ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (2023-25) മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ പരോഗമിക്കുന്നത്. പ്രഥമ എഡിഷനിലെ ചാംപ്യന്മാരായ ന്യൂസിലാന്‍ഡും ഏഷ്യയില്‍ നിന്നുള്ള ബംഗ്ലാദേശും ഈ സീസണിലെ ആദ്യ ടെസ്റ്റായിരുന്നു ഈയാഴ്ച കളിച്ചത്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കിവികള്‍ക്കു ബംഗ്ലാ കടുവകള്‍ അപ്രതീക്ഷിത ഷോക്ക് നല്‍കുകയും ചെയ്തു. 150 റണ്‍സിന്റെ ആധികാരിക വിജയമാണ് നജ്മുല്‍ ഹുസൈന്‍ ഷാന്റോ നയിച്ച ബംഗ്ലാദേശ് സ്വന്തമാക്കിയത്.
ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ വിജയം കാരണം തിരിച്ചടി നേരിട്ടിരിക്കുന്നത് ന്യൂസിലാന്‍ഡിനു മാത്രമല്ല, ഇന്ത്യക്കു കൂടിയാണ്. ഇതു കാരണം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു ഒരു സ്ഥാനം നഷ്ടമായിരിക്കുകയാണ്. നേരത്തേ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മയും സംഘവും മൂന്നാംസ്ഥാനത്തേക്കു വീണു. ഇന്ത്യയെ പിന്തള്ളി ബംഗ്ലാദേശാണ് പുതിയ രണ്ടാംസ്ഥാനത്തിനു അവകാശികളായത്.

ആകെ ലഭിച്ച പോയിന്റല്ല, മറിച്ച് വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് പോയിന്റ് പട്ടികയില്‍ ടീമുകളെ വേര്‍തിരിച്ചിട്ടുള്ളത്. ഡബ്ല്യുടിസിയുടെ പുതിയ സീസണില്‍ കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ വിജയം കൊയ്തതോടെ ബംഗ്ലാദേശിന്റെ വിജയ ശതമാനം 100 ആയി മാറി. ഇതാണ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി രണ്ടാംസ്ഥാനത്തേക്കു കയറാന്‍ ബംഗ്ലാ കടുവകളെ സഹായിച്ചത്. ഇന്ത്യയുടെ വിജയ ശതമാനം 66.67 ആണ്.
രണ്ടു ടെസ്റ്റുകളാണ് ഡബ്ല്യുടിസിയുടെ മൂന്നാം സീസണില്‍ ഇതിനകം കളിച്ചത്. ജൂലൈയിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലായിരുന്നു ഇന്ത്യ രണ്ടു ടെസ്റ്റുകളില്‍ മാറ്റുരച്ചത്. ഇതില്‍ ഡൊമിനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 141 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.
പക്ഷെ പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യയുടെ മോഹം നടന്നില്ല. രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വലമായി പോരാടിയ വിന്‍ഡീസ് ഇന്ത്യയെ സമനിലയില്‍ കുരുക്കുകയായിരുന്നു. ഈ സമനില കാരണമാണ് ഇന്ത്യയുടെ വിജയ ശതമാനം 100ലെത്താതെ പോയത്. ഇപ്പോഴിതാ ബംഗ്ലാദേശിന്റെ അട്ടിമറി വിജയം കാരണം അതിനു ഇന്ത്യക്കു വലിയ വില നല്‍കേണ്ടി വരികയും ചെയ്തിരിക്കുകയാണ്.

ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് പാകിസ്താനാണ്. ബംഗ്ലാദേശിനെക്കൂടാതെ അവരുടെയും വിജയശതമാനം 100 ആണ്. രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് അവര്‍ ഇതിനകം കളിച്ചത്. ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടിലായിരുന്നു ഈ പരമ്പര. രണ്ടു ടെസ്റ്റുകളുടെ പരമ്പര പാക് പട തൂത്തുവാരുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റിനു ജയിച്ച അവര്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിന്റെയും 222 റണ്‍സിന്റെയും വിജയവും കൊയ്യുകയായിരുന്നു.
പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവര്‍ കഴിഞ്ഞാല്‍ പോയിന്റ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരാണ്. ഓസീസിന്റെ വിജയ ശതമാനം 30ഉം വിന്‍ഡീസിന്റേത് 16.67ഉം ഇംഗ്ലണ്ടിന്റേത് 15ഉം ആണ്. ശ്രീലങ്ക (0), ന്യൂസിലാന്‍ഡ് (0), സൗത്താഫ്രിക്ക എന്നിവരാണ് അവസാനത്തെ മൂന്നു സ്ഥാനങ്ങളില്‍. ഇവരില്‍ സൗത്താഫ്രിക്ക ഒരു ടെസ്റ്റ് പോലും ഇനിയും കളിച്ചിട്ടില്ല.
ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര സൗത്താഫ്രിക്കയുമായിട്ടാണ്. ഈ മാസവും അടുത്ത മാസവുമായി നടക്കുന്ന പര്യടനത്തില്‍ രണ്ടു ടെസ്റ്റുകളിലാണ് സൗത്താഫ്രിക്കയുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക. സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലെന്ന നാണക്കേട് ഇത്തവണയെങ്കിലും അവസാനിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം.