ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്നത് അടുത്ത മാസം 14നു നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോയ്ക്കു വേണ്ടിയാണ്. പേസ് ത്രയത്തിലെ നിര്‍ണായക താരങ്ങളിലൊരാളായ നസീം ഷായില്ലായില്ലാതെയാണ് പാക് പട ഇന്ത്യയുമായി കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പിനിടെ പരിക്കേറ്റ അദ്ദേഹത്തിനു ചുരുങ്ങിയതു ആറു മാസമെങ്കിലും കളിക്കാനാവില്ലെന്നു ഉറപ്പായിരിക്കുകയാണ്.
നസീമിന്റെ അഭാവത്തില്‍ പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുമോയെന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ സ്പിന്നര്‍ അമിത് മിശ്ര. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ ഇന്ത്യയുമായുള്ള പോരാട്ടത്തിനിടെയായിരുന്നു നസീമിന്റെ തോളിനു പരിക്കേറ്റത്.

മഴ കാരണം തടസ്സപ്പെട്ട മല്‍സരം റിസര്‍വ് ദിനത്തിലേക്കു കടന്നിരുന്നു. റിസര്‍വ് ദിനം ബൗള്‍ ചെയ്യുന്നതിനിടെയായിരുന്നു പേസര്‍ക്കു പരിക്കേറ്റത്. 49ാം ഓവറില്‍ ഗ്രൗണ്ട് വിട്ട നസീം കളിക്കളത്തിലേക്കു മടങ്ങിയെത്തിയതുമില്ല. പിന്നീട് പാകിസ്താന്റെ റണ്‍ചേസിലും താരം ബാറ്റ് ചെയ്യാനെത്തിയിരുന്നില്ല. 228 റണ്‍സിന്റെ റെക്കോര്‍ഡ് ജയമായിരുന്നു മല്‍സരത്തില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
നസീമിന്റെ അഭാവം പാകിസ്താനെതിരേ ലോകകപ്പില്‍ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കില്ലെന്നു മിശ്ര അഭിപ്രായപ്പെട്ടു. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. നസീം ഇല്ലെങ്കില്‍ പകരം അതേ കഴിവുള്ള മറ്റൊരു ഫാസ്റ്റ് ബൗളറെ കൊണ്ടുവരാന്‍ പാകിസ്താനു സാധിക്കും. പക്ഷെ അനുഭവസമ്പത്തുള്ള ഒരാളെ ലഭിക്കുകയെന്നത് വെല്ലുവിളിയാവുമെന്നും മിശ്ര ചൂണ്ടിക്കാട്ടി.
ലോകകപ്പ് പോലെയൊരു വലിയ വേദിയില്‍ അനുഭവസമ്പത്തിനു തീര്‍ച്ചയായും പ്രാധാന്യമുണ്ട്. പക്ഷെ പാകിസ്താന്‍ ടീമിനെ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട കാര്യം മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം ഒരിക്കലും ഉണ്ടായിട്ടില്ലെന്നതാണ്. ഞാന്‍ ദീര്‍ഘകാലമായി കളിച്ചുകൊണ്ടിരിക്കുകയും മല്‍സരങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നയാളാണ്.
മികച്ച ഫാസ്റ്റ് ബൗളര്‍മാരില്ലാതെ പാകിസ്താനെ ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല. എല്ലാ കാലത്തും മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ അവര്‍ക്ക് ഉണ്ടായിരുന്നു. ബാറ്റര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിവരുടെ കാര്യത്തില്‍ പാകിസ്താന്‍ പലപ്പോഴും പതറിയിട്ടുണ്ടെങ്കിലും ഫാസ്റ്റ് ബൗളിങില്‍ ഒരിക്കല്‍പ്പോലും ക്ഷീണമുണ്ടായിട്ടില്ലെന്നും മിശ്ര വിലയിരുത്തി.

നസീം ഷായ്ക്കു പകരം മികച്ചൊരു ഫാസ്റ്റ് ബൗളറെ ലോകകപ്പ് ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു സാധിക്കുമെന്നു എനിക്കുറപ്പാണ്. പക്ഷെ അനുഭവസമ്പത്തിനു ഒരു വലിയ റോളുണ്ട്. നിങ്ങള്‍ എങ്ങനെ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്നുവെന്നതും പ്രധാനമാണ്. അനുഭവസമ്പത്തുള്ള ഒരു താരത്തിനു സമ്മര്‍ദ്ദത്തെ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. 140-145 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ പാകിസ്താനുണ്ടെന്നും മിശ്ര നിരീക്ഷിച്ചു.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ തഴഞ്ഞതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചഹല്‍ വളരെ കഴിവുറ്റ ബൗളറാണ്. പക്ഷെ അദ്ദേഹത്തേക്കാള്‍ നന്നായി ബാറ്റ് ചെയ്യുന്ന സ്പിന്നര്‍മാരുണ്ട്. ഇതാണ് ചഹലിനു ടീമിലെ സ്ഥാനം നഷ്ടമാക്കിയത്. കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെയാണ് ടീമില്‍ സെലക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്.
ബാറ്റിങിലും സംഭാവന ചെയ്യാന്‍ സാധിക്കുന്ന ബൗളര്‍മാരെയാണ് അവര്‍ക്കു ആവശ്യം. അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവുമെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്നവരാണ്. അക്ഷറിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് സംശയമുള്ളതിനാലാണ് ബൗളിങ് ഓള്‍റൗണ്ടറായ ആര്‍ അശ്വിനെ ഇപ്പോള്‍ ടീമിലേക്കു ഇന്ത്യ കൊണ്ടു വന്നിരിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.