സിഡ്‌നി: ആധുനിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റര്‍ ബൗളര്‍ ആരെന്ന് ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും ഓരോ ഉത്തരം ആയിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച ബൗളര്‍മാരെ പരിഗണിച്ചാല്‍ പ്രധാനമായും ആര്‍ അശ്വിന്റെ പേര് തന്നെയാവും പറയേണ്ടത്. ഏത് മൈതാനത്തും ഇന്ത്യക്കായി മികച്ച പ്രകടനമാണ് സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍ നടത്തിയിരിക്കുന്നത്.
അശ്വിന്റെ അരങ്ങേറ്റത്തിന് ശേഷം മൂന്ന് ഫോര്‍മാറ്റിലുമായുള്ള വിക്കറ്റ് നേട്ടക്കാരില്‍ അശ്വിനാണ് മുന്നില്‍. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് അശ്വനില്‍ ഉള്ളത്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്കായി തിളങ്ങാന്‍ അശ്വിന് സാധിച്ചിരുന്നു. ഇപ്പോഴിതാ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളര്‍ ആര്‍ അശ്വിനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഇയാന്‍ ചാപ്പല്‍. സഞ്ജയ് മഞ്ജരേക്കര്‍ അശ്വിനെ എക്കാലത്തെയും മികച്ചവനെന്ന് വിളിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് സഞ്ജയുടെ അഭിപ്രായത്തിനെതിരേ ഒന്ന് രണ്ട് പോയിന്റുകള്‍ പറയാനുണ്ട്. നിങ്ങള്‍ ജോയല്‍ ഗാര്‍നറിനെ നോക്കുക. എത്ര അഞ്ച് വിക്കറ്റ് പ്രകടനം ജോയലിന്റെ പേരിലുണ്ട്. അധിമമൊന്നും ഇല്ല. എന്നാല്‍ അവന്‍ എത്രത്തോളം മികവുള്ളവനാണെന്ന് അവന്റെ റെക്കോഡുകള്‍ നോക്കുക. ഇന്ത്യയുടെ ബൗളിങ് ആക്രമണം വളരെ മികച്ചതാണെന്നാണ് കരുതുന്നത്. ഇംഗ്ലണ്ട് താരങ്ങള്‍ അശ്വിനെയും അക്ഷറിനെയും വളരെ കരുതലോടെ മാത്രമെ നേരിടൂ ഉള്ളുവെന്നാണ് കരുതുന്നത്'- മുന്‍ ഓസീസ് നായകനായ ചാപ്പല്‍ പറഞ്ഞു.

34കാരനായ അശ്വിന്‍ 78 ടെസ്റ്റില്‍ നിന്ന് 409 വിക്കറ്റും 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റുമാണ് വീഴ്ത്തിയത്. ടെസ്റ്റില്‍ 2656 റണ്‍സും അശ്വിന്റെ പേരിലുള്ളത്. ഇന്ത്യ മൈതാനങ്ങളില്‍ വളരെ ശക്തനായ അശ്വിന്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ വിദേശ മൈതാനങ്ങളില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടില്ല.
നിലവിലെ മറ്റ് മികച്ച ബൗളര്‍മാരെയും ചാപ്പല്‍ തിരഞ്ഞെടുത്തു. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, കഗിസോ റബാദ എന്നിവരെയാണ് അദ്ദേഹം പ്രമുഖ മൂന്ന് ബൗളര്‍മാരായി പറഞ്ഞത്. പാറ്റ് കമ്മിന്‍സിനെയും അദ്ദേഹം മികച്ച ബൗളറെന്നാണ് വിശേഷിപ്പിച്ചത്. അശ്വിന്‍ ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണിനെക്കാളും മികച്ചവനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുവരുടെയും കണക്കുകള്‍ നോക്കിയാല്‍ അത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.