നാവി മുംബൈ: വനിതാ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് ത്രില്ലിങ് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഞെട്ടിച്ചിരിക്കുകയാണ് മുന്‍ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ മൂന്നു വിക്കറ്റിന്റെ നാടകീയ വിജയമാണ് സ്മൃതി മന്ദനയും സംഘവും കൈക്കലാക്കിയത്.
ജയത്തിനു തൊട്ടരികെ നിന്നാണ് ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ തോല്‍വിയിലേക്കു വീണത്. അവസാന ഓവറില്‍ മുംബൈയില്‍ നിന്നും കളി തട്ടിയെടുത്തത് സൗത്താഫ്രിക്കന്‍ താരം നദീന്‍ ഡി ക്ലെര്‍ക്കാണ്. 155 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് ആര്‍സിബിക്കു മുംബൈ നല്‍കിയത്.

മറുപടിയില്‍ 19ാം ഓവര്‍ വരെ കളി മുംബൈയ്ക്കു അനുകൂലമായിരുന്നു. ഷബ്‌നിം ഇസ്മായിലെറിഞ്ഞ ഈ ഓവറില്‍ രണ്ടു ഫോറടക്കം 11 റണ്‍സാണ് ആര്‍സിബിക്കു ലഭിച്ചത്, ആദ്യ ബോളി്ല്‍ നദീന്റെ ക്യാച്ച് സിവര്‍ ബ്രന്റ് പാഴാക്കുകയും ചെയ്തിരുന്നു. അവസാന ഓവറില്‍ മൂന്നു വിക്കറ്റ് ശേഷിക്കെ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടത് 18 റണ്‍സ്.
അവരുടെ മുഴുവന്‍ പ്രതീക്ഷകളും മികച്ച ഫിനിഷര്‍ കൂടിയായ നദീനിലായിരുന്നു. ബ്രന്റിനെയാണ് മുംബൈ ക്യാപ്റ്റന്‍ കൗര്‍ ഈ ഓവറേല്‍പ്പിച്ചത്, സ്‌ട്രൈക്ക് നേരിട്ടത് നദീന്‍. ആദ്യത്തെ രണ്ടു ബോളിലും റണ്ണൊന്നുമില്ല. ഇഇതോടെ നാലു ബോളില്‍ ജയിക്കാന്‍ വേണ്ടത് 18 റണ്‍സ്.
ആര്‍സിബി കളി തോല്‍ക്കുമെന്നു ഉറപ്പിച്ച നിമിഷം. പക്ഷെ നദീന്റെ മാജിക്കല്‍ പ്രകടനത്തിലാണ് പിന്നീട് സ്റ്റേഡിയം സാക്ഷിയായത്. മൂന്നാമത്തെ ബോള്‍ ലോങ് ഓഫിനു മുകളിലൂടെ അവര്‍ സിക്‌സറിലേക്കു പറത്തി. അടുത്ത ബോള്‍ ബാക്ക്‌വേര്‍ഡ് സ്‌ക്വയറിലൂടെ നദീന്‍ ബൗണ്ടറിയിലെത്തിച്ചു.
അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. ബ്രന്റ് പരീക്ഷിച്ച സ്ലോ ബോള്‍ കൗ കോര്‍ണറിനു മൂകളിലൂടെയാണ് നദീന്‍ സിക്‌സറിലെത്തിച്ചത്. ഇതോടെ അവസാന ബോളില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്. ഒരു റണ്ണെടുത്താല്‍ കളി ടൈ!
പക്ഷെ നദീന് മല്‍സരം ടൈയിലേക്കും സൂപ്പര്‍ ഓവറിലേക്കും നീട്ടാന്‍ താല്‍പ്പര്യമില്ലായിരുന്നു. അവസാന ബോള്‍ സ്‌ട്രെയ്റ്റ് ഷോട്ടിലൂടെ ബൗണ്ടറിയിലെത്തിച്ച് ആര്‍സിബിക്കു നദീന്‍ ത്രില്ലിങ് ജയം സമ്മാനിക്കുകയായിരുന്നു.
44 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടക്കം 63 റണ്‍സെടുത്ത നദീനാണ് കളിയിലെ താരമായത്. മറ്റാരും തന്നെ 25 പ്ലസ് റണ്‍സ് പോലും നേടിയില്ല. മുംബൈയ്ക്കു വേണ്ടി നിക്കോള കറേയും അമേലിയ കെറും രണ്ടു വീതം വിക്കറ്റുകളെടുത്തു.

സൂപ്പര്‍ സജന
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സിനെ ആറു വിക്കറ്റിന് 154 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത് മലയാളി താരം സജന സജീവനാണ്. ആറാം നമ്പറില്‍ ഇറങ്ങിയ അവര്‍ 45 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി.
വെറും 25 ബോളില്‍ ഏഴു ഫോറുകളും ഒകു സിക്‌സറുമുള്‍പ്പെട്ടതാണ് സജനയുടെ ഇന്നിങ്‌സ്. മുംബൈയുടെ മറ്റൊരു പ്രധാന സ്‌കോറര്‍ നിക്കോള കറെയാണ്. 29 ബോളില്‍ നാലു ഫോറടക്കം അവര്‍ 40 റണ്‍സ് നേടി.
ബാറ്റിങില്‍ ആര്‍സിബിയുടെ വിജയശില്‍പ്പിയായി മാറിയ നദീന്‍ ഡി ക്ലെര്‍ക്ക് ബൗളിങിലും മിന്നിച്ചു. നാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റുകളാണ് അവര്‍ സ്വന്തമാക്കിയത്.