ഐപിഎല്‍: ഇവരെ എന്തിന് കാത്തു? ഭാജി മുതല്‍ ബിന്നി വരെ... ഫ്രാഞ്ചൈസികളുടെ പിഴവുകള്‍

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നേരത്തേ കൈമാറിയിരുന്നു. ചില ടീമുകള്‍ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിയപ്പോള്‍ മറ്റു ചിലര്‍ പകുതിയിലേറെയും പേരെ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു. ഒഴിവാക്കപ്പെട്ട താരങ്ങളെ ഉള്‍പ്പെടുത്തി ഡിസംബറിലാണ് ലേലം നടക്കുന്നത്.
ചില താരങ്ങളെ നിലനിര്‍ത്താനുള്ള ഫ്രാഞ്ചൈസികളുടെ തീരുമാനം പലരെയും അമ്പരപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഫ്രാഞ്ചൈസികള്‍ക്കു പാളിപ്പോയ ചില നിലനിര്‍ത്തലുകള്‍ ആരൊക്കെയാണെന്നു നോക്കാം.

ബെന്‍ സ്‌റ്റോക്‌സ്
കഴിഞ്ഞ രണ്ടു സീസണുകളിലെയും ലേലത്തിലെ രാജാവായിരുന്നു ഇംഗ്ലീഷ് ഓള്‍റൗണ്ടറായ ബെന്‍ സ്‌റ്റോക്‌സ്. 2017ല്‍ 14 കോടി രൂപയ്ക്കു റൈസിങ് പൂനെ ജയന്റ്‌സും കഴിഞ്ഞ തവണ 12 കോടിക്കു രാജസ്ഥാന്‍ റോയല്‍സും താരത്തെ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ജഴ്‌സിയില്‍ സ്‌റ്റോക്ക് വന്‍ ഫ്‌ളോപ്പായി മാറി.
അടുത്ത സീസണിന്റെ ഐപിഎല്ലിനിടെ മേയില്‍ പാകിസ്താനുമായി ഇംഗ്ലണ്ട് ഏകദിന പരമ്പര കളിക്കുന്നുണ്ട്. അപ്പോള്‍ സ്‌റ്റോക്‌സിന് രാജസ്ഥാന്‍ വിടേണ്ടിവരും. അതുകൊണ്ടു തന്നെ ഇപ്പോള്‍ സ്‌റ്റോക്‌സിനെ ഒഴിവാക്കി പകരം ലേലത്തില്‍ കുറച്ചു കൂടി കുറഞ്ഞ തുകയ്ക്കു താരത്തെ ടീമിലേക്കു തിരികെയെത്തിക്കാനായിരുന്നു രാജസ്ഥാന്‍ ശ്രമിക്കേണ്ടിയിരുന്നത്.

മനീഷ് പാണ്ഡെ
കര്‍ണായക താരമായ മനീഷ് പാണ്ഡെ കഴിഞ്ഞ സീസണിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗമായത്. എന്നാല്‍ 15 മല്‍സരങ്ങളില്‍ നിന്നും വെറും 284 റണ്‍സാണ് പാണ്ഡെയ്ക്കു നേടാനായത്. എങ്കിലും പുതിയ സീസണില്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമിലെ സ്ഥിരാംഗം പോലുമല്ല പാണ്ഡെ. അങ്ങനെയൊരു താരത്തെ നിലനിര്‍ത്തിയ സണ്‍റൈസേഴ്‌സിന് അടുത്ത സീസണില്‍ ഇതിനു വലിയ വില കൊടുക്കേണ്ടിവരും.

സ്റ്റുവര്‍ട്ട് ബിന്നി
34കാരനായ ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. 2016ല്‍ ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച ശേഷം ബിന്നിയെ ആരും അത്ര ശ്രദ്ധിച്ചിട്ടില്ല. കഴിഞ്ഞ സീസണിലെ ലേലത്തില്‍ താരത്തെ രാജസ്ഥാന്‍ ടീമിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു. 2013ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ മിന്നും താരമായിരുന്നു ബിന്നി. ഇതാണ് അദ്ദേഹത്തെ വീണ്ടും ടീമിലെത്തിക്കാന്‍ രാജസ്ഥാനെ പ്രചോദിപ്പിച്ചത്.
എന്നാല്‍ ഏഴു മല്‍സരങ്ങളില്‍ കളിച്ച പിന്നിട്ട് വെറും 44 റണ്‍സാണ് നേടാനായത്. എന്നിട്ടും പുതിയ സീസണില്‍ ബിന്നിയെ എന്തിനാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസമായ ഹര്‍ഭജന്‍ സിങിനെ ചെന്നൈ സൂപ്പര്‍കിങ്‌സ് ടീമില്‍ നിലനിര്‍ത്തിയതും ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു. 10 വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ അവിഭാജ്യ ഘടകമായിരുന്ന ഭാജി കഴിഞ്ഞ സീസണിലാണ് സിഎസ്‌കെയിലെത്തിയത്. എന്നാല്‍ മുംബൈക്കായി നടത്തിയതു പോലൊരു പ്രകടനം ചെന്നൈയില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 13 മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റാണ് ഭാജിക്കു നേടാനായത്.
38 കാരനായ ഹര്‍ഭജന് ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കാനുള്ള ചെന്നൈയുടെ തീരുമാനം വലിയൊരു റിസ്‌ക്ക് തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications