ലോകകപ്പില്‍ ഇന്ത്യന്‍ ടീം അപരാജിത കുതിപ്പുമായി സെമി ഫൈനലിനു തൊട്ടരികില്‍ നില്‍ക്കവെ കിരീട സാധ്യതയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിനു അദ്ദേഹം മറുപടി നല്‍കിയത്. 2011ല്‍ ഇന്ത്യ അവസാനമായി ലോകകപ്പുയര്‍ത്തിയത് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
അന്നു സ്വന്തം കാണികള്‍ക്കു മുന്നില്‍ വച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ലോകകപ്പിനു ഇന്ത്യ വേദിയാവുമ്പോള്‍ പ്രതീക്ഷകളും വാനോളമാണ്. ആരാധകരുടെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഇതിനകം കാഴ്ചവച്ചിരിക്കുന്നത്. അഞ്ചു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇത്തവണ തോല്‍വിയറിയാത്ത ഏക ടീം കൂടിയാണ് ഇന്ത്യ.

കളിച്ച അഞ്ചു മല്‍സരങ്ങളും ജയിച്ച രോഹിത് ശര്‍മയും സംഘവും 10 പോയിന്റുമായി തലപ്പത്ത് നില്‍ക്കുകയാണ്. ഒരു മല്‍സരം കൂടി ജയിക്കാനായാല്‍ ഇന്ത്യക്കു സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്യാം. ബെംഗളൂരുവില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു ഇന്ത്യയുടെ കിരീട സാധ്യതയെക്കുറിച്ച് ധോണിയോടു ചോദ്യം ചോദിച്ചത്. അദ്ദേഹം അതിനു മറുപടി നല്‍കിയെങ്കിലും കൂടൂതലായി ഒന്നും തന്നെ പറയാന്‍ തയ്യാറായതുമില്ല.
ഈ ലോകകപ്പില്‍ നമ്മുടേത് വളരെ മികച്ച ടീം തന്നെയാണ്. നല്ല ബാലന്‍സുള്ള സ്‌ക്വാഡ് കൂടിയാണ് ഇന്ത്യയുടേത്. എല്ലാവരും നന്നായി കളിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാം നല്ലതായിട്ടാണ് കാണപ്പെടുന്നത്. ഞാന്‍ ഇതേക്കുറിച്ച് കൂടുതലായൊന്നും പറയില്ല. ബുദ്ധിയുള്ളവര്‍ക്കു കാര്യം മനസ്സിലാവാന്‍ ഈ സൂചനകള്‍ മതിയാവുമെന്നും ധോണി വ്യക്തമാക്കി.
ഇന്ത്യയുടെ അടുത്ത മല്‍സരം ഞായറാഴ്ച നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെതിരേയാണ്. വിജയക്കുതിപ്പ് തുടരാനുറച്ചു തന്നെയായിരിക്കും ലഖ്‌നൗവില്‍ നടക്കാനിരിക്കുന്ന ഈ മല്‍സത്തില്‍ ഇന്ത്യയിറങ്ങുക. ടൂര്‍ണമെന്റില്‍ ഇതിനകം ചില വമ്പന്‍ ടീമുകളെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിട്ടുണ്ട്.
2019ലെ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ ന്യൂസിലാന്‍ഡ്, ചിരവൈരികളായ പാകിസ്താന്‍, അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ എന്നിവരെയെല്ലാം പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ അപരാജിത കുതിപ്പ്. ബംഗ്ലാദേശ്, അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയും വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു.
2024ലെ അടുത്ത ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി താന്‍ കളിക്കുമോയെന്നതിനെ കുറിച്ചും ധോണി തുറന്നു പറഞ്ഞു. കഴിഞ്ഞ സീസണിനു തൊട്ടു പിന്നാലെ അദ്ദേഹം കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ഇതേ തുടര്‍ന്നു ധോണിക്കു അടുത്ത സീസണില്‍ കളിക്കാന്‍ സാധിക്കുമോയെന്നു പലരും സംശയവും പ്രകടിപ്പിച്ചിരുന്നു.

ശസ്ത്രക്രിയയെ കാല്‍മുട്ട് അതിജീവിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന പ്രക്രിയയിലൂടെ കടന്നുപോവുകയാണ്. നവംബറോടെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കു എത്തുമെന്നാണ് ഡോക്ടര്‍ എന്നോടു പറഞ്ഞത്. പക്ഷെ ദൈനംദിന കാര്യങ്ങളില്‍ ഒരു പ്രശ്‌നവുമില്ലെന്നും ധോണി പറഞ്ഞു.
അടുത്ത സീസണിലും സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ തന്നെ കാണാന്‍ സാധിക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹം ഇതിലൂടെ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ധോണിക്കു കീഴില്‍ സിഎസ്‌കെ അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 2022ലെ ജേതാക്കളായിരുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് സിഎസ്‌കെ വീഴ്ത്തിയത്. ഇതോടെ അഞ്ചു ട്രോഫികളെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പവും ചെന്നൈ എത്തിയിരുന്നു.