For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: തുടക്കമിട്ടത് പോണ്ടിങ്, പിന്നെ വീരു; ഇത്തവണ കപ്പ് കിവീസിന്! കാരണമറിയാം

ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇത്തവണത്തെ ചാംപ്യന്‍മാര്‍ ന്യൂസിലാന്‍ഡാവുമോ? ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ് മറ്റു ടീമുകള്‍ക്കു ശക്തമായ മുന്നറിയിപ്പാണ് 2019ലെ റണ്ണറപ്പുകള്‍ നല്‍കിയിരിക്കുന്നത്. തികച്ചും ഏകപക്ഷീയമായി മാറിയ കളിയില്‍ ഇംഗ്ലണ്ടിനെ കിവികള്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. കഴിഞ്ഞ തവണത്തെ ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ നിരാശാജനകമായ തോല്‍വിക്കു ന്യൂസിലാന്‍ഡ് കണക്കു ചോദിക്കുകയായിരുന്നു.

ഈ മല്‍സരത്തില്‍ കുറിച്ച വമ്പന്‍ ജയമല്ല ന്യൂസിലാന്‍ഡിനെ കിരീട സാധ്യതയില്‍ ഏറ്റവും മുന്നില്‍ എത്തിച്ചിരിക്കുന്നത്. മറിച്ച് അവസാനത്തെ നാലു ലോകകപ്പുകളിലെയും ഒരു അസാധാരണ റെക്കോര്‍ഡാണ് കിവികളെ ഫേവറിറ്റുകളാക്കി മാറ്റിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ ഡെവന്‍ കോണ്‍വേയുടെയും (152*) രചിന്‍ രവീന്ദ്രയുടെയും (123*) അപരാജിത സെഞ്ച്വറികളായിരുന്നു ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്.

CONWAY

മല്‍സരത്തില്‍ ആദ്യം സെഞ്ച്വറി കുറിച്ചത് കോണ്‍വേയായിരുന്നു. പിന്നാലെ 23 കാരനായ രവീന്ദ്രയും മൂന്നക്കത്തിലെത്തുകയായിരുന്നു. ഏകദിന ലോകകപ്പിന്റെ കഴിഞ്ഞ നാലു എഡിഷനുകള്‍ നോക്കിയാല്‍ കൗതുകകരമായ ഒരു കാര്യം നമുക്കു കാണാന്‍ സാധിക്കും. ഈ നാലു ലോകകപ്പുകളിലും ടൂര്‍ണമെന്റില്‍ ആദ്യത്തെ സെഞ്ച്വറി കുറിച്ച താരത്തിന്റെ ടീമാണ് ചാംപ്യന്‍മാരായി മാറിയിട്ടുള്ളതെന്നു കാണാം.

2007ലെ ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റിക്കി പോണ്ടിങായിരുന്നു ആദ്യ സെഞ്ച്വറി നേടിയത്. ടൂര്‍ണമെന്റില്‍ ഓസീസ് ചാംപ്യന്‍മാരാവുകയും ചെയ്തു. 2011ലെ അടുത്ത ലോകകപ്പിലെ ആദ്യത്തെ സെഞ്ച്വറി ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനു അവകാശപ്പെട്ടതായിരുന്നു. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ അന്നു ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ലോകകിരീടം ചൂടിയിരുന്നു.

2015ലെ ലോകകപ്പിലെ ആദ്യ സെഞ്ച്വറി ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ പേരിലായിരുന്നു. ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കായിരുന്നു കിരീടം. ഏറ്റവും അവസാനമായി 2019ലെ അവസാനത്തെ ലോകകപ്പിലും ഇതാവര്‍ത്തിച്ചു. ഇംഗ്ലണ്ട് സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടായിരുന്നു കഴിഞ്ഞ എഡിഷനിലെ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചത്. ടൈയില്‍ കലാശിച്ച ക്ലാസിക്ക് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു.

RACHIN RAVINDRA

ഇപ്പോഴിതാ ഈ ലോകകപ്പിലെ ആദ്യത്തെ മാത്രമല്ല രണ്ടാമത്തെ സെഞ്ച്വറിയും ന്യൂസിലാന്‍ഡ് തങ്ങളുടെ പേരിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാലു എഡിഷനുകളെയും പോലെ കിവികള്‍ ഇനി കന്നി ലോകകപ്പും കൊത്തിയെടുത്ത് നാട്ടിലേക്കു പറക്കുമോയെന്നു മാത്രമാണ് അറിയാനുള്ളത്. ഈ സസ്‌പെന്‍സ് അവസാനിക്കാന്‍ പക്ഷെ അടുത്ത മാസം 19 വരെ നമുക്കു കാത്തിരിക്കേണ്ടി വരും. ഉദ്ഘാടന മല്‍സരത്തിനു വേദിയായ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ തന്നെയാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം.

ന്യൂസിലാന്‍ഡിനു ഗംഭീര വിജയം

കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീപ്ലേയെന്ന നിലയില്‍ ലോകം ഉറ്റുനോക്കിയ പോരാട്ടമായിരുന്നു ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ഉദ്ഘാടന മല്‍സരം. കാരണം 2019ല്‍ 50 ഓവറിലും തുടര്‍ന്നുള്ള സൂപ്പര്‍ ഓവറിലും കളി ടൈയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നു കൂടുതല്‍ ബൗണ്ടറികളടിച്ച ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു. പക്ഷെ ഇത്തവണ അത്തരത്തിലുള്ള തീപാറും പോരാട്ടമൊന്നും കണ്ടില്ല.

ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കിയാണ് കിവികള്‍ ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റിനു 282 റണ്‍സാണ് നേടിയത്. മറുപടിയില്‍ സ്‌കോര്‍ 10ല്‍ ആദ്യ വിക്കറ്റ് വീണെങ്കിലും രണ്ടാം വിക്കറ്റില്‍ 273 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി കോണ്‍വേ- രവീന്ദ്ര ജോടി എതിരാളികളെ നാണംകെടുത്തി. വെറും 36.2 ഓവറില്‍ കിവീസ് വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

Story first published: Thursday, October 5, 2023, 22:29 [IST]
Other articles published on Oct 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+