ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും അവസാനത്തെ ഐസിസി ടൂര്‍ണമെന്റാണ് 2027ലെ ഏകദിന ലോകകപ്പ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടി20ക്കു പിന്നാലെ ഇപ്പോള്‍ ഇരുവരും ടെസ്റ്റില്‍ നിന്നു കൂടി വിരമിച്ചത് ഈ ടൂര്‍ണമെന്റില്‍ പൂര്‍ണമായും ശ്രദ്ധിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ലോകകിരീവുമായി രാജകീയമായി തന്നെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയെന്നതാണ് രോക്കോയുടെ സ്വപ്നം.
സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ മൂന്നു രാജ്യങ്ങളിലായിട്ടാണ് അടുത്ത ലോകകപ്പ് നടക്കാനിരിക്കുന്നത്. ഫിറ്റ്‌നസിനൊപ്പം ഫോമുമുണ്ടെങ്കില്‍ രോഹിത്തിനെയും കോലിയെയും ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ നമുക്കു തീര്‍ച്ചയായും കാണാം. എങ്ങനെയാവും 2027ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡെന്നു നോക്കാം.

ടോപ്പ് ത്രീ
2023ലെ അവസാനത്തെ ഐസിസി ഏകദിന ലോകകപ്പില്‍ കണ്ട അതേ ടോപ്പ് ത്രീയെ തന്നെ അടുത്ത ടൂര്‍ണമെന്റിലും നമുക്കു കാണാന്‍ സാധിച്ചേക്കും. രോഹിത് ശര്‍മയും യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലുമായിരിക്കും ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍. രോഹിത് ടീമിനെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്റെ ചുമതല ഗില്ലിനായിരിക്കും.
അവസാനത്തെ ഏകദിന ലോകകപ്പില്‍ രോഹിത്- ഗില്‍ സഖ്യം വന്‍ വിജയമായി മാറിയിരുന്നു. ടൂര്‍ണമെന്റിലുടനീളം ടീമിനു സ്ഥിരതയാര്‍ന്ന തുടക്കമാണ് ഇരുവരും നല്‍കിയത്. നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയെ ഫൈനല്‍ വരെയെത്തിച്ചതിലും ഈ ജോടിയുടെ പങ്ക് നിര്‍ണായകമായിരുന്നു.
രോഹിത്ത് ഫിറ്റല്ലാതിരിക്കുകയും ഫോം തീരെ താഴേക്കു പോവുകയും ചെയ്താല്‍ മാത്രമേ അടുത്ത ലോകകപ്പില്‍ മറ്റൊരു ഓപ്പണിങ് ജോടിയെക്കുറിച്ച് ഇന്ത്യ ചിന്തിക്കുകയുള്ളൂ. രോഹിത്- ഗില്‍ സഖ്യത്തിനു ശേഷം ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിക്കുക റണ്‍മെഷീന്‍ വിരാട് കോലിയായിരിക്കും. കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരം അദ്ദേഹമായിരുന്നു. സമാനമായ ഒരു റണ്‍മഴയാണ് 2027ലും അദ്ദേഹത്തില്‍ നിന്നും ടീം ആഗ്രഹിക്കുന്നത്.
മധ്യനിരയില്‍ ഇവര്‍
ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നാലാമനായി ശ്രേയസ് അയ്യരേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ നിലവില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. അത്രയും മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. 2023ലെ ലോകകപ്പിലും ശ്രേയസ് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇന്ത്യന്‍ മധ്യനിരയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിച്ചിരുന്നു.
ശ്രേയസിനു ശേഷം അഞ്ചാം നമ്പറില്‍ മറ്റൊരു സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും അദ്ദേഹമായിരിക്കും. റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി മല്‍സരരംഗത്തുണ്ടെങ്കിലും തഴയപ്പെട്ടേക്കും. പകരം സഞ്ജു സാംസണായിരിക്കും ബാക്കപ്പ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയേക്കുക.

കാരണം അടുത്ത ലോകകപ്പിന്റെ വേദിയായ സൗത്താഫ്രിക്കയില്‍ വളരെ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. അതുകൊണ്ട് തന്നെ റിഷഭിനു പകരം മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ടീമില്‍ ആഗ്രഹിക്കുന്നതും അദ്ദേഹത്തെ തന്നെ ആയിരിക്കും.
രാഹുലിനു ശേഷം ആറാമനായി സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും കളിച്ചേക്കുക. പക്ഷെ രവീന്ദ്ര ജഡേജയ്ക്കു ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കാനിടയില്ല. ജഡ്ഡുവിനു പകരം അക്ഷര്‍ പട്ടേലായിരിക്കും ടീമിലെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍. ഏതു ഫോര്‍മാറ്റിലും ഇപ്പോള്‍ ബാറ്റിങിലും ബൗളിങിലുമെല്ലാം ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരമാണ് അക്ഷര്‍.
ബൗളിങ് നിര
അക്ഷര്‍ പട്ടേലിനുശേഷം പിന്നീട് ബൗളര്‍മാരുടെ ഊഴമായിരിക്കും. ഇന്ത്യക്കു വേണ്ടി സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ ഒരാളായിരിക്കും. രണ്ടു പേരില്‍ ആരു വേണമെന്നു അപ്പോഴത്തെ ഫോം കൂടി പരിഗണിച്ചായിരിക്കും ടീം മാനേജ്‌മെന്റ് തീരുമാനമെടുക്കുക.
പേസ് ബൗളിങിന്‍െ കടിഞ്ഞാണ്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്കു തന്നെയായിരിക്കും. പക്ഷെ മുഹമ്മദ് ഷമിക്കു ടീമില്‍ സ്ഥാനം ലഭിക്കുമോയെന്നതു സംശയമാണ്. അദ്ദേഹത്തിനു പകരം അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരായിരിക്കും ടീമിലെ മറ്റു പേസര്‍മാര്‍. സിറാജ് ഫോമിലല്ലെങ്കില്‍ പ്രസിദ്ധ് കൃഷ്ണയെയും കളിപ്പിച്ചേക്കും.
2027ലെ ലോകകകപ്പില്‍ ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ബാക്കപ്പ് താരങ്ങള്‍- യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.