മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ കുതിപ്പ് കിരീടത്തോടെ അവസാനിച്ചിരിക്കുകയാണ്. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടത്തിലേക്കെത്തിയത്. സെമിയില്‍ ഓസ്‌ട്രേലിയയേയും ഫൈനലില്‍ ന്യൂസീലന്‍ഡിനേയും തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിച്ചാണ് ഇന്ത്യ കിരീടത്തിലേക്കെത്തിയതെന്ന് പറയാം. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ മികച്ച പ്രകടനമാണ് കണ്ടത്.
ക്യാപ്റ്റനെന്ന നിലയില്‍ ഫൈനലിലടക്കം രോഹിത് നടത്തിയ മികച്ച നീക്കമാണ് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് ശര്‍മ വിരമിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കളി തുടരുമെന്നാണ് രോഹിത് പറഞ്ഞത്. ഇതോടെ 2027ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ദക്ഷിണാഫ്രിക്കയിലും സിംബാബ് വെയിലും നമീബിയയിലുമായി നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത്തിന് ബാല്യമുണ്ടോയെന്നതാണ് ചോദ്യം.
37കാരനായ രോഹിത്തിന് 2027ലെ ലോകകപ്പ് നടക്കുമ്പോഴേക്കും 39 വയസാവും പ്രായം. ഇപ്പോഴിതാ അടുത്ത ഏകദിന ലോകകപ്പിന് രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോകാന്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് താല്‍പര്യമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഗംഭീറിന് ആഗ്രഹം ഗില്ലിനെ വളര്‍ത്താന്‍
ഗൗതം ഗംഭീറിന് ആഗ്രഹം യുവ നായകനെ വളര്‍ത്തിക്കൊണ്ടുവരാനാണെന്നാണ് റിപ്പോര്‍ട്ടുള്ളത്. രണ്ട് താരങ്ങളെയാണ് പ്രധാനമായും ഗംഭീര്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നീ രണ്ട് പേരാണ് ഇന്ത്യന്‍ പരിശീലകന്റെ പരിഗണനയിലുള്ളത്. ശുബ്മാന്‍ ഗില്‍ അടുത്ത സൂപ്പര്‍ താരമാണ്. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്ന നിലയില്‍ പരിഗണിക്കുന്നത് ഗില്ലിനെയാണെന്ന് പറയാം.
ഗില്ലിനെ ഇതിനോടകം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗില്ലായിരുന്നു വൈസ് ക്യാപ്റ്റന്‍. രോഹിത്തിന്റെ അഭാവത്തില്‍ കുറച്ച് ഓവറുകള്‍ ഇന്ത്യയെ നയിക്കാനും മികവ് കാട്ടാനും ഗില്ലിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഗില്ലില്‍ ഭാവി കാണുന്നു. രോഹിത്തിന് രണ്ട് വര്‍ഷം കൂടി സമയം നല്‍കുന്നതിലും നല്ലത് യുവ നായകനെ രോഹിത്തും വിരാട് കോലിയും ഉള്ള സമയത്ത് നായകനായി വളര്‍ത്തിക്കൊണ്ടുവരാമെന്നാണ് ഗംഭീറിന്റെ കണക്കുകൂട്ടല്‍.
രോഹിത്തുമായി ഉടന്‍ ചര്‍ച്ച നടത്തും
ലഭിക്കുന്ന വിവരം അനുസരിച്ച് വൈകാതെ രോഹിത് ശര്‍മയുമായി ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും ചര്‍ച്ച നടത്തും. ഏഷ്യാ കപ്പ് ഫൈനലിലെ രോഹിത്തിന്റെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ മറ്റ് മത്സരങ്ങളിലെല്ലാം ശരാശരി നിലവാരമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ രോഹിത് രണ്ട് വര്‍ഷം കൂടി ഏകദിനത്തില്‍ തുടരുമെന്ന് കരുതാനാവില്ല. ടെസ്റ്റിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ മോശമായിരുന്നു. ടി20യില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ രോഹിത്തിന്റെ മുന്നോട്ടുള്ള യാത്ര എളുപ്പമല്ല.

രോഹിത് ശര്‍മയുമായി വൈകാതെ ചര്‍ച്ച നടത്തി ഭാവി തീരുമാനമെടുക്കുമെന്നാണ് സൂചന. രോഹിത്തിന്റെ ഫിറ്റ്‌നസും വലിയ പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ വിരാട് കോലിയെപ്പോലെ രോഹിത്തിനെ പരിഗണിക്കാന്‍ സാധിക്കില്ല. രോഹിത് ശര്‍മ അടുത്ത ഏകദിന ലോകകപ്പ് കളിക്കുകയെന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമാണെന്ന് തന്നെ പറയാം. ഇപ്പോള്‍ രോഹിത് ശര്‍മ യുവതാരങ്ങള്‍ക്കായി വഴിമാറിക്കൊടുക്കുന്നതാണ് ഏറ്റവും നല്ലത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പരിഗണിക്കില്ല
ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഐപിഎല്ലിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ഇതില്‍ രോഹിത്തിന് ഇടം ലഭിച്ചേക്കില്ല. ജസ്പ്രീത് ബുംറക്ക് കീഴിലാവും ഇന്ത്യ ഇറങ്ങുകയെന്നാണ് വിവരം. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രോഹിത്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ടെസ്റ്റിലെ വഴിയും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഐപിഎല്ലിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് വിവരം.