അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണെന്നു തന്നെ പറയേണ്ടിവരും. കാരണം ഒരുപാട് പ്രത്യേകതകളെ തുടര്‍ന്ന് ആരാധകര്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റാണിത്.
ഇതില്‍ ആദ്യത്തേത് ഇതിഹാസ ബാറ്റര്‍മാരും മുന്‍ നായകരുമായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ വിരമിക്കല്‍ ടൂര്‍ണമെന്റായിരിക്കും ഇതെന്നതാണ്. നിലവില്‍ ഏകദിനം മാത്രം കളിക്കുന്ന ഇരുവരുടെയും സ്വപ്‌നം അടുത്ത ലോകകപ്പ് നേട്ടത്തോടെ പടിയിറങ്ങുകയാണ്.

അതുകൊണ്ടു തന്നെ ഇരുവരുടെയും ആരാധകര്‍ അടുത്ത ലോകകപ്പ് വന്‍ ആഘോഷമാക്കി മാറ്റുമെന്നുറപ്പാണ്. രോക്കോയുടെ മാത്രമല്ല, ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ അവസാന ചാലഞ്ചും ഇതാണ്. ലോകകപ്പോടെയാണ് അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കുന്നത്.
ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെ ലോകകപ്പ് ദൗത്യത്തിനായി ഇന്ത്യ നിയോഗിക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യയുടെ ഈ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാനിടയില്ലാത്ത താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.
പുറത്തിരിക്കുക ആരെല്ലാം?
ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമില്ലാതെ പുറത്തിരിക്കേണ്ടി വരിക പ്രധാനമായും അഞ്ചു പേര്‍ക്കായിരിക്കും. റിഷഭ് പന്ത്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ഇന്ത്യന്‍ ടീമില്‍ കാണാനിടയില്ലാത്ത താരങ്ങള്‍.
ഏകദിനത്തില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ കെഎല്‍ രാഹുലില്‍ ഭദ്രമാണ്. നിലവില്‍ ഈ റോളിലേക്കു അദ്ദേഹത്തിനു ആരും തന്നെ ഭീഷണിയുയര്‍ത്തുന്നില്ല. പരിക്ക് പോലെ അപ്രതീക്ഷിതമായി ഒന്നും സംഭവത്തിച്ചില്ലെങ്കില്‍ ലോകകപ്പില്‍ വിക്കറ്റ് കാക്കുന്നതും അദ്ദേഹമാവും. ബാക്കപ്പ് കീപ്പറായി നിലവില്‍ റിഷഭാണ് പരിഗണിക്കപ്പെടുന്നതെങ്കിലും അടുത്ത ലോകപ്പില്‍ ഇടം ലഭിച്ചേക്കില്ല.
അദ്ദേഹത്തിനു പകരം മറ്റൊരു ഇടംകൈയന്‍ ബാറ്ററും കീപ്പറുമായ ഇഷാന്‍ കിഷനായിരിക്കും ലോകകപ്പ് ടീമിലേക്കു നറുക്കുവീണേക്കുക. നിലവില്‍ അദ്ദേഹം ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നതിന് തൊട്ടരികിലാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ടി20 ടീമിലേക്കു ഇഷാന്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തിലും വൈകാതെ അദ്ദേഹത്തെ പ്രതീക്ഷിക്കാം.
ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കരിയര്‍ തിരിച്ചുപിടിക്കാന്‍ ഇഷാനെ സഹായിച്ചത്. രാഹുലിനെ പോലെ ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ വരെ എവിടെയും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കും. ഇതാണ് ഏകദിനത്തില്‍ ബാക്കപ്പ് കീപ്പറുടെ റോളില്‍ ഇഷാനെ ഫേവറിറ്റാക്കുന്നത്.
ഇഷാന്റെ വരവ് കാരണം റിഷഭിന്റെ മാത്രമല്ല ഏകദിനത്തില്‍ സഞ്ജുവിന്റെയും വഴിയടയും. ഇപ്പോള്‍ തന്നെ മലയാളി താരത്തിന്റെ ഏകദിന കരിയര്‍ ഏറെക്കുറെ അവസാനിച്ച മട്ടാണ്. കാരണം രണ്ടു വര്‍ഷത്തിലേറെയായി അദ്ദേഹം ടീമിനു പുറത്താണ്. 2023ല്‍ സൗത്താഫ്രിക്കയുമായുള്ള മല്‍സരത്തില്‍ മാച്ച് വിന്നിങ് സെഞ്ച്വറി കുറിച്ച ശേഷം സഞ്ജുവിനു അവസരം ലഭിച്ചിട്ടില്ല. ഇനിയൊരു കോള്‍ ലഭിക്കുമോയെന്നതും സംശയമാണ്.

ജഡേജയുടെ കാര്യമെടുത്താല്‍ പ്രായം 37ലേക്കു കടന്നു കഴിഞ്ഞു. അടുത്ത ലോകകപ്പാവുമ്പോഴേക്കും അദ്ദേഹം 39ലെത്തും. അതുകൊണ്ടു തന്നെ മല്‍സരരംഗത്തു തുടര്‍ന്നാലും ജഡ്ഡുവിനെ പരിഗണിക്കാനുള്ള സാധ്യത തീരെ കുറവാണ്. ലോകകപ്പിന് മുമ്പ് തന്നെ അദ്ദേഹം ഒരുപക്ഷെ വിരമിച്ചേക്കുകയും ചെയ്യും.
നിതീഷിനു പ്രായം പ്രശ്‌നമല്ലെങ്കിലും ഓള്‍റൗണ്ടറെന്ന നിലയില്‍ ഇപ്പോഴും വിശ്വസ്തല്ല. ശരാശരി ബാറ്ററും മോശം ബൗളറുമാണ് ഇപ്പോള്‍ അദ്ദേഹം. നിലവിലെ സാഹചര്യത്തില്‍ അടുത്ത ലോകകപ്പില്‍ നിതീഷിന് ഇടമുണ്ടാവില്ല. ഹാര്‍ദിക് പാണ്ഡ്യ തന്നൊവും ടീമിലെ പ്രധാന ഓള്‍റൗണ്ടര്‍.
അവസരം ലഭിക്കുമ്പോഴെല്ലാം നല്ല പ്രകടനം പുറത്തെടുത്തിട്ടും ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ലാത്ത റുതുരാജിനെ അടുത്ത ലോകകപ്പില്‍ കാണാനിടയില്ല. വല്ലപ്പോഴും മാത്രം ടീമില്‍ വന്നുപോവുന്നയാളായി അദ്ദേഹം മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ലോകകപ്പിലും റുതുരാജിനെ കാണാനിടയില്ല.