ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍ താരമാണ് ഓപ്പണിങ് ബാറ്ററായ സ്മൃതി മന്ദന. വെടിക്കെട്ട് ബാറ്റിങ് കൊണ്ടു മാത്രമല്ല ബോളിവുഡ് നടിയെ വെല്ലുന്ന ലുക്കും ഫിറ്റ്‌നസും കൊണ്ട് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഹരമാണ് ഇപ്പോൾ സ്മൃതി. നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള ഈ 27കാരി.
ഫിറ്റ്‌നസിലും ഭക്ഷണ ക്രമത്തിലുമെല്ലാം വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് സ്മൃതി. ഉയര്‍ന്ന നിലവാരത്തില്‍ സ്ഥിരതയുള്ള പ്രകടനങ്ങള്‍ നടത്താന്‍ തുടച്ചര്‍യായി അവരെ സഹായിക്കുന്നതും ഇതു തന്നെയാണ്. എന്താണ് സ്മൃതിയുടെ ഈ മികച്ച ഫിറ്റ്‌നസിന്റെ രഹസ്യം? താരത്തിന്റെ ഭക്ഷണക്രമം, വര്‍ക്കൗട്ട് പ്ലാന്‍ എന്നിവയെക്കുറിച്ചറിയാം.

ദിവസേനയുള്ള ഓട്ടത്തതിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നയാളാണ് സ്മൃതി മന്ദന. ഫീല്‍ഡില്‍ തന്റെ സഹനശക്തി വര്‍ധിപ്പിക്കുന്നതില്‍ ഇതു വളരെ നിര്‍ണായകമാണെന്നു താരം പറയുന്നു. ഓഫ് സീസണുകളില്‍ വളരെ കഠിനമായി പരിശീലനം നടത്താറുണ്ടെന്നായിരുന്നു ഒരിക്കല്‍ സ്മൃതി വെളിപ്പെടുത്തിയത്.
ഭക്ഷണ കാര്യമെടുത്താല്‍ വളരെ സന്തുലിതമായ ഭക്ഷണക്രമം പാലിക്കാനാണ് താരം എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. പോഷകാഹാരം ഫിറ്റ്‌നസിന്റെ ഒരു പ്രധാന വശമായി മാറിയിരിക്കുകയാണെന്നാണ് സ്മൃതിയുടെ അഭിപ്രായം. ഭക്ഷണത്തില്‍ പ്രോട്ടീനിന്റെയും ജലാംശത്തിന്റെ പ്രാധാന്യം അത്രമേല്‍ വലുതാണെന്നും താരം കരുതുന്നു.
ക്രിക്കറ്ററാവുകയെന്നത് കുട്ടിക്കാലം മുതലുള്ള സ്മൃതിയുടെ സ്വപ്‌നമായിരുന്നു. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ കളിക്കുന്നതിനെക്കുറിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ താരം ആഗ്രഹിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചതോടെയാണ് ദേശീയ ടീമില്‍ മിതാലി രാജ്, ജുലാന്‍ ഗോസ്വാമി തുടങ്ങിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം കളിക്കാനുള്ള സ്മൃതിയുടെ മോഹങ്ങള്‍ക്കു ചിറക് മുളയ്ക്കുന്നത്.
കളിക്കളത്തിനു പുറത്ത് അധികം മേക്കപ്പുകളൊന്നും ഇഷ്ടപ്പെടാത്തയാളാണ് സ്മൃതി. വളരെ പരിമിതമായ രീതിയില്‍ മാത്രമേ താരം മേക്കപ്പ് ചെയ്യാറുള്ളൂ. കടുത്ത വെയില്‍, ചൂട് എന്നിവയില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കുന്നതിലാണ് സ്മൃതി കൂടുതല്‍ പ്രാധാന്യം നല്‍കാറുള്ളത്. ചര്‍മ സംരക്ഷണത്തിനായി വാസെലിന്‍ സണ്‍, പ്രോട്ടീന്‍ ലോഷന്‍ എന്നിവയെല്ലാം താരം ഉപയോഗിക്കുകയും ചെയ്യാറുണ്ട്.

സ്മൃതിയെ സംബന്ധിച്ച് ക്രിക്കറ്റെന്നത് ഒരു ഗെയിം മാത്രമല്ല, അതൊരു ജീവിതപാഠം കൂടിയാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതോടൊപ്പം വിജയത്തെയും പരാജയത്തെയും എങ്ങനെ സമചിത്തതയോടെ നേരിടാമെന്നു താരത്തെ പഠിപ്പിച്ചത് ക്രിക്കറ്റാണ്. ഒരു മല്‍സരത്തിനു മുമ്പ് എളുപ്പമുള്ള ജിം സെഷനുകൾക്കാണ് സ്മൃതി മുന്‍ഗണന നല്‍കാറുള്ളത്. അതു സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും താരം വിശ്വസിക്കുന്നു.
സ്മൃതിയുടെ ഏറ്റവും വലിയ ലക്ഷ്യമെന്നത് ഇന്ത്യന്‍ ടീമിനോടൊപ്പം ലോകകപ്പ് നേടുകയെന്നതാണ്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യ നല്‍കാറുള്ളതെന്നാണ് താരം പറയുന്നത്. ക്രിക്കറ്റെന്ന ഗെയിമിനോടുള്ള സ്മൃതിയുടെ പ്രതിബദ്ധതയും ആത്മാര്‍ഥതയുമെല്ലാമാണ് ഇതു കാണിച്ചുതരുന്നത്.
സ്മൃതിയുടെ ജീവിതത്തിലെ നെടുതൂണെന്നു പറയാവുന്നത് കുടുംബമാണ്. ക്രിക്കറ്റില്‍ താന്‍ ഇപ്പോള്‍ എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് അച്ഛനും അമ്മയ്ക്കുമാണെന്നാണ് സ്മൃതി പറയുന്നത്. സാമൂഹികമായ പല എതിര്‍പ്പുകളും തുടക്കത്തില്‍ നേരിടേണ്ടി വന്നെങ്കിലും അവയെയെല്ലാം മറികടന്ന് സ്മൃതി വലിയ ഉയരങ്ങള്‍ കീഴടക്കിയതിനു പിന്നില്‍ കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോല്‍സാഹനവുമാണ്.