മെല്‍ബണ്‍: ദൈവങ്ങളെല്ലാം ഗാലറിയില്‍ ഇരുന്ന് കളികാണുന്നവരാണെന്നാണ് യുക്തിവാദികളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം ക്രിക്കറ്റിലെ ദൈവവും ഗാലറിയില്‍ ഇരുന്നാണ് കളികണ്ടത്. എന്നാല്‍ അത് ആദ്യമായിട്ടായിരുന്നു എന്ന് മാത്രം.
മെല്‍ബണില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം നടക്കുമ്പോള്‍ കളിക്കാര്‍ക്കും ആരാധകര്‍ക്കും ആവേശമായി സച്ചിന്‍ ടെണ്ടുല്‍ക്കറും ഉണ്ടായിരുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് മത്സരം സച്ചിന്‍ ഗാലറിയില്‍ ഇരുന്ന് കണ്ടു.

ഗാലറിയില്‍ ഇരിക്കുന്ന സച്ചിനെ സ്‌ക്രീനില്‍ കാണിച്ചപ്പോഴേക്കും സ്‌റ്റേഡിയം ആര്‍ത്തലച്ചു. കളി നിര്‍ത്തിയിട്ട് വര്‍ഷം ഒന്ന് തികഞ്ഞെങ്കിലും സച്ചിന്‍ തന്നെയാണ് ക്രിക്കറ്റിന്റെ പ്രിയതാരം എന്ന് തെളിയിക്കുന്നതായിരുന്നു ഇത്.
ഗാലറിയില്‍ ഇരുന്ന് തെരുതെരെ സെല്‍ഫികളെടുക്കുന്നുണ്ടായിരുന്നു സച്ചിന്‍ ടെണ്ടുല്‍. പിന്നീട് ഈ ഫോട്ടോകള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഫേസ്ബുക്കിലെ ചിത്രത്തിന് കിട്ടിയത് 11 ലക്ഷത്തിലധികം ലൈക്കുകളാണ്.
ടീം ഇന്ത്യയുടെ അതിഭീകര പ്രകടനം. ലോകകപ്പില്‍ ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ ജയം. ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി ഞാന്‍ ഗാലറിയില്‍ ഇരുന്ന് കളികാണുന്നു. രണ്ടും മറക്കാനാവാത്ത 'ആദ്യ' സംഭവങ്ങള്‍ എന്നാണ് സച്ചിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്തായാലും കളികാണാന്‍ എത്തിയ സച്ചിന് നിരാശപ്പെടേണ്ടി വന്നിലലെന്നത് ഭാഗ്യം. ധോണിയും കൂട്ടരും മാനം കാത്തു. ശിഖര്‍ ധവാന്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു.