ഐസിസിയുടെ ഏകദിന ലോകകപ്പില്‍ കരിയറിലാദ്യമായി ടീം ഇന്ത്യയെ നയിക്കാനൊരുങ്ങുകയാണ് ആരാധകരുടെ സ്വന്തം ഹിറ്റ്മാന്‍ രോഹിത് ശര്‍മ. അദ്ദേഹത്തിന്റെ കരിയറിലെ മൂന്നാമത്തെയും ഒരു പക്ഷെ അവസാനത്തെും ലോകകപ്പ് കൂടിയായിരിക്കും ഇത്തവണത്തേത്. 2011ല്‍ ഇന്ത്യ ജേതാക്കളായ ലോകകപ്പില്‍ നിന്നും തഴയപ്പെട്ട രോഹിത് 2015ലെ ടൂര്‍ണമെന്റിലൂടെ അരങ്ങേറുകയായിരുന്നു.
2019ലെ അവസാന ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായിരുന്നു രോഹിത്. അഞ്ചു സെഞ്ച്വറികളടക്കം 600ന് മുകളില്‍ റണ്‍സായിരുന്നു അദ്ദേഹം വാരിക്കൂട്ടിയത്. ഈ ലോകകപ്പില്‍ ഒരു വമ്പന്‍ റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയങ്ങളിലേക്കു നയിച്ച രണ്ടാമത്തെ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വപ്‌നം കാണുകയാണ് അദ്ദേഹം.

പക്ഷെ അത് സാധിച്ചെടുക്കുകയെന്നത് വളരെ കടുപ്പം തന്നെയായിരിക്കും. ഇന്ത്യക്കു ഏറ്റവുമധികം ലോകകപ്പ് വിജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനെന്ന ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ കൂടിയായ എംഎസ് ധോണിക്കു അവകാശപ്പെട്ടതാണ്. 14 വിജയങ്ങളാണ് അദ്ദേഹം ടീമിനു നേടിത്തന്നത്. തോറ്റതു വെറും രണ്ടെണ്ണത്തില്‍ മാത്രം.
2011, 15 ലോകകപ്പുകളിലായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യ ഇറങ്ങിയത്. 2011ല്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ അദ്ദേഹത്തിനു 2015ല്‍ ഇതാവര്‍ത്തിക്കാനായില്ല. ടീം സെമി ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു.
2011ലെ ലോകകപ്പില്‍ കിരീടത്തിലേക്കുളള കുതിപ്പില്‍ ഒരേയൊരു കളിയിലാണ് ധോണിപ്പടയ്ക്കു കാലിടറിയത്. പ്രാഥമിക റൗണ്ടില്‍ സൗത്താഫ്രിക്കയുമായുള്ള കളിയിലായിരുന്നു ഇന്ത്യ മുട്ടുമടക്കിയത്. അതിനു ശേഷം ഫൈനലടക്കം ജയിച്ച് മുന്നേറിയ ഇന്ത്യയുടെ പടയോട്ടം 2015ലെ അടുത്ത എഡിഷന്റെ സെമി ഫൈനലിലാണ് അവസാനിച്ചത്.
ധോണിയുടെ ഈ റെക്കോര്‍ഡിനൊപ്പമെത്താന്‍ രോഹിത്തിനു തീര്‍ച്ചയായും കഴിഞ്ഞേക്കില്ല. 2027ലെ അടുത്ത ലോകകപ്പില്‍ കൂടി ക്യാപ്റ്റന്‍ സ്ഥാനത്തുണ്ടെങ്കില്‍ മാത്രമേ ധോണിയുടെ റെക്കോര്‍ഡ് അദ്ദേഹം മോഹിക്കേണ്ടതുള്ളൂ. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ധോണി കഴിഞ്ഞാല്‍ ലോകകപ്പില്‍ ഏറ്റവുമധികം വിജയങ്ങളുള്ള നായകന്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ കപില്‍ ദേവാണ്.
ലോകകപ്പില്‍ 15 മല്‍സരങ്ങളിലാണ് കപില്‍ ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇതില്‍ 11 എണ്ണത്തില്‍ ടീം ജയം നേടിയപ്പോള്‍ നാലെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. മനസ്സുവച്ചാല്‍ രോഹിത്തിനു കപിലിന്റെ ഈ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഈ ലോകകപ്പില്‍ കഴിയും. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും തോല്‍ക്കാന്‍ പാടില്ല. കപിലിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയാല്‍ ലോകകിരീടവും ഇന്ത്യക്കു തന്നെയായിരിക്കും.
കാരണം ഫൈനലടക്കം ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ആകെയുണ്ടാവുക 11 മല്‍സരങ്ങളാണ്. പ്രാഥമിക റൗണ്ടില്‍ ഒമ്പതു മല്‍സരങ്ങള്‍ കളിക്കുന്ന ഇന്ത്യ ഇവിടെ നിന്നും മുന്നേറിയാല്‍ സെമി ഫൈനലിലും ഫൈനലിലുമായിരിക്കും ഇറങ്ങുക.

അതുകൊണ്ടു തന്നെ 11 വിജയം കൊയ്താല്‍ കപിലിന്റെ റെക്കോര്‍ഡില്‍ പങ്കാളിയാവുന്നതിനൊപ്പം ലോകകപ്പില്‍ 100 ശതമാനം വിജയ റെക്കോര്‍ഡുള്ള ഏക ഇന്ത്യന്‍ ക്യാപ്റ്റനായും രോഹിത് മാറും. കാരണം ഇനിയൊരു ലോകകപ്പില്‍ അദ്ദേഹത്തെ കാണാന്‍ സാധ്യത തീരെ കുറവാണ്.
ധോണി, കപില്‍ എന്നിവര്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ കൂടുതല്‍ വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ മുന്‍ സ്റ്റൈലിഷ് ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ്. ഏറ്റവുമധികം ലോകകപ്പ് മല്‍സരങ്ങളില്‍ ടീമിനെ നയിച്ചതും അദ്ദേഹം തന്നെ. 22 മല്‍സരങ്ങളാണ് അസ്ഹറിനു കീഴില്‍ ഇന്ത്യ ലോകകപ്പില്‍ കളിച്ചത്. ഇതില്‍ 10 എണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ 12ലും പരാജയമായിരുന്നു ഫലം.
ഈ ലിസ്റ്റിലെ മറ്റു ഇന്ത്യന്‍ നായകരുടെ പ്രകടനം സൗരവ് ഗാംഗുലി (9 ജയം, 2 തോല്‍വി), വിരാട് കോലി (7 ജയം, 2 തോല്‍വി), രാഹുല്‍ ദ്രാവിഡ് (1 ജയം, 2 തോല്‍വി), എസ് വെങ്കട്ടരാഘവന്‍ (1 ജയം, 5 തോല്‍വി) എന്നിങ്ങനെയാണ്.