മുംബൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനാണ് എംഎസ് ധോണി. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്താണ് ധോണി പടിയിറങ്ങിയത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയ ധോണി 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലെത്തിച്ചു. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായി. നായകനെന്ന നിലയില്‍ ഐതിഹാസിക റെക്കോഡുകളാണ് ധോണിക്കുള്ളത്.
ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ശേഷവും ഐപിഎല്ലില്‍ കളി തുടര്‍ന്ന ധോണി അവസാന സീസണില്‍ സിഎസ്‌കെയെ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 2011ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിക്കാന്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ താരമാണ് യുവരാജ് സിങ്. ധോണിയോട് വലിയ സൗഹൃദം കാത്തുസൂക്ഷിച്ച താരമാണ് യുവരാജ്. എന്നാല്‍ ഇപ്പോള്‍ ധോണി തന്റെ അടുത്ത സുഹൃത്തല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് യുവരാജ്. അതിന്റെ കാരണവും യുവി പറയുന്നു.
'ഞാനും ധോണിയും അടുത്ത സുഹൃത്തുക്കളല്ല. ക്രിക്കറ്റിലുള്ള സൗഹൃദം മാത്രമാണുള്ളത്. ഞങ്ങള്‍ ഒരുമിച്ച് കളിച്ചു. എന്റേയും ധോണിയുടേയും ജീവിത ശൈലി വ്യത്യസ്തമാണ്. കളത്തിലിറങ്ങിയാല്‍ രാജ്യത്തിനായി 100 ശതമാനം അര്‍പ്പിക്കാനാണ് ഞാനും ധോണിയും ശ്രമിക്കുന്നത്. ധോണി ടീമിലേക്ക് വരുമ്പോള്‍ എന്റെ ജൂനിയറായിരുന്നു. ധോണി നായകനായപ്പോള്‍ ഞാന്‍ വൈസ് ക്യാപ്റ്റനായിരുന്നു. തീരുമാനങ്ങളില്‍ പലപ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു.
പലപ്പോഴും ധോണിയുടെ തീരുമാനങ്ങളില്‍ എനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ കൃത്യമായ ധാരണ എനിക്കില്ലായിരുന്നു. ഞാന്‍ ധോണിയോട് പലപ്പോഴും ഉപദേശങ്ങള്‍ തേടിയിട്ടുണ്ട്'-യുവരാജ് പറഞ്ഞു. ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് വരുമ്പോള്‍ യുവരാജ് അന്ന് ഹീറോയായിരുന്നു. ധോണിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള സിനിമയില്‍ യുവരാജുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

താരങ്ങള്‍ തമ്മില്‍ കളത്തിന് പുറത്തുള്ള സൗഹൃദത്തില്‍ വലിയ കാര്യമില്ലെന്നും കളിക്കുമ്പോഴുള്ള ബന്ധത്തിലാണ് കാര്യമെന്നും യുവി പറഞ്ഞു. 'കളത്തിന് പുറത്ത് താരങ്ങളുടെ സൗഹൃദങ്ങള്‍ എങ്ങനെയാണെന്നതിന് വലിയ പ്രസക്തിയില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയും ജീവിത രീതകളുമാണ്. എല്ലാവരേയും മികച്ച സുഹൃത്തുക്കളായി കണ്ട് കളിക്കാനാവില്ല.
ഇൗഗോ ഇല്ലാതെ കളത്തില്‍ കളിക്കുകയാണ് വേണ്ടത്. ഒരിക്കല്‍ ധോണി 90കളില്‍ നില്‍ക്കവെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ഞാന്‍ സ്‌ട്രൈക്ക് കൈമാറിയത് ഓര്‍മിക്കുന്നു. അന്നവന്‍ സെഞ്ച്വറി നേടി. ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ എനിക്ക് അര്‍ധ സെഞ്ച്വറി നേടാന്‍ ധോണി സഹായിച്ചു. 2011ലെ ലോകകപ്പില്‍ ഗൗതം ഗംഭീര്‍ പുറത്തായാല്‍ ഞാന്‍ ബാറ്റിങ്ങിനിറങ്ങാനും വിരാട് കോലി പുറത്തായാല്‍ ധോണി ബാറ്റിങ്ങിനിറങ്ങാനുമാണ് പദ്ധതി ഉണ്ടായിരുന്നത്.
പ്രൊഫഷനലായി കളിക്കുകയെന്നതാണ് സൗഹൃദത്തെക്കാള്‍ പ്രധാനപ്പെട്ടത്. ഞാനും ധോണിയും പരസ്പരം പ്രോത്സാഹിപ്പിക്കുന്നവരാണ്. കാണുമ്പോള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെങ്കിലും അതിലപ്പുറമുള്ള കാര്യങ്ങള്‍ പരസ്പരം അറിയില്ല'- യുവരാജ് കൂട്ടിച്ചേര്‍ത്തു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ യുവരാജ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ധോണിയെയാണ് ഇന്ത്യ നായകനാക്കിയത്. ഇതില്‍ അതൃപ്തി യുവരാജ് തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളേയും മറികടന്നാണ് ധോണി നായകനായി വളര്‍ന്നത്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരും ഇന്ത്യയുടെ നായകസ്ഥാനം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇവരെയെല്ലാം മറികടന്നാണ് ധോണി നായകനായത്. 2007ല്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ചതോടെ ധോണിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ധോണിയുടെ പല തീരുമാനങ്ങളിലും സീനിയര്‍ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ധോണിയുടെ തീരുമാനങ്ങള്‍ ശരിയാണെന്ന് തെളിയിച്ച് പ്രധാന പല ടൂര്‍ണമെന്റിലും കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചു. തോല്‍വി ഉറപ്പിച്ച പല മത്സരങ്ങളില്‍ പോലും ഇന്ത്യയെ ജയിപ്പിക്കാന്‍ ധോണിക്കായി എന്നതാണ് എടുത്തു പറയേണ്ടത്.