മുംബൈ: ഏകദിന ലോകകപ്പിലെ ലീഗ് ഘട്ട പോരാട്ടങ്ങള്‍ അവസാനിച്ച് സെമി ആവേശത്തിലേക്ക് കടക്കുകയാണ്. നാളെ നടക്കുന്ന ഒന്നാം സെമിയില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസീലന്‍ഡിനെയാണ് നേരിടുക. 2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ തോല്‍പ്പിച്ചത് ന്യൂസീലന്‍ഡായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പകരം വീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. എന്നാല്‍ നോക്കൗട്ടില്‍ ഇതുവരെ ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല.
അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം. ലീഗ് ഘട്ടത്തില്‍ തോല്‍വി അറിയാത്ത ഇന്ത്യയെ സെമി ഫൈനലില്‍ ന്യൂസീലന്‍ഡ് തോല്‍പ്പിക്കുമോ അതോ ന്യൂസീലന്‍ഡിനെ ഇന്ത്യ തോല്‍പ്പിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ സെമി ഫൈനലിലെ വിജയിയെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ജ്യോതിഷി സുമിത് ബജാജ്. ഇത്തവണ അദ്ദേഹം നടത്തിയ പല പ്രവചനങ്ങളും സത്യമായി മാറിയിരുന്നു.
അതുകൊണ്ടുതന്നെ സുമിത് ബജാജിന്റെ പ്രവചനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജ്യോതിഷവശാല്‍ ഇന്ത്യ ജയിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. 'നേരത്തെ തന്നെ ഞാന്‍ ഇന്ത്യ മുംബൈയില്‍ സെമി കളിക്കുമെന്നും അഹമ്മദാബാദില്‍ ഫൈനല്‍ കളിക്കുമെന്നും പ്രവചിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പറയുന്നു ഇന്ത്യ സെമി ഫൈനലില്‍ ജയിക്കും. ഇന്ത്യ ആദ്യം പന്തെറിയാനാണ് സാധ്യത. ന്യൂസീലന്‍ഡ് മുന്നോട്ടുവെക്കുന്ന വിജയ ലക്ഷ്യം 47-48 ഓവറുകളില്‍ മറികടക്കാന്‍ ഇന്ത്യക്ക് സാധിക്കും.
250-270നുള്ളില്‍ വിജയ ലക്ഷ്യം ഇന്ത്യക്ക് നല്‍കാനാണ് സാധ്യത'-സുമിത് ബജാജ് പറഞ്ഞു. ഈ പ്രവചനം ഫലിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണ ശക്തമായ താരനിരയാണ് ഇന്ത്യക്കുള്ളത്. ലീഗ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല. എല്ലാ മത്സരത്തിലും സര്‍വാധിപത്യ ജയമാണ് ഇന്ത്യ നേടിയത്. ലീഗ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ആത്മവിശ്വാസമേറെ.

എന്നാല്‍ ഇന്ത്യയെയാണ് ഫേവറേറ്റുകളായി എല്ലാവരും വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദം ഇന്ത്യക്ക് മുകളിലുണ്ടാവുമെന്നുറപ്പ്. ഇതുവരെ നോക്കൗട്ടില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ലെന്നത് ഇന്ത്യയുടെ ചങ്കിടിപ്പുയര്‍ത്തും. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡ് നിസാരക്കാരുടെ നിരയല്ല. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങള്‍ ന്യൂസീലന്‍ഡിനൊപ്പമുണ്ട്. കിവീസിന്റെ മിക്ക ബൗളര്‍മാരും ഐപിഎല്ലില്‍ കളിച്ചിട്ടുള്ളവരാണ്.
ട്രന്റ് ബോള്‍ട്ടും ടിം സൗത്തിയും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ മുംബൈയിലെ പിച്ചില്‍ നല്ല അനുഭവസമ്പത്തുണ്ട്. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറുമോയെന്നതാണ് അറിയേണ്ടത്. ഇന്ത്യയുടെ തുടക്കം പിഴച്ചാല്‍ കാര്യങ്ങള്‍ പ്രയാസമാവും. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും അടിത്തറ പാകി നല്‍കിയാല്‍ പിന്നാലെ കത്തിക്കയറാന്‍ താരങ്ങളുണ്ട്. വിരാട് കോലിക്കൊപ്പം കെ എല്‍ രാഹുലും ശ്രേയസ് അയ്യരും മികച്ച ഫോമിലാണ്.
ബൗളിങ് നിരയില്‍ ലീഗ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ മുഹമ്മദ് ഷമിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. നെതര്‍ലന്‍ഡ്‌സിനെതിരേ ഷമിക്ക് വിക്കറ്റ് നേടാനായിരുന്നില്ല. എന്നാല്‍ സെമിയില്‍ ഇന്ത്യ ഷമിയില്‍ വലിയ പ്രതീക്ഷ വെക്കുന്നു. ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ത്തന്നെ സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍ പിന്നാലെ എത്തുന്നവരും ഇതേ സമ്മര്‍ദ്ദം നിലനിര്‍ത്തുന്നു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്‍ നിരയിലും മികവ് കാട്ടുന്നു.
എന്നാല്‍ സെമിയില്‍ ഭാഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യ പലപ്പോഴും മികച്ച പ്രകടനം നടത്തി സെമിയിലെത്താറുണ്ടെങ്കിലും ഈ കടമ്പ കടക്കുകയാണ് വളരെ പ്രയാസം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഇത്തവണയും കാര്യങ്ങള്‍ എളുപ്പമാവില്ല. രോഹിത് ശര്‍മയെന്ന നായകന്‍ ഭാഗ്യത്തിന്റെ പിന്തുണ ഏറെയുള്ള താരമാണ്. സാഹചര്യത്തിനനുസരിച്ച് തന്ത്രം മെനയാനും മിടുക്കന്‍. അതുകൊണ്ടുതന്നെ ഇന്ത്യക്ക് പ്രതീക്ഷകള്‍ വാനോളമാണ്.