ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന വമ്പന്‍ പോരാട്ടത്തിനു മുമ്പ് ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ചിരവൈരികള്‍ തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം. തുടര്‍ച്ചയായ മൂന്നാം വിജയം തേടിയാണ് ഇരുടീമുകളും കച്ചമുറുക്കുന്നത്. അതുകൊണ്ടു പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.
നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ടീമംഗങ്ങള്‍ക്കൊപ്പം പരിശീലനം നടത്തി തിരിച്ചുപോവുന്നതിനിടെയായിരുന്നു ഇന്ത്യന്‍ ടീമിനു ഷഹീന്റെ മുന്നറിയിപ്പ്. ഗ്രൗണ്ടു പുറത്തു നില്‍ക്കുകയായിരുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ഷഹീനോടു ഒരു സെല്‍ഫിക്കായി അഭ്യര്‍ഥിക്കുകയായിരുന്നു. തീര്‍ച്ചയായും സെല്‍ഫിയെടുക്കാം, പക്ഷെ ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റുകളെടുത്ത ശേഷമാവാമെന്നായിരുന്നു ഷഹീന്റെ മറുപടി.

ഇത്തവണ ഇന്ത്യയെ വിറപ്പിക്കാന്‍ താന്‍ ഒരുങ്ങിക്കഴിഞ്ഞെന്ന സൂചന കൂടിയാണ് ഷഹീന്‍ ഇതിലൂടെ നല്‍കിയിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് പാക് ബൗളിങ് നിരയില്‍ ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുന്ന ബൗളര്‍ തന്നെയാണ് ഇടംകൈയനായ ഷഹീന്‍.
ന്യൂബോള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ഇടംകൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുള്ള ദൗര്‍ബല്യം 2021ലെ ടി20 ലോകകപ്പിലടക്കം പലപ്പോഴും മുതലെടുക്കാനും ഷഹീനായിട്ടുണ്ട്.
പക്ഷെ അവസാനമായി കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്കെതിരേ ഷഹീന്‍ നനഞ്ഞ പടക്കമായിരുന്നു. വളരെ അനായാസമായിട്ടാണ് ഇന്ത്യന്‍ മുന്‍നിര അദ്ദേഹത്തെ കൈകാര്യം ചെയ്ത്. ഷഹീന്‍ ഏറ്റവുമധികം തല്ലുവാങ്ങിയത് ഓപ്പണര്‍ ശുഭ്മന്‍ ഗില്ലില്‍ നിന്നായിരുന്നു.
കളിയില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്ത പേസര്‍ 7.9 ഇക്കോണമി റേറ്റില്‍ വഴങ്ങിയത് 79 റണ്‍സായിരുന്നു. ഒരു വിക്കറ്റ് മാത്രമായിരുന്നു ഷഹീന് വീഴ്ത്താനായത്. ഈ മല്‍സരത്തില്‍ ഇന്ത്യ 228 റണ്‍സിന്റെ റെക്കോര്‍ഡ് വിജയവും സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഈ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയപ്പോള്‍ മിന്നുന്ന പ്രകടനമായിരുന്നു ഷഹീന്‍ കാഴ്ചവച്ചത്. 10 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 35 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ബൗള്‍ഡാക്കിയ ഷഹീന്‍ വിരാട് കോലിയെയും ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മറ്റുള്ള ഇരകള്‍.

ഇത്തവണ ലോകകപ്പിലും ഇന്ത്യക്കെതിരേ സമാനമായൊരു മാജിക്കാണ് ഷഹീന്‍ ലക്ഷ്യമിടുന്നത്. പവര്‍പ്ലേയില്‍ ഷഹീനെ അതിജീവിക്കുകയെന്നതായിരിക്കും ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. അതിനു സാധിക്കുകയാണെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാവും. ഷഹീന്റെ ഇന്‍സ്വിങറുകള്‍ വലംകൈയന്‍ ബാറ്റര്‍മാര്‍ക്കാണ് ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. അതുകൊണ്ടു തന്നെ രോഹിത്തിനൊപ്പം ഇഷാന്‍ ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ ഷഹീന്റെ ഭീഷണി കുറയ്ക്കാന്‍ സഹായിക്കും.
രോഹിത്തിന്റെ സ്ഥിരം ഓപ്പണിങ് പങ്കാളിയായ ശുഭ്മന്‍ ഗില്‍ പാകിസ്താനെതിരേ കളിക്കുമോയെന്ന കാര്യം സംശയമാണ്. ഡെങ്കിപ്പനിയെ തുടര്‍ന്നു ചികില്‍സയിലായിരുന്ന താരത്തിനു ആദ്യത്തെ രണ്ടു കളികളും നഷ്ടമായിരുന്നു. എന്നാല്‍ പാകിസ്താനുമായുള്ള കളിക്കു മുന്നോടിയായി ഗില്‍ അഹമ്മദാബാദിലെത്തി ടീമിനൊപ്പം ചേര്‍ന്നു കഴിഞ്ഞു. നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനവും നടത്തിയിരുന്നു. എന്നാല്‍ മാച്ച് ഫിറ്റാണെങ്കില്‍ മാത്രമേ താരത്തെ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുകയുള്ളൂ.
ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏഴു തവണയാണ് ഏകദിന ലോകകപ്പില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇവയിലെല്ലാം ഇന്ത്യ വിജയിക്കുകയും ചെയ്തു. ഇത്തവണയും ഈ റെക്കോര്‍ഡ് കാത്തൂസൂക്ഷിക്കാമെന്ന ആത്മവിശ്വാസത്തിലാണ് രോഹിത്തും സംഘവും.