ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമായിട്ടുള്ള ഒരു താരത്തെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്കും പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സൗത്താഫ്രിക്ക വേദിയാവുന്ന ഈ ടൂര്‍ണമെന്റിനെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ കാത്തിരിക്കുന്നത്.
കാരണം ഇതിഹാസ ബാറ്റിങ് ജോടികളായ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും വിരമിക്കല്‍ ടൂര്‍ണമെന്റായിരിക്കും. കൂടാതെ നിലവിലെ കോച്ചായ ഗൗതം ഗംഭീറിന്റെ കാലാവധി അവസാനിക്കുന്നതും ഈ ടൂര്‍ണമെന്റോടെയാണ്. അതുകൊണ്ടു തന്നെ കിരീടനേട്ടത്തോടെ തന്നെ പടിയിങ്ങാനായിരിക്കും മൂവരും ആഗ്രഹിക്കുകയെന്നുമുറപ്പാണ്.

ടീമിലെടുക്കേണ്ടത് ആരെ?
ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററും ഇടംകൈയന്‍ വെടിക്കെട്ട് ഓപ്പണറുമായ അഭിഷേക് ശര്‍മയെയാണ് അടുത്ത ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചാല്‍ നന്നായിരിക്കുമെന്നു ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടത്. സ്വന്തം എക്‌സ് ഹാന്റിലിലൂടെ പങ്കുവച്ച വീഡിയോയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വരാനിരിക്കുന്ന 50 ഓവര്‍ ലോകകപ്പില്‍ അഭിഷേക് ശര്‍മയും നമ്മുടെ ടീമിലേക്കു പരിഗണനയിലുണ്ടാവണം. നിലവില്‍ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്വാദുമെല്ലാം അവനേക്കാള്‍ മുന്നിലാണ്. പക്ഷെ ടി20യിലേതു പോലെ ഏകദിനത്തിലും അഭിഷേക് പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കുന്നത് സങ്കല്‍പ്പിച്ച് നോക്കൂയെന്നും ഇര്‍ഫാന്‍ പറയുന്നു.
ടി20 ഫോര്‍മാറ്റില്‍ സ്ഥിരം ഓപ്പണറായതിനു ശേഷം അവിശ്വസനീയ ഫോമിലാണ് അഭിഷേക് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ടീമിനായി കളിച്ച ആദ്യ കളിയില്‍ തന്നെ സ്‌ഫോടനാത്മക ഇന്നിങ്‌സ് കാഴ്ചവച്ചിരിക്കുകയാണ് അദ്ദേഹം.
വെറും 35 ബോളില്‍ അഭിഷേക് വാരിക്കൂട്ടിയത് 84 റണ്‍സാണ്. ഈ ഫോര്‍മാറ്റില്‍ 34 കൡയില്‍ നിന്നായി 37.46 ശരാശരിയില്‍ 190ന് മുകളില്‍ പ്രഹരശേഷിയോടെ 1199 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.
എന്നാല്‍ നിലവിലെ സാഹര്യത്തില്‍ ഏകദിന ടീമിലേക്കു അഭിഷേകിനു ഉടനെ കോള്‍ ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം രോഹിത് ശര്‍മ അടുത്ത ലോകകപ്പ് വരെയെങ്കിലും ഏകദിനത്തില്‍ തുടര്‍ന്നു കളിക്കും.
ടീമിലെ മറ്റൊരു ഓപ്പണറായ ശുഭ്മന്‍ ഗില്ലാവട്ടെ ക്യാപ്റ്റുനുമാണ്. രോഹിത് വിരമിച്ചാലും പ്രഥമ പരിഗണന ജയ്‌സ്വാളിനായിരിക്കും. ഇതിനകം ഏകദിനത്തില്‍ സെഞ്ച്വറിയടക്കം നേടി അദ്ദേഹം ഈ സ്ഥാനത്തേക്ക് പിടിമുറുക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ റുതുരാജും ഇതിനകം സെഞ്ച്വറി നേടി തന്റെ അവസരത്തിനായി കാത്തുനില്‍ക്കുകയാണ്.

ഷോട്ടുകളെപ്പറ്റി അഭിഷേക്
ടി20യില്‍ എതിര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ബാ്റ്റിങില്‍ സംഹാര താണ്ഡവമാടുമ്പോഴും തന്റെ പക്കല്‍ ഒരുപാട് ഷോട്ടുകളൊന്നും ഇല്ലെന്നായിരുന്നു അഭിഷേക് ശര്‍മയുടെ തുറന്നു പറച്ചില്‍. ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20യില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരം ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
നിങ്ങള്‍ എതിര്‍ ടീം ബൗളര്‍മാരുടെയോ, സ്വന്തം ബാറ്റിങിന്റെയോ വീഡിയോ കാണുകയാണെങ്കില്‍ ബൗളര്‍മാര്‍ എവിടെയാവും ബൗള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതെന്നു മനസ്സിലാവും. പക്ഷെ സ്വന്തം ഷോട്ടുകളെ എല്ലായ്‌പ്പോഴും സ്വയം പിന്തുണയ്ക്കുകയെന്നതാണ് പ്രധാനം.
കാരണം എന്റെ പക്കല്‍ ഒരുപാട് ഷോട്ടുകളൊന്നുമില്ല. വളരെ കുറച്ചു ഷോട്ടുകള്‍ മാത്രമേ എനിക്ക് അറിയുകയുള്ളൂ. എന്നാല്‍ ഞാന്‍ ഈ ഷോട്ടുകള്‍ ഒരുപാട് തവണ പരിശീലിക്കും. അതിനു ശേഷം ഇവ കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമെന്നുമായിരുന്നു അഭിഷേകിന്റെ വാക്കുകള്‍.