ഐസിസിയുടെ ഏകദിന ലോകകപ്പില്‍ അടുത്ത മാസം എട്ടിനു കന്നിയങ്കത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. എന്നാല്‍ കംഗാരുപ്പടയോടു തോറ്റുകൊണ്ടു ലോകകപ്പില്‍ തുടങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടീം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ദയനീയ റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം. ഓസീസിനെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു സ്വന്തമാക്കിയെങ്കിലും ലോകകപ്പില്‍ അതു ഇന്ത്യക്കു മുന്‍തൂക്കം നല്‍കില്ലെന്നതാണ് യാഥാര്‍ഥ്യം.
ഓസ്‌ട്രേലിയക്കെതിരേ രോഹിത്തിന്റെ ഏകദിന ക്യാപ്റ്റന്‍സി റെക്കോര്‍ഡ് വളരെ മോശമാണെന്നു കണക്കുകള്‍ പറയുന്നു. ഇതുവരെ അദ്ദേഹത്തിനു കീഴില്‍ ഓസീസിനെ ഏകദിനത്തില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല. മൂന്നു ഏകദിന മല്‍സരങ്ങളിലാണ് ഹിറ്റ്മാന് കീഴില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ കളിച്ചിട്ടുള്ളത്. എല്ലാത്തിലും ഇന്ത്യ പരാജയപ്പെട്ടുവെന്നതാണ് ഞെട്ടിക്കുന്ന കാര്യം. എല്ലാ മല്‍സരങ്ങളും ഈ വര്‍ഷം തന്നെയായിരുന്നു.

കഴിഞ്ഞ ഐപിഎല്ലിനു തൊട്ടുമുമ്പായിരുന്നു ഓസ്‌ട്രേലിയന്‍ ടീം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കായി ഇന്ത്യയിലെത്തിയത്. നാലു ടെസ്റ്റുകളുടെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ജേതാക്കളായെങ്കിലും മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഓസ്‌ട്രേിയ 2-1നു കൈക്കലാക്കി. അന്നു ആദ്യ മല്‍സരം ജയിച്ച ശേഷമായിരുന്നു ശേഷിച്ച രണ്ടു കളിയിലും തോറ്റ് ഇന്ത്യ പരമ്പരയും കൈവിട്ടത്.
ആദ്യ മല്‍സരത്തില്‍ രോഹിത് കളിച്ചിരുന്നില്ല. പകരം ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ടീമിനെ നയിച്ചത്. അഞ്ചു വിക്കറ്റിന്റെ വിജയത്തോടെ ഇന്ത്യ 1-0നു പരമ്പരയില്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ കളിയില്‍ രോഹിത് ക്യാപ്റ്റനായി ടീമില്‍ തിരികെയെത്തി.
ഈ മല്‍സരത്തില്‍ ഇന്ത്യ പത്തു വിക്കറ്റിന്റെ നാണംകെട്ട പരാജയമായിരുന്നു ഏറ്റുവാങ്ങിയത്. ഇതോടെ മൂന്നാമത്തെ മല്‍സരം ഇരുടീമിനും നിര്‍ണായകമായി മാറി. പക്ഷെ ഈ കളിയും രോഹിത്തും സംഘവും കൈവിട്ടു. 21 റണ്‍സിനു ഇന്ത്യയെ തോല്‍പ്പിച്ച് 2-1നു ഓസീസ് പരമ്പര പോക്കറ്റിലാക്കുകയായിരുന്നു.
ഇപ്പോഴിതാ സമാപിച്ച ഓസ്‌ട്രേലിയയുമായുള്ള പരമ്പരയിലും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു കളിയിലും രോഹിത്തിനു വിശ്രമം നല്‍കിയപ്പോള്‍ പകരം ടീമിനെ നയിച്ചത് കെഎല്‍ രാഹുലായിരുന്നു. അദ്ദേഹം വളരെ മികച്ച രീതിയില്‍ ടീമിനെ നയിക്കുകയും ചെയ്തു.

മൊഹാലിയിലെ ആദ്യ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. 1998നു ശേഷം ഇവിടെ ഓസീസിനെതിരേ ഇന്ത്യയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്. ഇന്‍ഡോറിലെ രണ്ടാമങ്കവും ജയിച്ച് ഇന്ത്യ പരമ്പരയില്‍ അപരാജിത ലീഡും കൈക്കലാക്കി. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 99 റണ്‍സിനായിരുന്നു രാഹുലിനു കീഴില്‍ ഇന്ത്യന്‍ വിജയം.
ഇതോടെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പരയില്‍ ഓസീസിനെ തൂത്തുവാരാന്‍ ഇന്ത്യക്കു അവസരം ലഭിക്കുകയും ചെയ്തു. അപ്പോഴാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു മൂന്നാമങ്കത്തില്‍ രോഹിത്തിന്റെ മടങ്ങിവരവ്. ഹിറ്റ്മാന് കീഴില്‍ രാജ്‌കോട്ടില്‍ ഇറങ്ങിയ ഇന്ത്യക്കു ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും പാളി. ഇതോടെ 66 റണ്‍സിന്റെ വിജയവുമായി ഓസീസ് തിരിച്ചടിക്കുകയും ചെയ്തു.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ കഴിവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ശ്രീലങ്കയുമായുള്ള കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലിലടക്കം ലോകം ഇതു കണ്ടു കഴിഞ്ഞതാണ്. പക്ഷെ ഓസ്‌ട്രേലിയക്കെതിരേ മാത്രം ഈ മാജിക്ക് എന്തുകൊണ്ടാണ് രോഹിത്തിനു ആവര്‍ത്തിക്കാന്‍ കഴിയാതെ പോവുന്നുവെന്നതാണ് ആരാധകരുടെ ചോദ്യം. ഓസീസിനെതിരേയുളള തന്റെ ചീത്തപ്പേര് മായ്ക്കാന്‍ ഹിറ്റ്മാന് ലഭിക്കുന്ന ഏറ്റവും നല്ല അവസരമായിരിക്കും ലോകകപ്പിലെ ആദ്യ പോരാട്ടം. അദ്ദേഹത്തിനു അതു കഴിയുമോയെന്നതു കാത്തിരുന്നു തന്നെ കാണാം.