WTC: രണ്ട് തവണ ഫൈനല്‍ കളിച്ചു, ഇത്തവണ ഇന്ത്യ വിയര്‍ക്കും! കാരണങ്ങള്‍ ഇതാ
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരകള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. അവസാന രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനല്‍ കളിച്ച ടീമാണ് ഇന്ത്യ. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. അവസാന രണ്ട് സീസണിലും ഫൈനലില്‍ ഇന്ത്യ കലമുടച്ചിരുന്നു.
ഇത്തവണ ഇന്ത്യക്ക് കപ്പിലേക്കെത്താമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിയോടെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുകയാണ്. ഇത്തവണ പ്രതീക്ഷിച്ച നിലവാരം ഇന്ത്യ കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇത്തവണ ഫൈനലിലേക്കെത്തുക വലിയ വെല്ലുവിളിയാവും. ഇന്ത്യയുടെ ശേഷിക്കുന്ന പരമ്പരകള്‍ വിലയിരുത്തി ടീമിന്റെ ഫൈനല്‍ സാധ്യത വിലയിരുത്താം.
ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ട് പരമ്പരയാണ്. ഇന്ത്യയിലാണ് പരമ്പര നടക്കുന്നത് എന്നതിനാല്‍ ടീമിന് പ്രതീക്ഷയുണ്ട്. പക്ഷെ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരേ കളിക്കുന്നത്. ജനുവരിയിലും ഫെബ്രുവരിയിലുമായാണ് ഈ പരമ്പര നടക്കുന്നത്. ഈ പരമ്പര സമനിലയായാല്‍പ്പോലും ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും.
നിലവിലെ ഇന്ത്യയുടെ ഫോം പരിശോധിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരേ പരമ്പര നേടുക കടുപ്പമായിരിക്കും. ഇന്ത്യയുടെ നാട്ടിലെ കണക്കുകള്‍ മികച്ചതാണ്. ഇംഗ്ലണ്ടിന് അടുത്തൊന്നും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പ്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ബംഗ്ലാദേശ് പരമ്പരയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര സെപ്തംബറിലും ഒക്ടോബറിലുമായാണ് നടക്കുന്നത്.

ഈ പരമ്പരയില്‍ ഇന്ത്യ അനായാസ ജയം നേടിയേക്കും. തട്ടകത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് വീഴ്ത്തുമെന്ന് കരുതാനാവില്ല. എന്നാല്‍ ക്രിക്കറ്റില്‍ മുന്‍ വിധികള്‍ക്ക് സ്ഥാനമില്ല. ഇതിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ്. ഇതും ഇന്ത്യയിലാണ് നടക്കുന്നത് എന്നതിനാല്‍ ടീമിന് അല്‍പ്പം ആശ്വാസം. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഒക്ടോബറിലും നവംബറിലുമായാണ് നടക്കുന്നത്. ന്യൂസീലന്‍ഡിനെ എളുപ്പത്തില്‍ കീഴടക്കുക പ്രയാസമാവും.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച കരുത്തുള്ള ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയാലും അത്ഭുതപ്പെടാനാവില്ല. ഇതിന് ശേഷമാണ് ഇന്ത്യയുടെ ശരിയായ വെല്ലുവിളി കാത്തിരിക്കുന്നത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയയുടെ മടയിലെത്തിയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കളിക്കുന്നത്. നവംബറില്‍ ആരംഭിച്ച് 2025 ജനുവരിയിലാണ് ഈ പരമ്പര അവസാനിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി ഈ പരമ്പരയാണ്. ഇന്ത്യയോട് കണക്കുവീട്ടാന്‍ ഓസീസ് കാത്തിരിക്കുകയാണ്. റിഷഭ് പന്ത്, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങിയാല്‍ ഇന്ത്യക്ക് എന്ത് അത്ഭുതം കാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ അതുവരെ നായകസ്ഥാനത്ത് ഉണ്ടാവാന്‍ സാധ്യത കുറവാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് ശേഷം രോഹിത്തിന്റെ നായകസ്ഥാനം നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്.
ഇന്ത്യയുടെ ഇനിയുള്ള ടെസ്റ്റ് പരമ്പരകളില്‍ മൂന്ന് പരമ്പരയെങ്കിലും നേടാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് സമനിലയെങ്കിലും നേടാനാവണം. അല്ലാത്ത പക്ഷം ഇന്ത്യക്ക് ഫൈനലിലെത്തുക പ്രയാസമായിരിക്കും. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് പരമ്പരകള്‍ ഇന്ത്യക്ക് സ്വന്തമാക്കേണ്ടതായുണ്ട്. ഇന്ത്യയിലാണ് പരമ്പര നടക്കുന്നത് എന്നതിനാല്‍ പരമ്പര നേടിയെടുക്കാന്‍ ടീമിന് സാധിക്കണം.
അല്ലാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും. ഓസ്‌ട്രേലിയ ഫൈനലില്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. എതിര്‍ഭാഗത്ത് കലാശപ്പോരിന് ഇന്ത്യക്ക് ഇടം നേടിയെടുക്കാന്‍ സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications