2011നു ശേഷം ടീം ഇന്ത്യയെ വീണ്ടുമൊരു ലോകകപ്പിന്റെ ഫൈനലിലെത്തിച്ച ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കുമോ? ലോകമെമ്പാടുമുള്ള ആരാധകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചോദ്യമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ വേദിയായ ടി20 ലോകകപ്പായിരുന്നു രോഹിത്തിനു കീഴില്‍ ഇന്ത്യ ആദ്യം കളിച്ച ഐസിസി ടൂര്‍ണമെന്റ. പക്ഷെ അതില്‍ ഇന്ത്യക്കു സെമിയില്‍ പിഴയ്ക്കുകയായിരുന്നു. ഇത്തവണ ഏകദിന ലോകകകപ്പില്‍ ടീമിനെ ഫൈനലിലെത്തിച്ച് ഹിറ്റ്മാന്‍ അതിനു പ്രായശ്ചിത്തവും ചെയ്തിരിക്കുകയാണ്.
ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും രോഹിത് ഒരുപോലെ മികച്ചുനിന്ന ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. നിലവിലെ ഫോമില്‍ അദ്ദേഹത്തെ വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റില്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യമുറപ്പാണ്. അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി ഐസിസിയുടെ ടി20 ലോകകപ്പ് നടക്കാനിക്കുകയാണ്. അതാവുമോ രോഹിത്തിന്റെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് കരിയറിന്റെ അസ്തമയ കാലത്താണ് രോഹിത്. നിലവില്‍ അദ്ദേഹത്തിനു 37 വയസ്സായിക്കഴിഞ്ഞു. അടുത്ത ടി20 ലോകകപ്പാവുമ്പോഴേക്കും രോഹിത് 38ലേക്കു കടക്കും. ഇപ്പോള്‍ നടക്കുന്ന ഏകദിന ലോകകപ്പിനു ശേഷം ഡിസംബറില്‍ ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയില്‍ പര്യടനം നടത്തുന്നുണ്ട്.
ഈ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും മുമ്പ് ഭാവിയെക്കുറിച്ച് രോഹിത്തുമായി ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും ചര്‍ച്ച നടത്തുമെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. അദ്ദേഹത്തിന്റെ കൂടി തീരുമാനം അറിഞ്ഞതിനു ശേഷമായിരിക്കും ബിസിസിഐ ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുക.
അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് വരെ കൂടി താന്‍ ഈ ഫോര്‍മാറ്റില്‍ കളിക്കാന്‍ തയ്യാറാണെന്നു രോഹിത് അറിയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവസാനത്തെ ഐസിസി ടൂര്‍ണമെന്റ് അതായിരിക്കും. പക്ഷെ 2024ലെ ടി20 ലോകകപ്പ് വരെ രോഹിത് ടി20യില്‍ കളിക്കുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ പുറത്തായതിനു ശേഷം ഈ ഫോര്‍മാറ്റില്‍ രോഹിത് ഇന്ത്യക്കായി കളിച്ചിട്ടില്ല. ഹിറ്റ്മാന്‍ മാത്രമല്ല വിരാട് കോലിയും ഈ ഫോര്‍മാറ്റില്‍ നിന്നും മാറി നില്‍ക്കുകയാണ്.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് കഴിഞ്ഞാല്‍ 2025ല്‍ ചാംപ്യന്‍സ് ട്രോഫിയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുമാണ് (യോഗ്യത നേടിയാല്‍ മാത്രം) ഇന്ത്യക്കുള്ളത്. ഇവയില്‍ രോഹിത്തിനെ തീര്‍ച്ചയായും കാണാനിടയില്ല. 2024ലെ ടി20 ലോകകപ്പിലെങ്കിലും കളിച്ച് കിരീട വിജയത്തോടെ രാജകീയമായി തന്നെ അത്യുജ്വല കരിയറിനു തിരശീലയിടാനായിരിക്കും അദ്ദേഹത്തിന്‍റെ ആരാധകര്‍ ആഗ്രഹിക്കുക.
അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് അടുത്തിടെ രോഹിത് ചില സൂചനകള്‍ നല്‍കിയിരുന്നു. ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം ഭാവിയെക്കുെറിച്ച് താന്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നിലവില്‍ രോഹിത്തിന്റെ ഫോമിനെക്കുറിച്ച് ആശങ്കകളൊന്നും തന്നെയില്ല.
ഈ ലോകകപ്പില്‍ 44 ശരാശരിയില്‍ 124.15 സ്‌ട്രൈക്ക് റേറ്റോടെ 550 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ഇതു പരിഗണിക്കുമ്പോള്‍ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ കൂടിയെങ്കിലും രോഹിത് തീര്‍ച്ചയായും കളിക്കേണ്ടതുണ്ട്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 33ഉം ഐപിഎല്ലില്‍ 16ഉം മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചിരിക്കുന്നത്. രോഹിത്തിന്റെ മികച്ച ഫിറ്റ്‌നസ് നിലവാരം കൂടിയാണ് ഇതു കാണിക്കുന്നത്.