ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് പലപ്പോഴും ലോകകപ്പ് അടുക്കൊണ്ടിരിക്കെ ഉയരാറുള്ള ഒരു പ്രധാനപ്പെട്ട ചോദ്യമാണ് നാലാം നമ്പറില്‍ ആരെ ഇറക്കുമെന്നത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു മുമ്പും ഇതേ പ്രതിസന്ധി ഇന്ത്യയെ നേരിട്ടിരുന്നു. ടൂര്‍ണമെന്റിനു മുമ്പ് വരെ അമ്പാട്ടി റായുഡുവായിരുന്നു ഈ പൊസിഷനില്‍ കളിച്ചത്. എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡു പുറത്തായി. പകരം പുതുമുഖ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ടീമിലെത്തുകയും ചെയ്തു.

ഇത്തവണയും സമാനമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യന്‍ ടീം കടന്നുപോവുന്നത്. നാലാം നമ്പറിലെ സ്ഥിരം സാന്നിധ്യമായ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്കാണ് ഇന്ത്യക്കു തിരിച്ചടിയായത്. ശസ്ത്രക്രിയക്കു വിധേയനായാല്‍ അദ്ദേഹത്തിനു ലോകകപ്പില്‍ കളിക്കാനാവുമോയെന്ന കാര്യം സംശയമാണ്. ശ്രേയസ് ഇല്ലെങ്കില്‍ പകരം ഈ പൊസിഷനില്‍ ആരെന്നതാണ് ഇ്ന്ത്യയെ അലട്ടുന്ന പ്രശ്‌നം.
ടി20യിലെ സൂപ്പര്‍ സ്റ്റാര്‍ സൂര്യകുമാര്‍ യാദവിനെ ഈ റോളില്‍ ഇന്ത്യ പരീക്ഷിച്ചുനോക്കിയെങ്കിലും അതു ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. നാലാമനായി ലോകകപ്പ് ടീമിലേക്കു തന്റെ അവകാശവാദമുന്നയിക്കാന്‍ സൂര്യക്കു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ഏകദിന പരമ്പര. പക്ഷെ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും സൂര്യ ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ഏകദിനത്തില്‍ അദ്ദേഹത്തിനു വീണ്ടുമൊരു അവസരം നല്‍കാന്‍ ഇന്ത്യ ധൈര്യപ്പെടുമോയെന്ന കാര്യം സംശയമാണ്.

ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പ്ലാനുകളില്‍ നിന്നും സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. ശ്രേയസ് അയ്യര്‍ക്കു പകരം നാലാം നമ്പറിലേക്കു ഇന്ത്യ മറ്റാരെയെങ്കിലും എത്രയും വേഗത്തില്‍ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ലോകകപ്പിനു മുമ്പ് രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ടീം നേരിടുന്ന ആശങ്കകളെക്കുറിച്ച് ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു സഹീര്‍. ബാറ്റിങ് ലൈനപ്പ് ഇന്ത്യ പുനപ്പരിശോധിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പ് അടുത്തിരിക്കവെ ബാറ്റിങ് ഓര്‍ഡറിലേക്കു ഇന്ത്യ നോക്കേണ്ടത് ആവശ്യമാണ്. നാലാം നമ്പറിലെ ഓപ്ഷന്‍ ആരാണെന്നത് ഒരിക്കല്‍ക്കൂടി ഇന്ത്യക്കു കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പിനു മുമ്പും നമ്മള്‍ ചര്‍ച്ച ചെയ്ത കാര്യമായിരുന്നു ഇത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അതു ആവര്‍ത്തിക്കുകയാണ്. ശ്രേയസ് അയ്യര്‍ തന്നെയാണ് ഈ റോളിലേക്കു ബെസ്റ്റ് ചോയ്‌സ്. പക്ഷെ അവനു പരിക്കു കാരണം കൂടുതല്‍ സമയം മാറി നില്‍ക്കേണ്ടി വരികയാണെങ്കില്‍ ഇന്ത്യക്കു മറ്റൊരു ഉത്തരം കണ്ടെത്തേണ്ടിവരുമെന്നും സഹീര്‍ ഖാന്‍ വ്യക്തമാക്കി.

അതേസമയം, ഹാട്രിക് ഗോള്‍ഡന്‍ ഡെക്കുകള്‍ നേടിയിട്ടം സൂര്യകുമാര്‍ യാദവിനെ പിന്തുണച്ചായിരുന്ന നായകന്‍ രോഹിത് ശര്‍മ പരമ്പരയ്ക്കു ശേഷം സംസാരിച്ചത്. പരമ്പരയില്‍ വെറും മൂന്നു ബോളുകള്‍ മാത്രമേ സൂര്യ നേരിട്ടിട്ടുള്ളൂ. നിങ്ങള്‍ എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നതെന്നു എനിക്കറിയില്ല. മൂന്നു മികച്ച ബോളുകളായിരുന്നു സൂര്യക്കു ലഭിച്ചത്. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍ മൂന്നാമത്തെ കളിയിലേത് അത്ര നല്ല ബോളായിരുന്നില്ല. സൂര്യക്കു മുന്നോട്ടു കയറി ആ ബോള്‍ കളിക്കാമായിരുന്നു. എന്താണ് ബെസ്റ്റെന്നു അവനറിയാം. സ്പിന്‍ ബൗളിങിനെ നന്നായി നേരിടുകയും ചെയ്യുന്നയാളാണെന്നും രോഹിത് വിശദീകരിച്ചിരുന്നു.