For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup Qualifier: വിന്‍ഡീസ് 374, നെതര്‍ലാന്‍ഡ്‌സ് 374! സൂപ്പര്‍ ഓവറില്‍ വാന്‍ബീക്ക് ഷോ

ഹരാരെ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ക്വാളിഫയര്‍ പോരാട്ടത്തില്‍ നെതര്‍ലാന്‍ഡ്‌സിനു വിസ്മയ വിജയം. റണ്‍മഴ കണ്ട ത്രില്ലറിനൊടുവിലാണ് മുന്‍ ലോക ചാംപ്യന്മാര്‍ കൂടിയായ വിന്‍ഡീസിനെ വീഴ്ത്തി ഡച്ച് ടീം വിപ്ലവം കുറിച്ചത്. സൂപ്പര്‍ ഓവറിനൊടുവിലായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ അവിശ്വസനീയ വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ ആറു വിക്കറ്റിനു 374 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ നെതര്‍ലാന്‍ഡ്‌സിനു ആരും സാധ്യത കല്‍പ്പിച്ചില്ല.

എന്നാല്‍ ഡച്ച് ടീം ഇതേ നാണയത്തില്‍ തിരിച്ചിടിച്ച് വിന്‍ഡീസിനെ സ്തബ്ധരാക്കുകയായിരുന്നു. പക്ഷെ വിജയ റണ്‍സ് കുറിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. ഒമ്പതു വിക്കറ്റിനു നെതര്‍ലാന്‍ഡ്‌സ് 374 റണ്‍സ് തന്നെ നേടിയതോടെ കളി ടൈയാവുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാനത്തെ ഓവറില്‍ നെതര്‍ലാന്‍ഡ്‌സിനു ജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്പതു റണ്‍സായിരുന്നു. പക്ഷെ എട്ടു റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് മല്‍സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടത്.

netherlands win

നെതര്‍ലാന്‍ഡ്‌സായിരുന്നു സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്തത്. ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിനായി ബൗള്‍ ചെയ്തപ്പോള്‍ ക്രീസിലുണ്ടായിരുന്നത് ലോഗന്‍ വാന്‍ബീക്കായിരുന്നു. ഹോള്‍ഡറെ വാന്‍ബീക്ക് അക്ഷരാര്‍ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു. ആറു ബോളില്‍ 30 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഫോറും സിക്‌സറുകളുമല്ലാതെ ഒന്നും ആറു ബോളുകളിലും വാന്‍ബീക്ക് അടിച്ചില്ല.

ആദ്യ ബോളില്‍ ഫോറടിച്ചാണ് ഡച്ച് താരം തുടങ്ങിയത്. അടുത്ത ബോളില്‍ സിക്‌സര്‍. മൂന്നാമത്തെ ബോളില്‍ വാന്‍ബീക്ക് ഫോര്‍ നേടി. നാലാമത്തെയും അഞ്ചാമത്തെയും ബോളുകള്‍ സിക്‌സറിലേക്കു പറന്നു. എന്നിട്ടും അദ്ദേഹം നിര്‍ത്തിയില്ല. അവസാന ബോളില്‍ ഫോറുമടിച്ച് വാന്‍ബീക്ക് 30 റണ്‍സ് തികച്ചു.

വിന്‍ഡീസിനു ജയിക്കാന്‍ 31 റണ്‍സ് വേണമെന്നിരിക്ക ബൗള്‍ ചെയ്യാനെത്തിയതും വാന്‍ബീക്ക് തന്നെ. നാലാമത്തെ ബോളില്‍ ജോണ്‍സന്‍ ചാള്‍സിനെയും അടുത്ത ബോളില്‍ ജേസണ്‍ ഹോള്‍ഡറിനെയും വാന്‍ബീക്ക് പുറത്താക്കിയതോടെ വിന്‍ഡീസ് മല്‍സരം പരാജയപ്പെടുകയും ഡച്ച് ടീം ത്രസിപ്പിക്കുന്ന വിജയം ആഘോഷിക്കുകയും ചെയ്തു.

നേരത്തേ വിന്‍ഡീസുയര്‍ത്തിയ 375 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം സ്വപ്‌നം കാണാന്‍ നെതര്‍ലാന്‍ഡ്‌സിനെ പ്രേരിപ്പിച്ചത് അഞ്ചാം നമ്പറില്‍ ഇറങ്ങിയ തേജ നിദാമനൂറുയായിരുന്നു, തകര്‍പ്പന്‍ സെഞ്ച്വറിയുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 76 ബോളില്‍ 111 റണ്‍സാണ് താരം അടിച്ചെടുത്തത്.

11 ഫോറുകളും മൂന്നു സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു ഇത്. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സാണ് (67) മറ്റൊരു പ്രധാന സ്‌കോറര്‍. വിക്രംജിത്ത് സിങ് (37), മാക്‌സ് ഒഡൗഡ് (36), ബാസ് ഡി ലീഡെ (33) എന്നിവരും ഡച്ച് നിരയില്‍ മോശമല്ലാത്ത സംഭാവനകള്‍ നല്‍കി.

vanbeek

വിന്‍ഡീസ് ഇന്നിങ്‌സിലേക്കു വന്നാല്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് അവരെ വന്‍ ടോട്ടലിലെത്തിച്ചത്. വെറും 65 ബോളില്‍ നിന്നും 104 റണ്‍സുമായി പൂരന്‍ പുറത്താവാതെ നിന്നു. ഒമ്പതു ഫോറും ആറു സിക്‌സറും പൂരന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ബ്രെന്‍ഡന്‍ കിങ് (76), ജോണ്‍സന്‍ ചാള്‍സ് (54), ക്യാപ്റ്റന്‍ ഷെയ് ഹോപ്പ് (47), കീമോ പോള്‍ (46*) എന്നിവരും ബാറ്റിങില്‍ തിളങ്ങി.

ഈ മല്‍സരത്തോടെ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് എയിലെ മല്‍സരങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. സിംബാബ്‌വെ, നെതര്‍ലാന്‍ഡ്‌സ്, വിന്‍ഡീസ് എന്നിവര്‍ ഈ ഗ്രൂപ്പില്‍ നിന്നും ആദ്യത്തെ മൂന്ന് സ്ഥാനക്കാരായി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്കു യോഗ്യത നേടി.

Story first published: Monday, June 26, 2023, 21:57 [IST]
Other articles published on Jun 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+