For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: കോലിക്കു കാത്തിരിക്കണം, ഇന്ത്യക്കും- ന്യൂസിലാന്‍ഡ് ലോക ചാംപ്യന്‍മാര്‍

ന്യൂസിലാന്‍ഡിന്റെ രണ്ടാത്തെ ഐസിസി ട്രോഫിയാണിത്

സതാംപ്റ്റണ്‍: വിരാട് കോലിക്കു കീഴില്‍ ആദ്യത്തെ ഐസിസി ട്രോഫിക്കു വേണ്ടി ഇന്ത്യ ഇനിയും കാത്തിരിക്കണം. ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ എട്ടു തകര്‍ത്ത് ന്യൂസിലാന്‍ഡ് ജേതാക്കളായി. അവരുടെ രണ്ടാമത്തെ ഐസിസി കിരീട വിജയമാണിത്. നേരത്തേ 2000ത്തിലെ ചാംപ്യന്‍സ് ട്രോഫി (ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റ്) സ്വന്തമാക്കിയതായിരുന്നു കിവികളുടെ ഏറ്റവും വലിയ നേട്ടം. അന്നും ഇന്ത്യയെയായിരുന്നു ഫൈനലില്‍ ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ നിര്‍ഭാഗ്യം കൊണ്ടു കൈവിട്ടുപോയതിന്റെ ക്ഷീണം ഇത്തവണ അവിടെ വച്ചുതന്നെ ന്യൂസിലാന്‍ഡ് തീര്‍ക്കുകയായിരുന്നു.

1

ഇന്ത്യയാവട്ടെ 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ആദ്യ ഐസിസി കിരീടമായിരുന്നു സ്വപ്‌നം കണ്ടത്. അന്നത്തെ ഇന്ത്യയുടെ കിരീടനേട്ടത്തിന്റെ എട്ടാം വാര്‍ഷിക ദിനം കൂടിയായിരുന്നു ഇന്ന്. പക്ഷെ അന്നത്തെ ഭാഗ്യദിനം ഇന്ത്യക്കു ഇന്നു നിര്‍ഭാഗ്യദിവസമായി മാറി. കോലിക്കു കീഴില്‍ രണ്ടാം തവണയാണ് ഇന്ത്യക്കു ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കാലിടറിയത്. 2017ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലിലും കോലിക്കു പിഴച്ചിരുന്നു. അന്നു ചിരവൈരികളായ പാകിസ്താനോടായിരുന്നു ഇന്ത്യ കീഴടങ്ങിയത്.

2

മഴയെ തുടര്‍ന്നു രണ്ടു ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചിട്ടും ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ വാരിക്കളയാന്‍ കെയ്ന്‍ വില്ല്യംസണിനും സംഘത്തിനും സാധിച്ചു. രണ്ടിന്നിങ്‌സുകളിലും ഇന്ത്യക്കുമേല്‍ ആധിപത്യം പുലര്‍ത്തിയ കിവികള്‍ അര്‍ഹിച്ച കിരീടനേട്ടം കൂടിയാണിത്. ബാറ്റിങ് നിരയാണ് മല്‍സരത്തില്‍ ഇന്ത്യയെ ചതിച്ചത്. രണ്ടിന്നിങ്‌സുകളിലും ഇന്ത്യന്‍ ബാറ്റിങ് നിര ഫ്‌ളോപ്പായി മാറി. ഫൈനലിന്റെ ആറാം ദിവസവും റിസര്‍വ് ദിനവുമായ ഇന്ന് 139 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം മാത്രമാണ് കിവികള്‍ക്കു മുന്നില്‍ വയ്ക്കാന്‍ ഇന്ത്യക്കായത്. ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ അതു മറികടക്കുകയും ചെയ്തു. സ്‌കോര്‍: ഇന്ത്യ 217, 170. ന്യൂസിലാന്‍ഡ് 249, രണ്ടിന് 140.

ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് വെറും 170 റണ്‍സില്‍ അവസാനിച്ചപ്പോള്‍ തന്നെ കിവികള്‍ ലോക കിരീടമുറപ്പിച്ചിരുന്നു. ടോം ലാതം (9), ഡെവന്‍ കോണ്‍വേ (19) എന്നിവരെ ടീം സ്‌കോര്‍ 44 ആയപ്പോഴേക്കും മടക്കാന്‍ ഇന്ത്യക്കായെങ്കിലും നായകന്‍ വില്ല്യംസണും (52*) പരിചയസമ്പന്നനായ ടെയ്‌ലറും (47*) ചേര്‍ന്ന് കിവികളെ വിജയത്തിലേക്കു നയിച്ചു. 89 ബോളില്‍ എട്ടു ബൗണ്ടറികളോടെയാണ് വില്ല്യംസണ്‍ റണ്‍സെടുത്തത്. ടെയ്‌ലര്‍ 100 ബോളില്‍ ബൗണ്ടറികളും നേടി. രണ്ടു വിക്കറ്റുകളും ആര്‍ അശ്വിനായിരുന്നു.

3

രണ്ടു വിക്കറ്റിന് 64 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ഇന്നു രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് പുനരാരംഭിച്ചത്. ലഞ്ച് ബ്രേക്കിനു പിന്നാലെ രണ്ടാം സെഷനില്‍ ഇന്ത്യയെ വെറും 170 റണ്‍സിന് കിവികള്‍ എറിഞ്ഞിടുകയായിരുന്നു. റിഷഭ് പന്ത് (41) മാത്രമാണ് ഇന്ത്യക്കു വേണ്ടി പൊരുതിനോക്കിയത്. 88 ബോളില്‍ നാലു ബൗണ്ടറികളോടെയായിരുന്നു റിഷഭ് 41 റണ്‍സ് നേടിയത്. ഓപ്പണര്‍ രോഹിത് ശര്‍മയാണ് (30) മറ്റൊരു പ്രധാന സ്‌കോറര്‍. ശേഷിച്ചവരൊന്നും 20 റണ്‍സ് തികച്ചില്ല. ശുഭ്മാന്‍ ഗില്‍ (8), ചേതേശ്വര്‍ പുജാര (15), നായകന്‍ വിരാട് കോലി (13), അജിങ്ക്യ രഹാനെ (15), രവീന്ദ്ര ജഡേജ (16), ആര്‍ അശ്വിന്‍ (7), മുഹമ്മദ് ഷമി (13), ഇഷാന്ത് ശര്‍മ (1), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍ കാര്‍ഡ്. നാലു വിക്കറ്റെടുത്ത ടിം സൗത്തിയും മൂന്നു വിക്കറ്റ് പിഴുത ട്രെന്റ് ബോള്‍ട്ടുമാണ് ഇന്ത്യയുടെ കഥ കഴിച്ചത്. കൈല്‍ ജാമിസണ്‍ രണ്ടും നീല്‍ വാഗ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.

4

ആറാംദിനം ആദ്യ സെഷനില്‍ മൂന്നു വിലപ്പെട്ട വിക്കറ്റുകള്‍ കൈവിട്ടപ്പോള്‍ തന്നെ ഇന്ത്യയുടെ വിധി കുറിക്കപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി (13), ചേതേശ്വര്‍ പുജാര (15), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (15) എന്നിവരാണ് ലഞ്ച് ബ്രേക്കിനു മുമ്പ് പുറത്തായത്. ഇന്ത്യക്കു ആദ്യ സെഷനില്‍ 66 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാനായത്.

കോലിയെയാണ് ഇന്ത്യക്കു ഇന്നു ആദ്യം നഷ്ടമായത്. വമ്പന്‍ ഇന്നിങ്‌സുമായി അദ്ദേഹം ടീമിന്റെ രക്ഷകനാവുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആര്‍സിബിയിലെ ടീമായ ജാമിസണിനു മുന്നില്‍ കോലിക്കു വീണ്ടും പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ വിക്കറ്റ് കീപ്പര്‍ വാട്‌ലിങ് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കി.

തന്റെ അടുത്ത ഓവറില്‍ ജാമിസണ്‍ പുജാരയെയും വീഴ്ത്തിയതോടെ ഇന്ത്യ സ്തബ്ധരായി. ജാമിസണിന്റെ തകര്‍പ്പന്‍ ബോള്‍ പുജാരയുടെ ഏകാഗ്രത തെറ്റിക്കുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച പുജാരയുടെ ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ സ്ലിപ്പില്‍ റോസ് ടെയ്‌ലറുടെ കൈകളിലൊതുങ്ങി. എന്നാല്‍ രഹാനെയുടെ പുറത്താവല്‍ നിര്‍ഭാഗ്യകരമായിരുന്നു. ബോളിന്റെ നിരുപദ്രവകാരിയായ ബോളിലാണ് രഹാനെ വിക്കറ്റ് കൈവിട്ടത്. ലെഗ് സൈഡിലൂടെ പോയ ബോള്‍ ഒഴിവാക്കുന്നതിനു പകരം ഫൈന്‍ ലെഗിലേക്കു ഷോട്ട് കളിക്കാനാണ് ശ്രമിച്ചപ്പോള്‍ ബാറ്റില്‍ ഉരസിയ ബോള്‍ വാട്‌ലിങ് ക്യാച്ച് ചെയ്തു.

5

അഞ്ചാദിനം ഓപ്പണര്‍മാരായ രോഹിത് ശര്‍മ (30), ശുഭ്മാന്‍ ഗില്‍ (8) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഇതാണ് കിവികളെ കളിയില്‍ ഡ്രൈവിങ് സീറ്റിലെത്തിച്ചത്. ഒന്നാമിന്നിങ്‌സില്‍ 32 റണ്‍സിന്റെ ലീഡായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 217 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് 249 റണ്‍സെടുത്തിരുന്നു. ഡെവന്‍ കോണ്‍വേ (54), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (49) എന്നിവരായിരുന്നു കിവികളുടെ സ്‌കോറര്‍മാര്‍. ടോം ലാതവും ടിം സൗത്തിയും 30 റണ്‍സ് വീതമെടുത്തു. നാലു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമിയായിരുന്നു ഇന്ത്യന്‍ ബൗൡങില്‍ മികച്ചുനിന്നത്. ഇഷാന്ത് ശര്‍മ മൂന്നും ആര്‍ അശ്വിന്‍ രണ്ടും വിക്കറ്റുകളെടുത്തിരുന്നു. രവീന്ദ്ര ജഡേജയ്ക്കു ഒരു വിക്കറ്റ് ലഭിച്ചു. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല.

ഒരു ഘട്ടത്തില്‍ ആറിന് 162 റണ്‍സിലേക്കു കിവികളെ ഒതുക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതോടെ ഇന്ത്യ ലീഡ് നേടുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ കിവി വാലറ്റക്കാരുടെ പോരാട്ടവീര്യം ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. സൗത്തിയെക്കൂടാതെ കൈല്‍ ജാമിസണ്‍ (20), കോളിന്‍ ഡി ഗ്രാന്‍ഡോം (13) എന്നിവരും ടീം സ്‌കോറിലേക്കു മോശമല്ലാത്ത സംഭാവനകള്‍ നല്‍തി.

മഴയെ തുടര്‍ന്ന രണ്ടു ദിവസത്തെ മല്‍സരം ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഒന്നാംദിനത്തിലെയും നാലാം ദിനത്തിലെയും മല്‍സരമായിരുന്നു മഴയില്‍ മുങ്ങിയത്. വെളിച്ചക്കുറവും മല്‍സരത്തിനു വില്ലനായിരുന്നു. രണ്ടാം ദിനം പല തവണ വെളിച്ചക്കുറവ് കാരണം മല്‍സരം തടസ്സപ്പെട്ടിരുന്നു. നിരവധി ഓവറുകളും ഇതുകാരണം നഷ്ടമാവുകയും ചെയ്തിരുന്നു. ഇതു കാരണമാണ് റിസര്‍വ് ദിനത്തിലേക്കു കളി നീണ്ടത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ന്യൂസിലാന്‍ഡ്-ടോം ലാതം, ഡെവന്‍ കോണ്‍വേ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ബിജെ വാട്‌ലിങ് (വിക്കറ്റ് കീപ്പര്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, കൈല്‍ ജാമിസണ്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബോള്‍ട്ട്.

Story first published: Wednesday, June 23, 2021, 23:14 [IST]
Other articles published on Jun 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+