മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടുമൊരു ഏകദിന ലോകകപ്പ് വിരുന്നെത്തുകയാണ്. 2011ല്‍ ഇന്ത്യ ആതിഥേയരായപ്പോള്‍ കപ്പുയര്‍ത്താന്‍ ടീമിനായിരുന്നു. 2023ല്‍ വീണ്ടും ഇന്ത്യയുടെ മണ്ണില്‍ വിശ്വ കിരീടത്തിനായുള്ള പോരാട്ടം നടക്കുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണ കരുത്തുറ്റ താരനിര ഇന്ത്യക്കൊപ്പമുണ്ട്. പരിക്കിന്റെ പ്രശ്‌നങ്ങളുണ്ടെങ്കിലും സാഹചര്യം ആതിഥേയര്‍ക്ക് അനുകൂലമാണ്.
2013ന് ശേഷം ഒരു തവണ പോലും ഐസിസി കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ കിരീടം നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ഇത്തവണ ഇന്ത്യക്ക് വലിയ മുന്‍തൂക്കം പ്രവചിക്കപ്പെടുമ്പോഴും കപ്പ് നേടുമോയെന്ന് ഉറപ്പില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. 2011ല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ യുവരാജിന്റെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണ്ണായകമായിരുന്നു.
'സത്യസന്ധമായി പറഞ്ഞാല്‍ ഇത്തവണ ഇന്ത്യ ലോകകപ്പ് നേടുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഒരു ദേശസ്‌നേഹിയെന്ന നിലയില്‍ ഇന്ത്യ ജയിക്കുമെന്ന് ഞാന്‍ പറയാം. പരിക്കിനെത്തുടര്‍ന്ന് ഇന്ത്യയുടെ മധ്യനിരയില്‍ നിരവധി പ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. ഇന്ത്യക്ക് ലോകകപ്പ് നേടാന്‍ സാധിക്കാതെ പോയാല്‍ അത് വളരെ പ്രയാസമുണ്ടാക്കും. ടോപ് ഓഡര്‍ മികച്ചതാണ്. എന്നാല്‍ മധ്യനിരയില്‍ അഴിച്ചുപണി വേണം. 4, 5 നമ്പറുകള്‍ വളരെ പ്രധാനപ്പെട്ടതാണ്.
ഐപിഎല്ലില്‍ റിഷഭ് പന്ത് നാലാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ റിഷഭ് ഇന്ത്യക്കായും അത് ചെയ്യണം. നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ വലിയ സ്‌കോര്‍ നേടുന്ന താരമെന്നതിലുപരിയായി സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിവുള്ളവനാവണം'- ക്രിക്കറ്റ് ബാസു യുട്യൂബ് ചാനലില്‍ സംസാരിക്കവെ യുവരാജ് പറഞ്ഞു. പരിക്ക് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത. കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് പന്ത് ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ല.

ശ്രേയസ് അയ്യരുടെ കാര്യവും സംശയമാണ്. രണ്ടുപേരും മധ്യനിരയില്‍ തിളങ്ങുന്നവരാണ്. ഇരുവര്‍ക്കും ലോകകപ്പ് നഷ്ടമായാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍ എന്നിവര്‍ മധ്യനിരയില്‍ ഇടം പ്രതീക്ഷിക്കുന്നവരാണ്. എന്നാല്‍ ഇവരെ വിശ്വസ്തരെന്ന് വിളിക്കാനാവാത്തതിനാല്‍ മധ്യനിരയുടെ കാര്യത്തില്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതായുണ്ട്.
ഇന്ത്യയുടെ ടീം കോമ്പിനേഷനെക്കുറിച്ച് പറഞ്ഞ യുവരാജ് നാലാം നമ്പറില്‍ ബാറ്റുചെയ്യാന്‍ കഴിവുള്ള നിലവിലെ മികച്ച ബാറ്റ്‌സ്മാനെയും നിര്‍ദേശിച്ചു. 'രോഹിത് ശര്‍മയെപ്പോലൊരു മികച്ച നായകന്‍ ഇന്ത്യക്കുണ്ട്. മികച്ച ടീം കോമ്പിനേഷന്‍ ഉണ്ടാക്കുകയെന്നതാണ് പ്രധാനം. മികച്ച ടീമായി വരാന്‍ കുറച്ച് മത്സരങ്ങള്‍ വേണ്ടിവരും. 20 താരങ്ങളുടെ സംഘത്തില്‍ നിന്ന് വേണം 15 അംഗ ടീമിനെ തിരഞ്ഞെടുക്കാന്‍. കെ എല്‍ രാഹുലും റിങ്കു സിങ്ങും മധ്യനിരയില്‍ മികവുകാട്ടാന്‍ കഴിവുള്ളവരാണ്'-യുവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍ കളിക്കാനാണ് സാധ്യത. ഓപ്പണറായ രാഹുലിനെ അവസാന മത്സരങ്ങളിലെല്ലാം ഇന്ത്യ മധ്യനിരയിലേക്കാണ് പരിഗണിച്ചത്. ലോകകപ്പില്‍ രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് തന്നെ ഇറങ്ങിയേക്കും. അങ്ങനെ വരുമ്പോള്‍ നാലാം നമ്പറില്‍ അനുഭവസമ്പന്നനായ രാഹുലിന് നറുക്കുവീണേക്കും. വിക്കറ്റ് കീപ്പറായി ആരെന്നതാണ് അടുത്ത തലവേദന. സഞ്ജു സാംസണെ കീപ്പറാക്കണോ അതോ രാഹുലിനെ കീപ്പറാക്കണമോയെന്നതാണ് ചോദ്യം.
രാഹുലിനെ കീപ്പറാക്കി മുന്നോട്ട് പോയാല്‍ സഞ്ജുവിന് മധ്യനിരയില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ല. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലൂടെയും ഏഷ്യാ കപ്പിലൂടെയുമാവും ഇന്ത്യ ലോകകപ്പ് ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തുക. അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണെന്ന് തന്നെ പറയാം.