സ്വന്തം നാട്ടില്‍ വച്ച് 2023ലെ ഫൈനലില്‍ കൈവിട്ടു പോയ ലോകകിരീടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാവും 2027ലെ ഐസിസി ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യ ഇറങ്ങുക. അവസാന എഡിഷനില്‍ കളിച്ച ടീമില്‍ പല മാറ്റങ്ങളും അടുത്ത തവണ പ്രതീക്ഷിക്കാം. ചില സൂപ്പര്‍ താരങ്ങളെ ഇന്ത്യന്‍ കുപ്പായത്തില്‍ നമ്മള്‍ ടൂര്‍ണമെന്റില്‍ കണ്ടേക്കില്ല.
യുവതാരം ശുഭ്മന്‍ ഗില്ലായിരിക്കും ടീമിനെ ലോകകപ്പില്‍ നയിക്കുകയെന്നുറപ്പായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റി അദ്ദേഹത്തെ പുതിയ നായകനാക്കിയിരിക്കുന്നത്. എങ്ങനെയാവും 2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ലൈനപ്പെനു നമുക്കു പരിശോധിക്കാം.

ടീം ഇന്ത്യയില്‍ ആരൊക്കെ?
അടുത്ത ഏകദിന ലോകകപ്പില്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയെ ടീമില്‍ കാണാനുള്ള സാധ്യത തീരെ കുറവാണ്. നായകസ്ഥാനത്തു നിന്നു മാറ്റിയതോടെ അദ്ദേഹം ലോകകപ്പ് പ്ലാനുകളുടെ ഭാഗമല്ലെന്നു തന്നെയാണ് വ്യക്തമാവുന്നത്. ലോകകപ്പിനു മുമ്പ് തന്നെ ഏകദിനത്തില്‍ രോഹിത് വിരമിക്കലും പ്രഖ്യാപിച്ചേക്കും.
ലോകകപ്പില്‍ ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍ നായകന്‍ ശുഭ്മന്‍ ഗില്‍ തന്നെയായിരിക്കും. അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയാവാന്‍ രണ്ടു പേരാണ് മല്‍സരരംഗത്തുള്ളത്. ഒരാള്‍ യശസ്വി ജയ്‌സ്വാളാണെങ്കില്‍ മറ്റൊരാള്‍ അഭിഷേക് ശര്‍മയുമാണ്. രണ്ടു പേരും ഇടംകൈയന്‍ ബാറ്റര്‍മാരാണ്. പക്ഷെ ഓള്‍റൗണ്ടര്‍ കൂടിയാണെന്നത് അഭിഷകിനു പ്ലസ് പോയിന്റാണ്.
അടുത്ത രണ്ടു വര്‍ഷത്തിനിടെയുള്ള പ്രകടനം കൂടി പരിഗണിച്ചാവും രണ്ടില്‍ ആരു വേണമെന്നതു ഇന്ത്യ തീരുമാനിക്കുക. ഗില്ലുമായുള്ള കുട്ടിക്കാലം മുതലുള്ള സൗഹൃദം അഭിഷേകിനു മുന്‍തൂക്കം നല്‍കിയേക്കും.
മൂന്നാം നമ്പറില്‍ ഇതിഹാസ ബാറ്ററായ വിരാട് കോലിയെ കണ്ടേക്കില്ല. ഫിറ്റ്‌നസ് അദ്ദേഹത്തിനൊരു പ്രശ്‌നമല്ലെങ്കിലും വല്ലപ്പോഴുമുള്ള ഏകദിനങ്ങളില്‍ മാത്രം കളിച്ച് അടുത്ത ലോകകപ്പ് വരെ ഫോം കാത്തുസൂക്ഷിക്കുക കോലിക്കു ദുഷ്‌കരമായിരിക്കും.
രോഹിത്തിനൊപ്പം അദ്ദേഹവും ലോകകപ്പിനു കാത്തുനില്‍ക്കാതെ ഏകദിനം മതിയാക്കിയേക്കും. കോലിക്കു പകരം മൂന്നാം നമ്പറില്‍ കളിക്കുക ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മയായിരിക്കും. നാലാമാനായി സ്റ്റാര്‍ ബാറ്ററും പുതിയ വൈസ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരുമുണ്ടാവും. ഈ റോളില്‍ നിലവില്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരു താരവും ഇന്ത്യക്കില്ല.
അഞ്ചാമന്‍ മറ്റൊരു സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലായിരിക്കും. ഏകദിനത്തില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പറും നിലവില്‍ അദ്ദേഹമാണ്.മലയാളി താരം സഞ്ജു സാംസണിനു ബാക്കപ്പായി അവസരം ലഭിക്കാനിടയില്ല. പകരം റിഷഭ് പന്തിനായിരിക്കും നറുക്കുവീഴുക.

ആറാം നമ്പറില്‍ കളിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാവും. അദ്ദേഹത്തിന്റെ കരിയറിലെ അവസാന ഏകദിന ലോകകപ്പായും ഇതു മാറിയേക്കും. ഏഴാമനായി മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയാവും കളിച്ചേക്കുക.
ഫോമും ഫിറ്റ്‌നസുമെല്ലാം ആശ്രയിച്ചാവും അദ്ദേഹത്തിന്റെ സെലക്ഷന്‍. നിതീഷില്ലെങ്കില്‍ ഈ റോളില്‍ റിങ്കു സിങ് വന്നേക്കും. എട്ടാം നമ്പര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്റെ കൈകളില്‍ ഭദ്രമാണ്.
സ്‌പെഷ്യലിസ്റ്റ് സ്പിന്നറുടെ റോളില്‍ കുല്‍ദീപ് യാദവിനെ കാണാം. ബാക്കപ്പായി വരുണ്‍ ചക്രവര്‍ത്തിയുമുണ്ടാവും. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാവും ഫാസ്റ്റ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. അദ്ദേഹത്തിനു കൂട്ടായി മുഹമ്മദ് സിറാജിനെയും അര്‍ഷ്ദീപ് സിങിനെയും ഉറപ്പിക്കാം.
2027ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ / യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി/ റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
ബാക്കപ്പുകള്‍- റിയാന്‍ പരാഗ്, റിഷഭ് പന്ത്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ട്ണ്‍ സുന്ദര്‍.