സതാംപ്റ്റന്‍: ഐസിസി പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഈ മാസം 18ന് സതാംപ്റ്റണില്‍ നടക്കാന്‍ പോവുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുന്ന ഫൈനലില്‍ വിജയിയെ പ്രവചിക്കുക പ്രയാസമുള്ള കാര്യമാണ്. ഇന്ത്യയും ന്യൂസീലന്‍ഡും മികച്ച താരനിരയുള്ള ടീമുകളാണ്. വിരാട് കോലി,കെയ്ന്‍ വില്യംസണ്‍ എന്നീ പ്രതിഭാശാലികളായ ക്യാപ്റ്റന്‍മാരുടെ ശക്തി പരീക്ഷിക്കപ്പെടുന്ന ഫൈനല്‍ കൂടിയാണിത്.
ഇംഗ്ലണ്ടിലായതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക പങ്കാണുള്ളത്. ഇത്തവണ ഇന്ത്യയുടെ ആത്മവിശ്വാസവും ബൗളര്‍മാരിലാണ്. ഇപ്പോഴിതാ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റവും തിളങ്ങാന്‍ സാധ്യതയുള്ള രണ്ട് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍. ഇന്ത്യയുടെ ആര്‍ അശ്വിനെയും ന്യൂസീലന്‍ഡിന്റെ ടിം സൗത്തിയേയുമാണ് നിര്‍ണ്ണായക ബൗളര്‍മാരെന്ന് പനേസര്‍ വിശേഷിപ്പിച്ചത്.

'നിരവധി ഇടം കൈയന്‍മാരാണ് ന്യൂസീലന്‍ഡ് നിരയിലുള്ളത്.അതിനാല്‍ത്തന്നെ മാച്ച് വിന്നറാവാന്‍ അശ്വിന് സാധിക്കും.മത്സരത്തില്‍ വ്യത്യാസം ഉണ്ടാക്കാന്‍ പോകുന്നത് അശ്വിനാണ്. ടിം സൗത്തിയും നന്നായി പന്തെറിയുന്നുണ്ട്. ന്യൂസീലന്‍ഡിനായി മത്സരഗതി മാറ്റിമറിക്കാന്‍ പോകുന്നത് സൗത്തിയാവും. അശ്വിന് ഇടം കൈയ്യന്‍മാരെ അനായാസമായി പുറത്താക്കാനാവും. അങ്ങനെ സംഭവിച്ചാല്‍ ന്യൂസീലന്‍ഡ് കുഴപ്പത്തിലാവും.
അശ്വിന് തിളങ്ങാനാവാതെ പോയാല്‍ പേസര്‍മാര്‍ക്കത് വലിയ സമ്മര്‍ദ്ദമുണ്ടാക്കും. ഇന്ത്യയില്‍ ചെയ്തത് അശ്വിന് ആവര്‍ത്തിക്കാനായാല്‍ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാക്കാം.മികച്ച കാലാവസ്ഥയാണുള്ളത്. വിക്കറ്റ് ടേണിനെ പിന്തുണച്ചേക്കും. അങ്ങനെയാണെങ്കില്‍ രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോയേക്കും. രവീന്ദ്ര ജഡേജ ടീമില്‍ വേണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആഗ്രഹിക്കുന്നുണ്ട്'-മോണ്ടി പനേസര്‍ പിടിഐയോട് പറഞ്ഞു.
നിലവില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് ന്യൂസീലന്‍ഡ്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനായി ടിം സൗത്തി പന്ത് കൊണ്ട് തിളങ്ങിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഡെവോണ്‍ കോണ്‍വെ ഇരട്ട സെഞ്ച്വറിയും നേടി. 'ന്യൂസീലന്‍ഡിന് മികച്ച ടീമുണ്ടെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരേ മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. ഇടം കൈയ്യന്‍മാര്‍ ന്യൂസീലന്‍ഡ് നിരയില്‍ കൂടുതലുള്ളതിനാല്‍ ആര്‍ അശ്വിനാവും സ്പിന്നറെന്ന നിലയില്‍ പ്രഥമ പരിഗണ ലഭിക്കാന്‍ സാധ്യത'-പനേസര്‍ കൂട്ടിച്ചേര്‍ത്തു.
ടിം സൗത്തി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് സൗത്തിയുടെ പ്രത്യേകത. ഡ്യൂക്‌സ് പന്തില്‍ ഇംഗ്ലണ്ടില്‍ സ്വിങ് ബൗളര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നതിനാല്‍ സൗത്തി തിളങ്ങാനുള്ള സാധ്യത കൂടുതലാണ്.