World Cup 2027: അവന്‍ ടീമിലുണ്ടെങ്കില്‍ ഇന്ത്യ കപ്പടിക്കില്ല!! ജ്യോതിഷിയുടെ പ്രവചനം, കാരണമിങ്ങനെ
അടുത്ത വര്‍ഷം സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ കിരീടസാധ്യതകളെ കുറിച്ച് വമ്പന്‍ പ്രവചനവുമായി പ്രശസ്ത ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോ. ഇന്ത്യയുടെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ സാന്നിധ്യം സംശയത്തിലാക്കുന്ന തരത്തിലുള്ള പ്രവചനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.
2023ല്‍ നാട്ടില്‍ നടന്ന അവസാനത്തെ ഏകദിന ലോകകപ്പിലെ റണ്ണറപ്പുകളായിരുന്നു ഇന്ത്യ. അന്നു രോഹിത്തിനു കീഴില്‍ ഒരു കളി പോലും തോല്‍ക്കാതെ കുതിച്ച ഇന്ത്യക്കു പക്ഷെ ഫൈനലില്‍ അടിതെറ്റി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ ഇന്ത്യക്കു കിരീടം അടിയറ വയ്‌ക്കേണ്ടി വരികയായിരുന്നു.

രോഹിത്തുണ്ടെങ്കില്‍ കപ്പില്ല
ഇന്ത്യക്കു രണ്ടു ഐസിസി ട്രോഫികള്‍ നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുണ്ടെങ്കില്‍ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കിരീടം ലഭിക്കില്ലെന്ന ഞെട്ടിക്കുന്ന പ്രവചനമാണ് ഗ്രീന്‍സ്റ്റോണ്‍ ലോബോ നട്ടത്തിയത്. 2024ല്‍ ടീമിനു ടി20 ലോകകപ്പ് നേടിത്തന്ന നായകാണ് ഹിറ്റ്മാന്‍, ഒരു കളി പോലും തോല്‍ക്കാതെയാണിത്.
കഴിഞ്ഞ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും അപരാജിത കുതിപ്പ് നടത്തിയാണ് രോഹിത്തിനു കീഴില്‍ വീണ്ടുമൊരു കട്രോഫി ഇന്ത്യ കൈക്കലാക്കിയത്.
ഫിറ്റ്‌നസ് പ്രശനങ്ങള്‍ കാരണം അടുത്ത ഏകദിന ലോകകപ്പില്‍ അദ്ദേഹം ടീമിലുണ്ടാവുമോയെന്ന കാര്യം സംശയത്തില്‍ നില്‍ക്കവെയാണ് അതു തടയുന്ന തരത്തിലുള്ള പ്രവചനം ജ്യോതിഷി നടത്തിയത്.
' 2027ല്‍ ഏകദിന ലോകകപ്പ് ജയിക്കുന്ന ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെ എനിക്കു കാണാന്‍ സാധിക്കുന്നില്ല. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹം ടീമിന്റെ ഭാഗമാവുമോയെന്നാണ് ആളുകള്‍ മുഴുവന്‍ എന്നോടു ചോദിക്കുന്നത്. രോഹിത് ടീമിന്റെ ഭാഗമാവുമോ, ഇല്ലയോ എന്നതല്ല പ്രശ്‌നം.
സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെയും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. പക്ഷെ രോഹിത് ലോകകപ്പ് സംഘത്തിലുണ്ടെങ്കില്‍ ഇന്ത്യ കിരീടം നേടാന്‍ പോവില്ലെന്ന കാര്യവുമുറപ്പാണ് '- ലോബോ പ്രവചിക്കുന്നു.
രോഹിത് എല്ലാം നേടിക്കഴിഞ്ഞു
രോഹിത് ശര്‍മ അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറില്‍ ഇതിനകം തന്നെ അനാസാരണമായ പല നേട്ടങ്ങളും കൈവരിച്ചു കഴിഞ്ഞതായും ഗ്രീന്‍സ്റ്റോണ്‍ ലോബോ അഭിപ്രായപ്പെട്ടു.
' ലോകകപ്പ് വിന്നിങ് ക്യാപ്റ്റനെന്ന അസാധാരണായ നേട്ടം ജീവിതത്തില്‍ ഇതിനകം കൈവരിച്ചു കഴിഞ്ഞയാളാണ് രോഹിത് ശര്‍മ. ടി20 ലോകകപ്പായിരുന്നു അത്. 50 ഓവര്‍ ഏകദിന ലോകകപ്പും നേടിയ നായകനായും അദ്ദേഹം മാറേണ്ടതായിരുന്നു.
പക്ഷെ നിര്‍ഭാഗ്യവശാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അഞ്ചു കിരീടങ്ങള്‍ നേടി തന്റെ കാര്‍മിക് ക്വാട്ടയെ രോഹിത് ദുര്‍ബലപ്പെടുത്തി. ആ അഞ്ചു ട്രോഫികള്‍ (മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള കിരീട നേട്ടം) അദ്ദേഹം നേടിയില്ലായിരുന്നെങ്കില്‍ രാജ്യത്തിനായി ഏകദിന ലോകകപ്പ് സ്വന്തമാക്കേണ്ടതായിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ നേട്ടമെന്നത് ഇന്ത്യയുടെ നഷ്ടമാണെന്നത് ഞാന്‍ എല്ലായ്‌പ്പോഴും പറയുന്നതാണ്. നിര്‍ഭഗ്യവശാല്‍ അങ്ങനെയാണ് കാര്യങ്ങള്‍- ലോബോ വിശദമാക്കി. 2015, 2019, 2023 എന്നീ വര്‍ഷങ്ങളിലായി മൂന്നു ഏകദിന ലോകകപ്പുകളില്‍ രോഹിത് ഇതിനകം ടീമിനു വേണ്ടി കളിച്ചു കഴിഞ്ഞു.

ഇവയില്‍ ഗംഭീര പ്രകടനവുമാണ് ഹിറ്റ്മാന്‍ കാഴ്ചവച്ചിട്ടുള്ളത്. 28 മല്‍സരങ്ങളിലായി 60.57 എന്ന മികച്ച ശരാശരിയില്‍ 1575 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഏഴു സെഞ്ച്വറികളും ആറു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു.
രോഹിത്താണ് പ്രശ്‌നം
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു ഇപ്പോള്‍ വലിയ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കാനുള്ള പ്രധാന കാരണം രോഹിത് ശര്‍മയുടെ സാന്നിധ്യമാണെന്നാണ് ഗ്രീന്‍സ്‌റ്റോണ്‍ ലോബോ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ സമാപിച്ച 19ാം സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു അവര്‍ ഫിനിഷ് ചെയ്തത്.
'രോഹിത് ശര്‍മയുടെ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ ഭാവിയിലേക്കു വന്നാല്‍ അവിടെയും അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല. മുംബൈ ഇന്ത്യന്‍സിനു ഇപ്പോള്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിയാതെ പോവുന്നതിന്റെ കാരണവും രോഹിത്താണ്. മുംബൈയില്‍ വലിയൊരു അഴിച്ചുപണി ആവശ്യമാണ്. അതില്‍ പുറത്തു പോവേണ്ടവരില്‍ രോഹിത്തും ഉള്‍പ്പെടണം- ലോബോ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

