമ്പര മാത്രമേ ഇന്ത്യ കളിക്കുകയുള്ളൂ. ഡിസംബര്‍- ജനുവരി മാസങ്ങളിലായി രണ്ടു ടെസ്റ്റുകളാണ് സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ കളിക്കുക. ഇന്ത്യക്കു വിജയപ്രതീക്ഷയില്ലാത്ത പരമ്പര കൂടിയാണിത്. കാരണം സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്കു ഇനിയുമായിട്ടില്ല. 2021-22ല്‍ സൗത്താഫ്രിക്കയില്‍ അവസാനമായി ഇന്ത്യ ടെസ്റ്റ് പരമ്പര കളിച്ചപ്പോള്‍ 1-2നു പരാജയപ്പെടുകയായിരുന്നു.
സൗത്താഫ്രിക്കന്‍ പര്യടനത്തിനു പിന്നാലെ ജനുവരി- ഫെബ്രുവരി മാസങ്ങളിലായി ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ഇന്ത്യ അഞ്ചു ടെസ്റ്റുകളില്‍ ഏറ്റുമുട്ടും. ബാസ്‌ബോള്‍ ശൈലിയുടെ വക്താക്കളായി മാറിയ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുക ഇന്ത്യക്കു കടുപ്പമായിരിക്കും. പരമ്പര നാട്ടിലാണെന്നത് പ്രതീക്ഷയ്ക്കു വക നല്‍കുന്ന കാര്യമാണ്. 2012-13നു ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പരയില്‍ ജയിക്കാന്‍ ഇംഗ്ലണ്ടിനു സാധിച്ചിട്ടുമില്ല.
മുന്‍ ഇതിഹാസ ഓപ്പണര്‍ കൂടിയായ അലെസ്റ്റര്‍ കുക്കിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിച്ചിട്ടുള്ളത്. പക്ഷെ ന്യൂസിലാന്‍ഡ് ഇതിഹാസം ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചും ബെന്‍ സ്‌റ്റോക്‌സ് ക്യാപ്റ്റനുമായതിനു ശേഷം ഇംഗ്ലണ്ട് അവരുടെ ശൈലി അടിമുടി മാറ്റിക്കഴിഞ്ഞു.
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുന്ന ഇംഗ്ലണ്ടിനെ ഇത്തവണ ഇന്ത്യ ഭയപ്പെടേണ്ടിയിരിക്കുന്നു. ഡബ്ല്യുടിസി ഫൈനല്‍ പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കാന്‍ ഈ പരമ്പര ജയിക്കേണ്ടത് ഇന്ത്യക്കു പ്രധാനമാണ്.
ഇംഗ്ലണ്ടുമായുള്ള റെഡ് ബോള്‍ പരമ്പര കഴിഞ്ഞാല്‍ പിന്നെ കുറച്ചു മാസത്തേക്കു ഇന്ത്യക്കു ടെസ്റ്റുകളില്ല. 2024 സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി ബംഗ്ലാദേശിനെതിരേ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത പരമ്പര. രണ്ടു ടെസ്റ്റുകളുടേതാണ് ഈ പരമ്പര.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കു തൂത്തുവാരാന്‍ സാധിക്കുന്ന പരമ്പരകളിലൊന്നാണിത്. അതു കഴിഞ്ഞാല്‍ കരുത്തരായ ന്യൂസിലാന്‍ഡുമായും 2024ല്‍ ഇന്ത്യ ടെസ്റ്റില്‍ കൊമ്പുകോര്‍ക്കുന്നുണ്ട്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി മൂന്നു ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ന്യൂസിലാന്‍ഡ് ഇന്ത്യയിലെത്തും.
കിവികള്‍ അവരുടെ നാട്ടില്‍ കൂടുതല്‍ അപകടകാരികളാണെങ്കിലും ഇന്ത്യയില്‍ അത്രത്തോളം ശൗര്യം കാണിക്കാറില്ല. അതുകൊണ്ടു തന്നെ ഈ പരമ്പരയിലും ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ട്. ഇന്ത്യയില്‍ ഇതുവരെ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലെന്നതും പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കു ശേഷം ഡബ്ല്യുടിസി സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ ആറാമത്തെയും അവസാനത്തെയും പരമ്പര കളിക്കും. കരുത്തരായ ഓസ്‌ട്രേലിയയുമായിട്ടാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഏറ്റുമുട്ടുക. 2024 ഡിസംബര്‍ മുതല്‍ 2025 ജനുവരി വരെ അഞ്ചു ടെസ്റ്റുകള്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കും.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയാണ് നിലനിര്‍ത്തുന്നതെങ്കിലും അടുത്ത തവണയും അതിനു കഴിയുമോയെന്നത് കണ്ടു തന്നെ അറിയണം. ഒരുപക്ഷെ അടുത്ത തവണ ഇന്ത്യയെ തകര്‍ത്ത് ഓസീസ് ട്രോഫി തിരികെ പിടിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.